ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ മഹാദേവനു പരിശപ്പണം (സ്ത്രീധനം) സമര്‍പ്പിക്കാന്‍ ആലപ്പാട്ട് അരയപ്രമാണിമാര്‍ ശിവരാത്രി നാളിലെത്തും. ആണ്ടുതോറും നടത്തിവരുന്ന പ്രസിദ്ധമായ പരിശംവെപ്പു ചടങ്ങ് ഇപ്രാവശ്യം മാര്‍ച്ച് ഒന്നിനാണ്. 1817-ാം വര്‍ഷത്തെ പരിശം വെപ്പാണ് ഇത്തവണ നടക്കുന്നത്. അഴീക്കല്‍ പൂക്കോട് കരയോഗത്തിനും വ്യാസവിലാസം കരയോഗത്തിനുമാണ് ഇത്തവണത്തെ പരിശം വെക്കാന്‍ അവകാശം.
രാവിലെ ആറിന് അഴീക്കല്‍ പൂക്കോട്ട് ദേവീക്ഷേത്രത്തില്‍നിന്നു പരിശംവെപ്പു ഘോഷയാത്ര ആരംഭിക്കും. 29 ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര വൈകീട്ട് ആറിനു ചെങ്ങന്നൂര്‍ മഹാദേവക്ഷേത്ര കിഴക്കേനടയില്‍ എത്തിച്ചേരും. ദേവസ്വം അധികാരികളും ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും ചേര്‍ന്നു സ്വീകരിക്കും.
വൈകിട്ട് ഏഴിനു നടത്തുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. അഴീക്കല്‍ പൂക്കോട് കരയോഗം പ്രസിഡന്റ് ജെ. വിശ്വംഭരന് അധ്യക്ഷനാകും. സി.ആര്. മഹേഷ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. രാത്രി 9.30-നു ഭക്തിഗാന സുധ. പുലര്‍ച്ചേ ഒന്നുമുതല്‍ പരിശംവെപ്പു ചടങ്ങുകള്‍ ആരംഭിക്കും.പരമശിവനും പാര്‍വതീദേവിയും രണ്ട് ആനപ്പുറത്തേറി എഴുന്നള്ളി ആറു പ്രദക്ഷണത്തിനുശേഷം ഏഴാമത്തെ പ്രദക്ഷിണത്തിനു കിഴക്കേ ആനക്കൊട്ടിലില്‍ എത്തും.
തെക്കേ കളത്തടിയില്‍ പരിശവുമായി ഇരിക്കുന്ന അരയന്മാര്ക്കു ദര്‍ശനം കൊടുക്കുകയും നിറപറ സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്നു ദേവസ്വം അധികാരികള്‍ ആലപ്പാട്ട് അരയനെ ആചാരപ്രകാരം സ്വീകരിച്ചാനയിക്കും. അരയന് ദേവീദേവന്മാരുടെ മുന്പില് മെത്തപ്പായില്‍ വിരിച്ച ഇലമേല്‍ വെള്ളിക്കുടത്തില്‍ പരിശംവെപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: