കീവ്: ഉക്രൈനെതിരായ യുദ്ധത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച പുടിന് വേണ്ടി അപകടകാരികളായ ചെചെന്‍ സേനയും യുദ്ധരംഗത്തെത്തി. ഉക്രൈന് സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചെച്നിയന്‍ പ്രസിഡന്റ് റംസാന് കാഡിറോവ് പറഞ്ഞു.
പുടിന്റെ അനുയായിയായ റംസാന് കാഡിറോവ് ഏവരും ഭയപ്പെടുന്ന ഏകാധിപതിയാണ്. പുടിന്റെ ശുത്രക്കളെയടക്കം ഒട്ടേറെപ്പേരെ വധിച്ച ചരിത്രവുമുണ്ട്. ചെചെന്‍ പോരാളികളെ ഉക്രൈനില്‍ വിന്യസിച്ചിരിക്കുന്നതിനര്‍ത്ഥം കീവ് പിടിക്കാനും ഇപ്പോഴത്തെ ഉക്രൈന് സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള ശ്രമം പുടിന് ശക്തമാക്കിയെന്നാണ്. പുടിന്റെ കാലാള്‍പ്പടയെന്നാണ് ചെചന്‍ സേന അറിയപ്പെടുന്നത്.
കുറഞ്ഞ ആള്‍നാശം വരുത്തി ഉക്രൈന് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും നീക്കുക എന്ന ലക്ഷ്യമാണ് റഷ്യയ്ക്കുള്ളത്. ‘തങ്ങളുടെ സേനയ്ക്ക് ആള്‍നാശം പോയിട്ട് ജലദോഷം പോലും ഉണ്ടായിട്ടില്ല’- ഉക്രൈന് സേന റഷ്യന്‍ സൈന്യത്തിന് വന്‍ ആള്‍നാശമുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് തള്ളി കാഡിറോവ് പറഞ്ഞു. 3500 റഷ്യന്‍ പട്ടാളക്കാരെ വധിച്ചതായി ഉക്രൈന് അവകാശപ്പെട്ടിരുന്നു.
നേരത്തെ സിറിയയിലും ജോര്‍ജ്ജിയയിലും റഷ്യയ്ക്ക് വേണ്ടി ചെചന്‍ സേന ഇറങ്ങിയിട്ടുണ്ട്. ഏകദേശം 12000 സൈനികരെ ഇവിടെ വിന്യസിച്ചതായി പറയുന്നു. സോവിയറ്റ് യൂണിയനില്‍ നിന്നും അടര്‍ന്നുപോയ ചെച്നിയയെ റഷ്യയോട് ചേര്‍ക്കാന്‍ രണ്ട് യുദ്ധങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ ചെച്നിയയ്ക്ക് കൂടുതല്‍ അധികാരങ്ങളും പണവും നല്കി റഷ്യയുടെ വിശ്വസ്തരാക്കി വെച്ചിരിക്കുകയാണ് പുടിന്.
കീവ് ഇപ്പോഴും കീഴടങ്ങിയിട്ടില്ലെന്ന് ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കി പറയുന്നു. എന്നാല്‍ കീവ് പിടിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. അതിനിടെ അഭയാര്‍ത്ഥി പ്രവാഹം കൂടുകയാണ്. ഏകദേശം 1.2 ലക്ഷം അഭയാര്‍ത്ഥികള്‍ ഉക്രൈനില്‍ നിന്നും പലായനം ചെയ്തതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: