ബെംഗളൂരു: ഹിജാബ് കേസിലെ ഹൈക്കോടതി നടപടികളുടെ തത്സമയ സംപ്രേഷണം നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജിക്കാര്‍. സംപ്രേഷണം വിപരീത ഫലമുണ്ടാക്കുന്നുണ്ടെന്നും സമൂഹത്തില്‍ അസ്വസ്ഥതകള്‍ വിതയ്ക്കുന്നുവെന്നുമാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന് പ്രൊഫ.രവി വര്‍മ്മ കുമാര്‍ വാദിച്ചു. എന്നാല്‍ അത് സാധിക്കില്ലെന്നും ഹര്‍ജിക്കാരുടെ നിലപാട് എന്താണെന്ന് ജനങ്ങള്‍ ശരിക്കും കേള്‍ക്കട്ടെയെന്നും ഹൈക്കോടതി വിശാല ബെഞ്ച് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വാദം കേട്ട ഹൈക്കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് തുടര്‍വാദം കേള്‍ക്കുമെന്ന് അറിയിച്ചു. ചീഫ് ജസ്റ്റിസ് റിതു രാജ്, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ.എം.ഖാസി എന്നിവരുടെ മൂന്നംഗ വിശാലബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഹിജാബ് ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി പറഞ്ഞു. അതിനാല്‍ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25-ാം വകുപ്പിന്റെ ന്റെ ലംഘനമല്ല. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് ഭരണഘടനാപരമായ അവകാശത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
മതവസ്ത്രങ്ങള്‍ വിലക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ രേഖാമൂലം അപേക്ഷ തന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാനാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: