കാഞ്ഞങ്ങാട്: കാസര്‍കോട്, കാഞ്ഞങ്ങാട് ദേശീയപാത വഴി രാവിലേയും വൈകുന്നേരവും യാത്രക്ലേശം രൂക്ഷമാവുന്നു. മണിക്കൂറുകള്‍ കാത്ത് നിന്നാല്‍ പോലും ഒരു കെഎസ്ആര്‍ടിസി ബസ് കാണാന്‍ കിട്ടില്ല. രാവിലെ എട്ട് മണി മുതല്‍ ഒമ്പത് മണി വരെയുള്ള സമയത്താണ് യാത്ര ദുസ്സഹമായ അനുഭവപ്പെടുന്നത്.
മാവുങ്കാല്‍ ജംഗ്ഷനില്‍ ഈ സമയത്ത് ഇരുന്നൂറിലധികം യാത്രക്കാരുണ്ടാവും ദേശീപാത വഴിയുള്ള ബസും കാത്ത്. ജോലിക്ക് പോകുന്ന തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികളും തുടങ്ങി നൂറുകണക്കിന് പേരാണ് ദേശീയ പാതയോരത്ത് രാവിലെ മുതല്‍ ബസിനേയും കാത്തിരിക്കുന്നത്. പല ദിവസങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഇടപെടുന്ന സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. ഇതേ സമയം കെഎസ്ടിപി വഴി ബസുകള്‍ യഥേഷ്ടം ഓടുന്നു.
ലോക് ഡൗണിന് മുമ്പെ അത്യാവശ്യത്തിന് സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നാമമാത്രമായ ബസുകള്‍ മാത്രമാണ് ദേശീയപാത വഴി ഓടികൊണ്ടിരിക്കുന്നത്. വൈകുന്നേരവും ഇതേ സ്ഥിതിയാണ്. രാത്രിയായാല്‍ സ്ഥിതി ഇതിനേക്കാള്‍ ഭയാനകവും. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് കെഎസ്ടിപി റോഡ് വഴി 9 മണികഴിഞ്ഞാല്‍ ബസില്ല.
ദേശീയപാത വഴി ഏഴ് മണികഴിഞ്ഞാല്‍ തന്നെ വല്ലപ്പോഴും വന്നുപോകുന്ന ടൗണ്‍ ടു ടൗണ്‍ ബസ് മാത്രം. എട്ട് മണികഴിഞ്ഞാല്‍ മാത്രമേ സാധാരണ സ്റ്റോപ്പുകളില്‍ ഈ ബസ് നിര്‍ത്തുകയുള്ളു. മാത്രമല്ല ടിക്കറ്റില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തിനാല്‍ സ്റ്റേജ് കണക്കാക്കിയുള്ള അധികം പൈസ കൊടുത്ത് യാത്ര ചെയ്യേണ്ട ദുരവസ്ഥയും സാധാരണക്കാരനായ യാത്രക്കാരനെ ബാധിക്കുന്നു.
8 മണിക്ക് ശേഷം ഓഡിനറി ബസുകള്‍ സര്‍വ്വീസ് നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ കെഎസ്ആര്‍ടിസി അധികൃതര്‍ പരിഗണിച്ചിട്ടില്ല. ദേശീയപാത നവീകരണവും യാത്രക്കാരെ സാരമായി ബാധിക്കുന്നുണ്ട്. മഴ മാറിയതും ദേശീയ പാത വികസനവും കാരണം ഇതുവഴിയുള്ള യാത്ര ദുസ്സഹമാകുന്നു.
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പൊടിശല്യവും രൂക്ഷമാണ്. ദേശീയ പാതയോരങ്ങളിലെ മരങ്ങള്‍ വെട്ടിമുറിച്ചതാണ് പൊടിശല്യം ഇത്രയ്ക്ക് രൂക്ഷമാകാന്‍ ഇടയാക്കിയത്. പാതയോരത്ത് മാലിന്യം കൊണ്ട് തള്ളുന്നതും ദുര്‍ഗന്ധം രൂക്ഷമാക്കുന്നു. മീന്‍ വണ്ടികളാണ് മറ്റൊരു കാരണം. വണ്ടികളിലെ മലിന ജലം റോഡില്‍ ഒഴുക്കി കൊണ്ടുള്ള ഓട്ടം ദുര്‍ഗന്ധത്തിന് പുറമേ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു.
അറവ് ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് റോഡരികില്‍ വലിച്ചെറിയുന്നത് തെരുവ് പട്ടികളുടെ വളര്‍ച്ചയ്ക്കും ഇത് കരാണമാകുന്നുണ്ട്. ബസ് യാത്രാ നിരക്കിലും വലിയ വര്‍ദ്ധനവ് ഉണ്ടായതും സാധാരണക്കാന് ഇരുട്ടടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: