മലപ്പുറം: 32 വര്‍ഷത്തിന് ശേഷം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല പുരുഷ വോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് . ഐബിന്‍ ജോസ്, അശ്വിന് രാഗ്, നിസാം, ദീക്ഷിത് എന്നിവരുടെ മിന്നും പ്രകടനമാണ് കാലിക്കറ്റിന് കിരീടം സമ്മാനിച്ചത്. ഫെനലില്‍ കുരുക്ഷേത്ര സര്‍വകലാശാലയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു . ചെന്നൈയിലെ എസ്ആര്‍എം സര്‍വകലാശാലയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് കാലിക്കറ്റ് ഫൈനലില്‍ കടന്നത്. 1989 ല്‍ കോട്ടയത്ത് നടന്ന ടൂര്‍ണമെന്റിലാണ് ഇതിന് മുമ്പ് കാലിക്കറ്റ് കിരീടം നേടിയത്.
ക്യാപ്റ്റന്‍ ജോണ്‍ ജോസഫുള്‍പ്പെടെ അഞ്ചുപേര്‍ കോഴിക്കോട് ദേവഗിരി കോളേജിന്റെ താരങ്ങളാണ്. ചേളന്നൂര്‍ എസ്എന്‍ കോളേജില്‍ നിന്നുള്ള റോണി സെബാസ്റ്റ്യന്‍ കൂടിയാകുന്നതോടെ കോഴിക്കോട് ജില്ലയുടെ വിഹിതം ആറായി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ കെ.കെ. ദില്ഷിനായിരുന്നു ടീമില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏകതാരം.
ഫൈനലിലുള്‍പ്പെടെ മിന്നിത്തിളങ്ങിയ ഐബിന്‍ ജോസ് കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജിന്റെ താരമാണ്. തൃശൂര്‍ സ്വദേശിയും കോഴിക്കോട് സായിയിലെ പരിശീലകനുമായ ലിജോ ജോണാണ് ടീമിന്റെ കോച്ച്. 2012 മുതല്‍ ഇദ്ദേഹമാണ് കാലിക്കറ്റിന്റെ പരിശീലകന്. ലിജോയുടെ കീഴില്‍ നേരത്തേ രണ്ടുതവണ ടീം ഫൈനലിലെത്തിയിട്ടുണ്ട്. എന്നാല്‍ കിരീടം നേടാനായത് ഇത്തവണ മാത്രം.
ടീം: ജോണ്‍ ജോസഫ്, നിസാം, ദീക്ഷിത്, അമല്‍ ആനന്ദ്(സെന്റ് ജോസഫ് ദേവഗിരി), ജെനിന്, നാസിഫ്(ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), അശ്വിന് രാഗ്, ജിഷ്ണു(സഹൃദയ കോളേജ്, കൊടകര), റോണി സെബാസ്റ്റ്യന്‍(എസ്എന്‍ കോളേജ് ചേളന്നൂര്‍), ഐബിന്‍ ജോസ് (അസ്മാബി കോളേജ് കൊടുങ്ങല്ലൂര്‍), കെ.കെ. ദില്ഷന് (ഇഎംഇഎ കോളേജ്, കൊണ്ടോട്ടി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: