അടൂര്‍: സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ മുന്‍ ഡ്രൈവറും സിപിഎം സജീവ പ്രവര്‍ത്തകനുമായ നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. പഴകുളം പന്ത്രാകുഴിയില്‍ അബ്ദുള്‍ റഹ്മാന്, സഹോദരന് അബ്ദുള്‍ സമദ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇന്റര്‍പോള്‍ നിര്‍ദേശപ്രകാരം 10 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ നടന്ന കുറ്റകൃത്യത്തില്‍ മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധനയെന്നാണ് പ്രാഥമിക വിവരം. ഇരുവരും സജീവ സിപിഎം പ്രവര്‍ത്തകരും അടൂരില്‍ നിന്നുളള സിപിഎം നേതാക്കളുടെ വിശ്വസ്തരുമാണ്.
2012 കാലഘട്ടത്തില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന ഇരുവരും അവിടെ വച്ച് ഒരു വഞ്ചനാ കേസില്‍ പ്രതികളായിരുന്നുവെന്ന് പറയപ്പെടുന്നു. കൊലക്കേസിലും ഉള്‍പ്പെട്ടതായി സംശയിക്കുന്നു. സൗദിയില്‍ കേസില്‍ അകപ്പെട്ട ഇരുവരും വിമാനത്തിന് പകരം കപ്പലിലാണ് നാട്ടിലേക്ക് തിരിച്ചു വന്നതത്രെ. ഇവരുടെ പാസ്പോര്‍ട്ടോ വിസയോ സ്റ്റാമ്പ് ചെയ്യാതെയായിരുന്നു മടങ്ങി വരവ്. സൗദി അറേബ്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഇന്റര്‍പോള്‍ ഏറ്റെടുക്കുകയും സിബിഐക്ക് കൈമാറുകയുമായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെ ഇരുവരുടെയും വീടുകളില്‍ റെയ്ഡിന് എത്തിയത്.
റെയ്ഡ് വിവരം അറിഞ്ഞ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ഏരിയാ സെക്രട്ടറിയും അടൂര്‍ ഡിവൈഎസ്പിയെ ബന്ധപ്പെട്ടപ്പോഴാണ് റെയ്ഡ് ഉന്നതങ്ങളില്‍ നിന്നാണെന്ന് മനസിലായത്. ഇതോടെ നേതാക്കള്‍ മാളത്തിലൊളിച്ചു. സൗദിയില്‍ നിന്നും വളഞ്ഞ വഴിയില്‍ നാട്ടിലെത്തിയ അബ്ദുള്‍ റഹ്മാന് പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ ഡ്രൈവറായി. കോന്നി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അയല്‍വാസിയായ വീട്ടമ്മയുമായി ഇയാള്‍ ഒളിച്ചോടിയത് പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു. ഇതേ വീട്ടമ്മ തന്നെ പിന്നീട് ഇയാള്‍ക്കെതിരേ പീഡന പരാതി നല്‍കിയിരുന്നു. അബ്ദുള്‍ റഹ്മാനെ ഈ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും പോലീസ് കേസ് വളച്ചൊടിച്ചുവെന്ന് പരാതിക്കാരി പറയുന്നു. ഇയാളുടെ സഹോദരന് അബ്ദുള്‍ സമദ് സിപിഎമ്മിന്റെ നൂറനാട് പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ വാഹനം ഓടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: