ജിജേഷ് ചുഴലി
കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമനായി സ്വയം പ്രവര്‍ത്തിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയ്യുന്നതെല്ലാം വിവാദമാകുന്നു. പാര്‍ട്ടി അണികളില്‍നിന്നും നേതാക്കളില്‍നിന്നും വിമര്‍ശനം ഏല്ക്കേണ്ടിവരുന്ന മന്ത്രി റിയാസിന് ഇതെല്ലാം വിനയാകുകയാണ്.
പൊതുമരാമത്ത്, ടൂറിസം വകുപ്പുകളാണ് മന്ത്രിക്ക്. പക്ഷേ, മന്ത്രിസഭയിലെ രണ്ടാമന് ചമയാന്‍ പ്രചാരണം കിട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയും എല്ലാറ്റിലും അഭിപ്രായം പറഞ്ഞും പറയരുതാത്തത് പറഞ്ഞും മന്ത്രി അബദ്ധത്തിലാകുകയാണ്. മുഖ്യമന്ത്രിയുടെ പിന്‍ഗാമി എന്ന് പാര്‍ട്ടി ചിലരെക്കൊണ്ട് വിശേഷിപ്പിക്കുന്ന അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന വികസന പദ്ധതികളെല്ലാം പാര്‍ട്ടിക്കാര്‍ക്കിടയിലും പൊതുജനങ്ങളിലും അവമതിപ്പ് സൃഷ്ടിക്കുകയാണ്.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്താനും റോഡുകളുടെ ശോച്യാവസ്ഥാ വകുപ്പ് മേധാവി വഴിയല്ലാതെ മന്ത്രിയെ നേരിട്ട് അറിയിക്കാനും ആപ്പ് തുടങ്ങിയായിരുന്നു മന്ത്രിയുടെ ആദ്യ പദ്ധതി. അത് നേരാംവണ്ണമായില്ല. കുണ്ടും കുഴിയുമായി കിടക്കുന്ന നിരവധി റോഡുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. റോഡ് പരിപാലനത്തിന്റെ ഉത്തരവാദിത്വം കൈയൊഴിഞ്ഞ് റിയാസ് നല്കിയ വിശദീകരണം സര്‍ക്കാരിനാകെ അപമാനകരമായി. കഴിഞ്ഞ ദിവസം കോഴിക്കോട് കാരന്തൂര്‍ – മെഡിക്കല്‍ കോളജ് റോഡില്‍ മായനാട് ഒഴുക്കര അങ്ങാടിയോട് ചേര്‍ന്ന ഭാഗത്ത് തകരാറില്ലാത്ത റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം കരാറുകാരന് ടാറിങ് നടത്തി. നാട്ടുകാര്‍ തടഞ്ഞപ്പോള്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറെയും ഓവര്‍സിയറെയും സസ്പെന്‍ഡ് ചെയ്തു. ഇത് നാടകമായിരുന്നുവെന്ന് പരസ്യമായി.
ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കാനിരുന്ന ഫുഡ് സ്ട്രീറ്റിനെതിരെ സിഐടിയുവാണ് പ്രതിഷേധത്തിന് മുന്നില്‍.
സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ സാധാരണക്കാര്‍ക്കും ഉപയോഗിക്കാന്‍ എന്നതായിരുന്നു അടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ റസ്റ്റു ഹൗസുകളില്‍ മിന്നല്‍ പരിശോധന പരിപാടി നടത്തിയിരുന്നു. വടകര റസ്റ്റ്ഹൗസില്‍ നടന്ന പരിശോധനയില്‍ മദ്യക്കുപ്പി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സസ്പന്‍ഡ് ചെയ്ത ജീവനക്കാരെ തക്ക കാരണമില്ലാതെ തിരിച്ചെടുത്തു. ഏറ്റവും ഒടുവില്‍ റിയാസ് മുന്‍കൈ എടുത്ത് നടത്തിയ കോഴിക്കോട് കെഎസ്ആര്‍ടിസി സ്വകാര്യ ഏജന്‍സിക്ക് കൈമാറിയ നടപടിയും തുടര്‍ സംഭവങ്ങളും മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. യുവ മന്ത്രി, ഊര്‍ജസ്വല മന്ത്രി, ഭാവി മുഖ്യമന്ത്രി തുടങ്ങിയ വിശേഷണങ്ങളില്‍ തുടങ്ങിയ മന്ത്രി, ഇപ്പോള്‍ മരുമകന് മന്ത്രിയെന്ന പേരിലാണ് പാര്‍ട്ടി അണികള്‍ക്കിടയിലും വിമര്‍ശിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: