തിരുവനന്തപുരം:നൂറ്റിയേഴാം വയസിലും ഗാന്ധിമന്ത്രം ജീവമന്ത്രമാക്കിയായിരുന്നു അനന്തപുരിയുടെ കാരണവര്‍ അഡ്വ.കെ.അയ്യപ്പന് പിള്ള ജീവിച്ചു തീര്‍ത്തത്. അടിപതറാത്ത ആദര്‍ശം, ഗാന്ധി മാര്‍ഗ്ഗം ജീവിതത്തിലുടനീളം പിന്തുടരുന്ന മഹാത്മാവ്. വഴുതക്കാട്ടെ വസതിയില്‍ സദാ പുഞ്ചിരി തൂകിയിരിക്കുന്ന അഡ്വ. അയ്യപ്പന് പിള്ള ഗാന്ധിമന്ത്രം ജീവമന്ത്രമാക്കിയ ഒരു പാഠപുസ്തകം തന്നെയായിരുന്നു. തലമുറകള്‍ക്ക് വായിച്ചു പഠിക്കാവുന്ന നല്ല പുസ്തകം.
കുട്ടിക്കാലത്ത് മനസില്‍ പതിഞ്ഞ ഗാന്ധിയെന്ന രണ്ടക്ഷരത്തെ ഹൃദയത്തില്‍ സൂക്ഷിച്ച മനുഷ്യന്. ജീവിതത്തിലുടനീളം ത്യാഗമനസ്കതയും ലളിത ജീവിതവും പിന്തുടരാന് അദ്ദേഹത്തിന് പ്രചോദനമായതും ഗാന്ധിജി തന്നെ. 1934ല്‍ മലബാറില്‍ നിന്നും ഹരിജനയാത്രയുമായി തലസ്ഥാനത്ത് വന്നപ്പോഴാണ് അയ്യപ്പന് പിള്ള ഗാന്ധിജിയെ ആദ്യം കണ്ടത്. അധികമാര്‍ക്കും കിട്ടാത്ത ആ വലിയഭാഗ്യം തന്നെയായിരുന്നു അയ്യപ്പന് പിള്ളയുടെ മനസില്‍ നിറയെ.
വിശ്രമജീവിതത്തിലായിരുന്ന അയ്യപ്പന് പിള്ളയെന്ന വന്ദ്യവയോധികനെ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലഫോണില്‍ വിളിച്ച് സൗഹൃദം പുതുക്കിയപ്പോള്‍ ആ മനസ് ഒരുപാട് സന്തോഷിച്ചു. അതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അന്നദ്ദേഹം പറഞ്ഞതിങ്ങനെ…’ ദേശസ്നേഹിയാണ് എന്റെ പ്രധാനമന്ത്രി.. ലോകം ആരാധിക്കുന്ന ആ വലിയ മനുഷ്യന് എന്നെ മറന്നില്ല. ഒത്തിരി സന്തോഷം…’. വാക്കിലും നടപ്പിലും പ്രവര്‍ത്തിയിലുമെല്ലാം വിനയമായിരുന്നു അയ്യപ്പന് പിള്ളയുടെ അടയാളം. സ്വതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലൂടെ നടന്നു കയറി, ദേശീയതയുടെ സ്പന്ദിക്കുന്ന ആള്‍രൂപമായി മാറിയ ആ മഹാനുഭാവന് ഇനി ഓര്‍മ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: