ന്യൂദല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് 2022ല്‍ നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് പഞ്ചാബിലെ ബിജെപി ചുമതലയുള്ള നേതാവ് ഗജേന്ദ്ര ഷെഖാവത്ത് വ്യക്തമാക്കി. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഗജേന്ദ്ര ഷെഖാവത്തിന്റെ ഈ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസ് വിട്ടശേഷം അമരീന്ദര്‍ സിങ് രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസിനു പുറമെ സുഖ്ദേവ് എസ് ദിന്‍സയുടെ ശിരോമണി അകാലി ദള്‍ (എസ് എഡി) സംയുക്ത് എന്ന പാര്‍ട്ടിയും സഖ്യത്തിന്റെ ഭാഗമായിരിക്കുമെന്നും ഷെഖാവത്ത് പറഞ്ഞു. ഈ മൂന്ന് പാര്‍ട്ടികളുമായി ചേര്‍ന്ന് സംയുക്തമായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുമെന്ന് ബിജെപി നേതാവ് ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും ബിജെപി നേതാവ് ഗജേന്ദ്ര ഷെഖാവത്തും എസ് എഡി (സംയുക്ത്) നേതാവ് സുഖ്ദേവ് എസ് ദിന്സയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഓരോ പാര്‍ട്ടിയിലെയും രണ്ട് വീതം നേതാക്കളെ ഉള്‍പ്പെടുത്തി ഒരു സംയുക്തസമിതി ഉണ്ടാക്കുമെന്നും ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞു.
പഞ്ചതലയുദ്ധമായിരിക്കും ഇക്കുറി പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കുകയെന്നാണ് ബിജെപി വിശ്വസിക്കുന്നത്. ബിജെപി സഖ്യത്തിന് പുറമെ ബിജെപി, സുഖ്ബീര്‍ സിങ് ബാദലിന്റെ ശിരോമണി അകാലിദള്‍, ആംആദ്മി എന്നീപാര്‍ട്ടികളാണ് മറ്റ് പ്രധാന ശക്തികള്‍. ഒപ്പം കര്‍ഷകരുടെ ചില സംഘടനകളും മത്സരരംഗത്തുണ്ടാകുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: