സിദ്ധാര്‍ഥ് കാര്‍ത്തി
കോവിഡിന് ശേഷം തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ ചിത്രമാണ് ‘അജഗജാന്തരം’. സാങ്കേതിക വിദ്യകള്‍ കൃത്യമായി ഉപയോഗിച്ച് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേ വരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഫെസ്റ്റുവല്‍ മൂഡ് ചിത്രമെന്നും ടിനു പാപ്പച്ചന്റെ അജഗജാന്തരത്തെ വിശേഷിപ്പിക്കാം. ഉത്സവപ്പറമ്പിലേയ്ക്ക് ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നു… തുടര്‍ന്ന് അമ്പലപ്പറിമ്പില് ഒരു ദിവസം നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ കൂട്ടിയിണക്കി ചേര്‍ത്തതാണ് സിനിമയുടെ പ്രമേയം. സിനിമയ്ക്ക് പറയത്തക്ക കഥയും തിരക്കഥയും ഒന്നുമില്ല. ഇതിലെ കഥാപാത്രങ്ങള്‍ ആരെല്ലാമാണെന്നോ. ഇവരുടെ പശ്ചാത്തലം എന്തെന്നോ സിനിമയില്‍ പറയുന്നില്ല. പൂരപ്പറമ്പില്‍ ഒത്തുകൂടിയ ജനസാഗരം… അവരുടെ പ്രതികാരം… പിന്നെ വെടിക്കെട്ട് തല്ല് ഇതാണ് രണ്ടു മണിക്കൂര്‍ സിനിമ..
ഒരു ചെറുതീപ്പൊരി മതി നാടുകത്തിക്കാന്‍… അതു പോലെ തന്നെ ചെറിയൊരു തര്‍ക്കം മതി ഉത്സവപറമ്പില്‍ കൂട്ടത്തല്ല് ഉണ്ടാവാന്‍. ആ കൂട്ടത്തല്ലിന് തുടര്‍ച്ച ഉണ്ടായാല്‍ പൂരംവരെ കുളമാകും. പേരില്‍ പറയുന്നതു പോലെ തന്നെ ഒരു ആനയുടെ കഥകൂടിയാണ് ഇത്. ആനയെ ചൊല്ലിയുള്ള തര്‍ക്കമാണ് അവസാനം കൂട്ടത്തല്ലില്‍ കലാശിക്കുന്നത്.
ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്ന ആന പാപ്പാനായ ലാലിയെന്ന കേന്ദ്ര കഥാപാത്രത്തിന് ചുറ്റുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒന്നു പറഞ്ഞ് രണ്ടാമത് ചോദ്യവും പറച്ചിലുമില്ലാതെ ആരെയും തല്ലുന്ന സ്വഭാവമുള്ളയാളാണ് ലാലി. ലാലിയുടെ കൂട്ടുകാരനാണ് പാപ്പാന് അമ്പി (കിച്ചു ടെല്ലസ്). ഇവര്‍ രണ്ടു പേരും ആനയുമായി ആറഞാലി എന്ന ഗ്രാമത്തിലെ അമ്പലത്തില്‍ ഉത്സവത്തിന് എത്തുന്നു. ഉത്സവത്തിന്റെ ആദ്യദിനം തന്നെ ഇവര്‍ നാട്ടിലെ അലമ്പ് ഗ്യാങ്ങുമായി ഉടക്കുന്നു. ഈ ഉടക്ക് മുറുകി മുറുകി കൂട്ടത്തല്ലാകുന്നു. ഒടുവില്‍ നാട്ടിലെ അലമ്പ് ടീമിന്റെ ക്യാപ്റ്റന്‍ കണ്ണനും ലാലിയും തമ്മിലുള്ള സംഘടന രംഗങ്ങളാണ് സിനിമ പറയുന്നത്.
ഇതിനിടയിലേക്ക് കച്ചംബര്‍ ദാസനെന്ന കുപ്രസിദ്ധ ക്രിമിനലും, ഒരു നാടക സംഘവും കുറച്ചു പ്രശ്നക്കാരായ നാട്ടുകാരും കൂടി ചേര്‍ന്നതോടെ പൂരത്തിന്റെ ആദ്യദിനം അലമ്പായി മാറുകയാണ്. കണ്ണനെ അര്ജുന് അശോകനും, കച്ചംബര്‍ ദാസിനെ സാബുമോനും അമ്പലത്തിലെ അടിക്ക് തുടക്കമിടുന്ന പിണ്ടിയെ സുധി കോപ്പയുമാണ് അവതരിപ്പിക്കുന്നത്. ജാഫര്‍ ഇടുക്കി, ബിറ്റോ ഡേവിസ്, വിജിലേഷ്, ചെമ്പന്‍ വിനോദ് ജോസ്, രാജേഷ് ശര്‍മ്മ, വിനീത് വിശ്വം,ശ്രീരഞ്ജിനി, ലുക്മാന്, എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
പതിഞ്ഞ താളത്തില്‍ ആരംഭിക്കുന്ന സിനിമ ഒരിക്കലും പ്രേക്ഷകനെ നിരാശനാക്കില്ല. ചെറിയൊരു കഥാ തന്തുവിനെ എങ്ങനെ രണ്ടുമണിക്കൂര്‍ സിനിമയാക്കാം എന്നതിനുള്ള ഉദാഹരണംകൂടിയാണ് സിനിമ. സിനിമ കണാന്‍ കയറുന്ന ഒരാളെപോലും ബോറടിപ്പിക്കില്ലെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സിനിമയുടെ ഫ്ളോ ആദ്യഅവസാനം ഒരിക്കലും വിട്ടുകളയുന്നില്ല. സംവിധായകനും തിരക്കഥാകൃത്തും അച്ചടക്കത്തോടെ തന്നെ സിനിമയെ സമീപിച്ചിട്ടുണ്ട്. മികച്ച ഫ്രെയ്മുകളാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. പൂരത്തിന്റെ രാത്രി ദൃശ്യങ്ങളും മികവാര്‍ന്ന രീതിയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. അമ്പലപ്പറമ്പ് മുതല്‍ ആനവരെയുള്ള വിഷ്വല്‍ ട്രീറ്റാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.
അവസാന 25 മിനിട്ടിലെ രംഗങ്ങളില്‍ നായകനൊപ്പം ആനയും സംഘടന രംഗങ്ങളില്‍ തകര്‍ത്ത് അഭിനയിക്കുന്നുണ്ട്. സിനിമയില്‍ നെയ്ശ്ശേരി പാര്‍ത്ഥനായി എത്തുന്ന നടയ്ക്കല്‍ ഉണ്ണികൃഷ്ണന് എന്ന ആനയാണ്. ആനയുടെ മസ്തകത്തില്‍ ചവുട്ടിയുള്ള സിക്സര്‍ കട്ട് സംഘര്‍ഷങ്ങള്‍ ഒക്കെ തിയറ്ററില്‍ ഓളപ്പൂരമാണ് തീര്‍ക്കുന്നത്.
കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഉത്സവങ്ങളെ സിനിമയില്‍ മോശമായി ചിത്രീകരിക്കുന്നുണ്ട്. ഗരുഡന് കളിക്കാരനെ മദ്യത്തില്‍ മുക്കുന്നതും. ഉത്സവപ്പറമ്പുകള്‍ സംഘട്ടനത്തിന്റെ അരങ്ങുകള്‍ ആണെന്നും വരുത്തിതീര്‍ക്കാന്‍ അജഗജാന്തരം ശ്രമിക്കുന്നു. സൗത്ത് ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം മറ്റൊരു സന്ദേശമാണ് കേരളത്തിന്റെ അഭിമാനമായ ഉത്സവങ്ങളെ കുറിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക. ഉത്രാളിക്കാവുമായി വളരെയധികം സാമ്യമുള്ള സെറ്റാണ് ആറഞാലി എന്ന പേരില്‍ ചിത്രീകരിച്ചിരിക്കുന്ന ഉത്സവപ്പറമ്പിന് ഇട്ടിരിക്കുന്നത്. ഇതുമാത്രമാണ് സിനിമയുടെ മോശം വശമായി എടുത്തു പറയാനുള്ളത്.
സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് തിരക്കഥ. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന് വര്‍ഗീസ്. വ്യത്യസ്ഥമായ മേക്കിങ്, കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍, മാസാക്കുന്ന പശ്ചാത്തല സംഗീതം എന്നിവ ആസ്വദിക്കാന്‍ തീയറ്റര്‍ ടിക്കറ്റ് എടുത്ത് തന്നെ കാണേണ്ട സിനിമയാണ് അജഗജാന്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: