പരവൂര്‍: പൊതുഗതാഗത സൗകര്യമില്ലാതെ വലഞ്ഞ് പൂതക്കുളം പഞ്ചായത്തിലെ ജനങ്ങള്‍. വിദ്യാര്‍ഥികളും രോഗികളും വിവിധ ആവശ്യങ്ങള്‍ക്കായി പരവൂര്‍, പാരിപ്പള്ളി, വര്‍ക്കല എന്നിവിടങ്ങളിലേക്ക് പോകുന്നവരുമെല്ലാം ദുരിതത്തിലാണ്.
കൊവിഡിനു മുമ്പ് കെഎസ്ആര്‍ടിസിയുടെയും സ്വകാര്യബസുകളുടെയും സര്‍വീസുകളാല്‍ സമ്പന്നമായിരുന്ന പൊതുഗതാഗത മേഖല ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ താറുമാറായി. നിയന്ത്രണങ്ങള്‍ ഒഴിവായി നാട് പഴയസ്ഥിതിയിലേക്ക് നീങ്ങിയിട്ടും ഗതാഗത സൗകര്യത്തിന്റെ കാര്യത്തില്‍ മാറ്റമുണ്ടായില്ല. ജനങ്ങള്‍ നടന്ന് വലയുകയാണ്. കോളേജുകളിലും സ്കൂളുകളിലും പോകുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും യാത്രാ സൗകര്യമില്ലാതെ ആശങ്കയിലാണ്. പൂതക്കുളം പഞ്ചായത്തിന്റെ ആസ്ഥാനം പാരിപ്പള്ളി-പരവൂര്‍ റോഡിലെങ്കിലും പഞ്ചായത്തിലെ മറ്റ് പ്രദേശവാസികള്‍ക്ക് പഞ്ചായത്ത് ആസ്ഥാനത്ത് എത്തണമെങ്കില്‍ സ്വകാര്യബസുകളെ തന്നെ ആശ്രയിക്കണം. കൂടാതെ വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളില്‍ എത്തണമെങ്കില്‍ അവരും ബസിനെ തന്നെ ആശ്രയിക്കണം. കൊവിഡിന് മുന്‍പ് ഉണ്ടായിരുന്ന സ്വകാര്യ ബസ് സര്‍വീസുകള്‍ ഭൂരിഭാഗവും ഇപ്പോഴില്ല.
കലയ്ക്കോട് നെല്ലെറ്റില് ഊന്നിന്മൂട് ഭാഗത്തുള്ളവര്‍ക്ക് പൂതക്കുളം പഞ്ചായത്ത് ഓഫീസില്‍ എത്തണമെങ്കില്‍ ഇപ്പോള്‍ ആട്ടോറിക്ഷയാണ് ആശ്രയം. നേരത്തേ കലയ്ക്കോട് നിന്നും നിരവധി ബസ് സര്‍വീസുണ്ടായിരുന്നു. കൊവിഡോടെ ഇത് നിലച്ചു. ഇപ്പോള്‍ ഒന്നോ രണ്ടോ സര്‍വീസാണുള്ളത്. നിലവില്‍ സ്വന്തമായി വാഹനങ്ങളുള്ളവര്‍ക്ക് മാത്രമേ പൂതക്കുളത്ത് നിന്നും പരവൂര്‍, പാരിപ്പള്ളി ഭാഗങ്ങളിലേക്ക് പോയി വരാനാകൂ എന്ന സ്ഥിതിയാണ്. കലയ്ക്കോട്, നെല്ലേറ്റില്‍, ഇടയാടി എന്നിവടങ്ങളില്‍ ഉള്ളവര്‍ക്ക് പൂതക്കുളത്തും പരവൂരും പോകണമെങ്കില്‍ ആട്ടോകളാണ് ആശ്രയം. നേരത്തേ ഈ റൂട്ടിലും കെഎസ്ആര്‍ടിസി ബസുകളുണ്ടായിരുന്നു.
ഒട്ടേറെ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒന്നുമില്ല. കൊവിഡ് വാക്സിനെടുക്കാന്‍ കലയ്ക്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തണമെങ്കില്‍ നരകയാതനയാണ്. വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം എങ്ങിനെ പരിഹരിക്കുമെന്ന് അറിയാതെ രക്ഷിതാക്കള്‍ പകച്ചുനില്‍ക്കുകയാണ്.
രാഖി (ഗ്രാമപഞ്ചായത്തംഗം, പൂതക്കുളം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: