ന്യൂയോര്‍ക്ക്: കേരളത്തിലും ബംഗാളിലും അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട്. ഭീകര വിരുദ്ധ പോരാട്ടത്തില്‍, ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന റിപ്പോര്‍ട്ടില്‍, ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജമാ അത്ത് ഉള് മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകള്‍ക്കെതിരേ ഇന്ത്യ നേട്ടം കൈവരിച്ചതായും സൂചിപ്പിക്കുന്നു. യുഎസ് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭീകര വിരുദ്ധ ബ്യൂറോ തയ്യാറാക്കിയ 2020ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍. റിപ്പോര്‍ട്ട് അമേരിക്ക പുറത്തുവിട്ടു.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 19 മുതല്‍ 26 വരെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അല്‍ഖ്വയ്ദ ബന്ധമുള്ള 10 ഭീകരരെ കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍ എന്‍ഐഎക്ക് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.
ഇന്ത്യയില്‍ നിന്നുള്ള 66 ഭീകരര്‍ വിദേശ രാജ്യങ്ങളിലെ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ (ഐഎസ്) പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ വരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്ത്യയില്‍ 34 ഭീകര പ്രവര്‍ത്തന കേസുകളാണ് അന്വേഷിച്ചത്. ഇവയെല്ലാം ഐഎസുമായി ബന്ധപ്പെട്ടവയാണ്. ഈ കേസുകളിലായി 160 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കെതിരേ പാകിസ്ഥാന് കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തനം ശക്തമായി തുടരുകയാണ്. ലഷ്കര്‍, ജെയ്ഷെ പോലുള്ളവയ്ക്കെതിരേ പാകിസ്ഥാന് നടപടിയെടുക്കുന്നില്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ മസൂദ് അസര്‍, സജീദ് മീര്‍ എന്നിവര്‍ ഇപ്പോഴും പാകിസ്ഥാനില്‍ തന്നെയുണ്ട്. ഭീകര സംഘടനകളെ കണ്ടെത്തുന്നതിലും അവയുടെ പ്രവര്‍ത്തനം തടയുന്നതിലും ഇന്ത്യ കാര്യമായ ശ്രമങ്ങളാണ് നടത്തുന്നത്. ബംഗ്ലാദേശ് അതിര്‍ത്തി വഴിയും ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനമുണ്ട്. കഴിഞ്ഞ വര്‍ഷം ജമാ അത്ത് ഉള് മുജാഹിദ്ദീന്‍ ബംഗ്ലാദേശിയുടെ രണ്ടാം കമാന്‍ഡര്‍ അബ്ദുള്‍ കരീമിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നതും മാവോയിസ്റ്റ്, ഖാലിസ്ഥാന്‍ ഭീകരരുടെ കാര്യവും യുഎസ് റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: