ന്യൂദല്‍ഹി : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 14 പേരുടെ ദാരുണ മരണത്തിനോടനുബന്ധിച്ച് കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം അടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതായി കേന്ദ്രമന്ത്രിമാരുടെ സംഘം. ദല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖരന്, മുന്‍ കേന്ദ്രമന്ത്രി രാജ്യ വര്ദ്ധന് സിങ് റാഥോഡ്, അപരാജിത സാരംഗി എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ സേവിച്ച ഈ സൈനികരെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ദല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രിമാരുടെ സംഘം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതില്‍ രാഷ്ട്രീയം കാണരുത്. ഇത്തരം രാഷ്ട്രീയ സംസ്കാരം ശരിയല്ല.
ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടിട്ടും പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ല. രാജ്യത്തിന്റെ ധീര സൈനികരെ അപമാനിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സ്വീകരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ മുമ്പ് നടത്തിയ പ്രസ്താവനകള്‍ സൈനികരെ അപമാനിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: