ബ്രിസ്ബന്‍: ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീപാറുന്ന ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റിങ്നിര തകര്‍ന്നു വീണു. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് കേവലം 147 റണ്‍സിന് ബാറ്റ് താഴ്ത്തി. പാറ്റ് കമ്മിന്‍സ് 13.1 ഓവറില്‍ 38 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ആഷസ് പരമ്പരയില്‍ 1982 നുശേഷം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ക്യാപ്റ്റനാണ് പാറ്റ് കമ്മിന്‍സ്. 1982 ല്‍ ഇംഗ്ലണ്ട് പേസര്‍ ബോബ് വില്ലിസാണ് ആഷസ് പരമ്പരയില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ക്യാപ്റ്റന്‍.
ടോസ് നേടി ബാറ്റിങ് ചെയ്ത ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റു നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സ് ക്ലീന്‍ ബൗള്‍ഡായി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിന് കരകയറാനായില്ല. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണു. ഒടുവില്‍ 147 റണ്‍സിന് എല്ലാവരും പുറത്തായി.
39 റണ്‍സ് നേടിയ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍. ഒലീ പോപ്പ് 35 റണ്‍സും ഓപ്പണര്‍ ഹസീബ് ഹമീദ് 25 റണ്‍സും നേടി. ക്രിസ് വോക്സ് 21 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ജോ റൂട്ട് പൂജ്യത്തിന് പുറത്തായി. ആദ്യ പന്തില്‍ തന്നെ വിക്കറ്റ് എടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് 12 ഓവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജോഷ് ഹെയ്സല്‍വുഡും രണ്ട് വിക്കറ്റ് വീഴ്ത്തി. 42 റണ്‍സാണ് വിട്ടുകൊടുത്തത്. ഇംഗ്ലണ്ട് ഓള്‍ഔട്ടായതിന് പിന്നാലെ ശക്തമായ മഴ പെയ്തതിനാല്‍ ആദ്യ ദിനത്തില്‍ നേരത്തെ കളി നിര്‍ത്തേണ്ടിവന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്: 50.1 ഓവറില്‍ 147 റണ്‍സ് ( ജോസ് ബട്ലര് 39, ഒലി പോപ്പ് 35, പാറ്റ് കമ്മിന്‍സ് 38-5)
പ്രതികരിക്കാൻ ഇവിടെ എഴുതുക: