വാഷിംഗ്ടണ്‍: ഉക്രൈയ്ന് അതിര്‍ത്തിയില്‍ ഒന്നേമുക്കാല്‍ ലക്ഷം സൈനികരെയും പീരങ്കിപ്പടയെയും വിന്യസിച്ച് റഷ്യ ആക്രമിക്കാന്‍ കോപ്പ് കൂട്ടുകയാണെന്ന റിപ്പോര്‍ട്ട് പ്രചരിക്കുന്നതോടെ ലോകശക്തികളായ റഷ്യയും അമേരിക്കയും വീണ്ടും ബലാബലത്തിനൊരുങ്ങുകയാണ്.
ഉക്രൈയ്നെ ആക്രമിച്ചാല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് താക്കീത് നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. റഷ്യയുടെ സമ്പദ്ഘടനയ്ക്ക് കടുത്ത ആഘാതം ഉണ്ടാക്കുന്ന ഉപരോധമായിരിക്കും ഇതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ‘ഇതിനെ ഒരു ഭീഷണി എന്ന് വിശേഷിപ്പിക്കാം. ഇതിനെ ഒരു വസ്തുത എന്നും വിളിക്കാം. ഇതിനെ തയ്യാറെടുപ്പ് എന്നും വിളിക്കാം. എന്ത് വേണമെങ്കിലും നിങ്ങള്‍ക്കിതിനെ വിളിക്കാം’ – ജെന്‍ സാകി പറഞ്ഞു.
ഇതോടെ നീണ്ട ഒരിടവേളക്ക് ശേഷം ലോകശക്തികളായ റഷ്യയും അമേരിക്കയും വീണ്ടും ബലാബലം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ആക്രമിച്ചാല്‍ കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ തിരിച്ചടിക്കുമെന്ന കാര്യം ജോ ബൈഡന് വ്ളാഡിമിര്‍ പുടിനെ വീഡിയോ കാള്‍ വഴി നേരിട്ടറിയിക്കും. ഇതിന് മുന്നോടിയായി ബൈഡന് സഖ്യകക്ഷികളായ യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യത്തിലെ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. പ്രസിഡന്റ് പദവിയിലിരുന്ന് ഒരു പക്ഷെ ജോ ബൈഡന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഇതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
വൈകാതെ റഷ്യ തങ്ങളെ ആക്രമിക്കുമെന്നും ഇതിനായി സൈന്യത്തെ സജ്ജീകരിച്ചതായും ഉക്രൈയ്ന് പ്രതിരോധമന്ത്രി ഒലക്സിയ് റെസ്നിക്കോവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടാങ്കുകളും പീരങ്കിപ്പടകളും റഷ്യ സജ്ജീകരിച്ചുകഴിഞ്ഞു. അതേ സമയം നാറ്റോയില്‍ സഖ്യകക്ഷിയായി ഒരിയ്ക്കലും ഉക്രൈയ്നെ ചേര്‍ക്കരുതെന്ന് പുടിന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉക്രൈയ്നിന്റെ ഭാഗമായിരുന്ന ക്രിമിയയെ റഷ്യ 2014ല്‍ വിമതരുടെ പിന്തുണയോടെ പിടിച്ചെടുത്തിരുന്നു. അന്ന് 13000 പേര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: