പുതുച്ചേരി: എല്ലാവര്ക്കും കൊറോണ വാക്സിന് നിര്‍ബന്ധമാക്കി ഉത്തരവിറക്കി പുതുച്ചേരി ഭരണകൂടം. ഒരു കാരണം പറഞ്ഞും വാക്സിന് സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാകാനാവില്ല. നൂറു ശതമാനം വാക്സിനേഷനാണ് ലക്ഷ്യമിടുന്നതെന്നും പുതുച്ചേരി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ വാക്സിനേഷന് നിര്‍ബന്ധമാക്കിയെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ആരോഗ്യ ഡയറക്ടര്‍ ജി ശ്രീരാമലു ഉത്തരവില്‍ വ്യക്തമാക്കി.
1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് വാക്സിന് നിര്‍ബന്ധമാക്കിയിരിക്കുന്നത്. പലയിടത്തും മതം പറഞ്ഞ് ജനങ്ങള്‍ വാക്സിനെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതുച്ചേരി ഭരണകൂടം കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. വാക്സിന് എടുക്കുന്നവര്‍ക്ക് 50,000 രൂപയുടെ മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന് നേരത്തെ രാജ്കോട്ട് മുന്‍സിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഇന്ത്യയില്‍ വാക്സിന് നിര്‍ബന്ധമാക്കി ഉത്തരവിറക്കുന്നത്. പൂര്‍ണ വാക്സിനേഷന് നടപ്പിലാക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് പുതുച്ചേരി ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ മതം പറഞ്ഞ് വാക്സിന് എടുക്കാത്ത അധ്യാപകരുടെ നിലപാട് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. കോവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും പേരു വിവരങ്ങള്‍ അടക്കം ഇന്നലെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുമെന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം പിന്‍വാങ്ങിയിരുന്നു.
കേരളത്തില്‍ വാക്സിന് എടുക്കാത്ത അധ്യാപകഅനധ്യാപകരുടെ എണ്ണം 1707 ആണ്. ഇതില്‍ 1495 പേര് അധ്യാപകരും 212 പേര് അനധ്യാപകരുമാണ്. എല്‍പി/ യുപി/ ഹൈസ്കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനദ്ധ്യാപകരും വാക്സിന് എടുത്തിട്ടില്ല. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 200 അധ്യാപകരും 23 അനധ്യാപകരും വാക്സിന് എടുക്കേണ്ടതുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 229 അധ്യാപകര്‍ വാക്സിന് എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: