ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ ആദ്യ ജയം ലക്ഷ്യമിട്ട്് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ഈ സീസണിലെ തങ്ങളുടെ നാലാമത്തെ മത്സരത്തില്‍ അവര്‍ ഇന്ന് കരുത്തരായ ഒഡീഷ എഫ്സിയെ നേരിടും. രാത്രി 7.30 നാണ് കിക്കോഫ്.
ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ തോല്‍ക്കുകയും രണ്ട് മത്സരങ്ങളില്‍ സമനിലയും നേടിയ ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുള്ള പ്രയാണത്തിന് ഇനിയെങ്കിലും വിജയം നേടണം. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റു മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയില്‍ എട്ടാം സ്ഥാനത്താണ്.
അതേസമയം, കളിച്ച രണ്ട് മത്സരങ്ങളിലും വിജയക്കൊടി നാട്ടിയ ഒഡീഷ ആറു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെംഗളൂരു എഫ്സിയേയും രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ നാലിനെതിരെ ആറു ഗോളുകള്‍ക്കും കീഴടക്കി. ഗോളടിക്കാന്‍ വിദ്ധരായ ഒരു കൂട്ടം താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒഡീഷ ടീം.
ഒഡീഷ എഫ്സി കരുത്തരാണെങ്കിലും ഐഎസ്എല്ലിലെ റെക്കോഡ് ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. ഇരു ടീമുകളും ഇതുവരെ പതിനാറു തവണ ഏറ്റുമുട്ടി. ഇതില്‍ അഞ്ചു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സാണ് വിജയിച്ചത്. നാലു മത്സരങ്ങളില്‍ ഒഡീഷയും. ഏഴു മത്സരങ്ങള്‍ സമനിലയായി.
ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റു. രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ അവസരങ്ങള്‍ തുലച്ച ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ബെംഗളൂരു എഫ്സി ക്കെതിരായ മൂന്നാം മത്സരത്തില്‍ ഭാഗ്യത്തിനാണ് തോല്‍വിയില്‍ നിന്ന് കരകയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: