ന്യൂദല്‍ഹി : സ്വകാര്യ ക്രിപ്റ്റോകറന്‍സി നിരോധിച്ചേക്കുമെന്ന പ്രചാരണത്തിനിടയില്‍ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് ആശ്വാസം നല്കുന്ന പ്രതികരണമായിരുന്നു ചൊവ്വാഴ്ച ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയത്. ”പഴയ ബില്ലില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നു. ഇപ്പോള്‍ ഒരു പുതിയ ബില്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ്,” നിര്‍മല സീതാരാമന് പറഞ്ഞു. അതായത് തീര്‍ത്തും പുതിയ ക്രിപ്റ്റോ കറന്‍സി ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയെന്നും മന്ത്രിസഭായോഗം ഈ ബില്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. ലോക്സഭാ ബുള്ളറ്റിനില്‍ അവതരിപ്പിച്ച ക്രിപ്റ്റോകറന്‍സി ബില്ലല്ല, തീര്‍ത്തും പുതിയ ബില്ലാണ് അവതരിപ്പിക്കുന്നതെന്ന ധനമന്ത്രിയുടെ വിശദീകരണം ഇതുവരെ ക്രിപ്റ്റോബില്ലിനെക്കുറിച്ച് പ്രചരിച്ചതൊന്നുമായിരിക്കില്ല പുതിയ ബില്ലില്‍ എന്ന പ്രതീക്ഷയാണ് നല്‍കുന്നത്.
ഇതോടെ സ്വകാര്യക്രിപ്റ്റോ കറന്‍സി അപ്പാടെ നിരോധിക്കുന്ന ബില്ലാണ് അവതരിപ്പിക്കുക എന്ന പ്രചാരണത്തില്‍ നിന്നും വ്യത്യസ്തമായ സമീപനമായിരിക്കും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക എന്ന ഒരു പ്രതീക്ഷ കൈവന്നിരിക്കുകയാണ്. ക്രിപ്റ്റോയില്‍ ഒട്ടേറെ പണം നിക്ഷേപിച്ച് കാത്തിരിക്കുന്നവര്‍ക്ക് തീര്‍ത്തും നിരാശജനകമായ ഒന്നായിരിക്കില്ല പുതിയ ബില്ലെന്നാണ് ധനമന്ത്രിയുടെ വാക്കുകളിലെ സൂചനയെന്നും വിദഗ്ധര്‍ വ്യാഖ്യാനിക്കുന്നു. അതേ സമയം തെറ്റായ കൈകകളില്‍ ക്രിപ്റ്റോ കറന്‍സി എത്തരുതെന്നതാണ് സര്‍ക്കാരിന്റെ ഒരു ആശങ്ക. മറ്റൊന്ന് ക്രിപ്റ്റോ കറന്‍സിയിലെ വിലയില്‍ വരുന്ന പ്രവചനാതീതമായ വന്ചാഞ്ചാട്ടങ്ങളാണ്. ഇതാണ് ക്രിപ്റ്റോ കറന്‍സി കള്ളപ്പണക്കാരും തീവ്രവാദസംഘടനകളും ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്കയിലേക്ക് സര്‍ക്കാരിനെ നയിച്ചിരിക്കുന്നത്.
അതുപോലെ ഡിജിറ്റല്‍ കറന്‍സികളെ കുറിച്ചുള്ള പരസ്യം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്രിപ്റ്റോകറന്‍സികളുടെ നിയന്ത്രണ ശേഷിയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബില്ല് പാസാകുന്നതിനായി കാത്തിരിക്കാം എന്നും സീതാരാമന് പറഞ്ഞു.
രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ കേന്ദ്രത്തിന് തീരുമാനമില്ലെന്നും ബിറ്റ്കോയിന് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: