ശബരിമല: ശബരിമലയില്‍ കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങള്‍ പാലിച്ച് ഭക്തര്‍. ശരംകുത്തിയിലെയും അപ്പാച്ചിമേടിലേയും ആചാരങ്ങളാണ് ഭക്തര്‍ പാലിക്കുന്നത്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേയ്ക്കും തിരിച്ചുമുള്ള യാത്ര ഇപ്പോള്‍ സ്വാമി അയ്യപ്പന് റോഡ് വഴി മാത്രമാണ്. പതിറ്റാണ്ടുകളായി ഉപയോഗിച്ചുവന്ന കാനനപാത പൂര്‍ണ്ണമായി ഒഴിവാക്കിയതോടെ ശരംകുത്തിയും അപ്പാച്ചിമേടും കാണാതെയാണ് ഭക്തരുടെ യാത്ര. അപ്പോഴും കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങള്‍ പാലിക്കുകയാണ് ഭക്തര്‍. ഇതോടെ സ്വാമി അയ്യപ്പന് റോഡിലെ മരച്ചുവടുകളും മറ്റും ശരംകുത്താന്‍ തെരഞ്ഞെടുക്കുകയാണ് ഭക്തര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് മരങ്ങളുടെ ചുവട്ടില്‍ ശരം കുത്തുകയും തേങ്ങയുടയ്ക്കുകയും ചെയ്യുന്നത്. ഒരു മരച്ചുവട്ടിന് മുന്നില്‍ നിന്നും ശരംകുത്തികളും ഉടച്ച തേങ്ങയും മാറ്റുന്നതിന് പിന്നാലെ മറ്റൊരു മരച്ചുവട് ശരംകുത്തിയായി മാറും. ഇതോടെ അധിക്യതര്‍ ആകെ വലഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം സന്നിധാനത്ത് പോലീസ് വിളിച്ച യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം ഇതായിരുന്നു. ഭക്തരെ ബോധവത്കരിക്കുക എന്നതാണ് യോഗം നിര്‍ദ്ദേശിച്ച ഏക പരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: