രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നിട്ടുണ്ട്. സുഹൃത്തുക്കളെ, ഗുരു നാനാക്ക് പറഞ്ഞിട്ടുള്ളത് ലോകസേവനത്തിനുള്ള മാര്‍ഗ്ഗം സ്വായത്തമാക്കുന്നതിലൂടെ മാത്രമാണ് ജിവിതം സഫലമാക്കാന്‍ സാധിക്കുന്നതെന്നാണ്. സര്‍ക്കാര്‍ ഇതേ സേവന മനോഭാവത്തോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്. എത്രയോ തലമുറകള്‍ സ്വപ്നം കണ്ടിരുന്ന കാര്യങ്ങള്‍ നടപ്പാക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമത്തിലാണ് ഇന്ന് ഭാരതം.
കൃഷിക്ക് ഉയര്‍ന്ന പരിഗണന
അന്പതുവര്ഷം നീണ്ട എന്റെ പൊതുജീവിതത്തില്‍ കര്‍ഷകരുടെ വിഷമതകളെ, അവര്‍ നേരിടുന്ന വെല്ലുവിളികളെ വളരെ അടുത്ത് മനസ്സിലാക്കിയിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് 2014-ല്‍ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം രാജ്യം എനിക്ക് നല്കിയപ്പോള് കൃഷിയുടെ വികസനത്തിനും കര്‍ഷകരുടെ ഉന്നമനത്തിനും ഏറ്റവും ഉയര്‍ന്ന പരിഗണന നല്കി.
രാജ്യത്തെ കര്‍ഷകരില്‍ എണ്‍പത് ശതമാനവും ചെറുകിടക്കാരാണെന്ന യാഥാര്‍ത്ഥ്യം വളരെയധികം ആളുകള്‍ക്ക് ഇന്നും അറിയില്ല. അവര്‍ക്ക് രണ്ട് ഹെക്ടറിലും താഴെ മാത്രമാണ് കൃഷിഭൂമി. ഈ ചെറുകിട കര്‍ഷകരുടെ എണ്ണം പത്ത് കോടിയിലും അധികമാണെന്നത് നിങ്ങള്‍ക്ക് സങ്കല്പിക്കാന് കഴിയുന്നുണ്ടോ? അവരുടെ മുഴുവന്‍ ജീവിതവും ഈ ചെറിയ കൃഷിഭൂമിയെ ആശ്രയിച്ചാണ്. ഇതുതന്നെയാണ് അവരുടെ ജീവിതം. ഓരോ തലമുറ പിന്നിടുമ്പോഴും കുടുംബത്തില്‍ നടക്കുന്ന സ്വത്ത് ഭാഗം വയ്ക്കല്‍ ഈ കൃഷിഭൂമിയുടെ അളവ് വീണ്ടും കുറയ്ക്കും. അതുകൊണ്ട് ചെറുകിട കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കുന്നതിനു സര്‍ക്കാര്‍ വിത്ത്, ഇന്‍ഷുറന്‍സ്, വിപണി, ലാഭം എന്നീ എല്ലാ മേഖലകളിലും കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. കര്‍ഷകര്‍ക്ക് ഉല്പാദനക്ഷമത കൂടിയ വിത്തുകള്‍ ലഭ്യമാക്കിയതിനൊപ്പം വളം, മണ്ണുപരിശോധന, ചെറുകിട ജലസേചന പദ്ധതികള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാക്കി. 22 കോടി മണ്ണ് പരിശോധനാ കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ ശാസ്ത്രീയ പരിശോധനകള്‍ കാര്‍ഷിക ഉത്പാദനം വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കി. അതിന്റെ കീഴില്‍ കൂടുതല്‍ കര്‍ഷകരെ കൊണ്ടുവന്നു. കൃഷിനാശം ഉണ്ടാകുമ്പോള്‍ പരമാവധി നഷ്ടപരിഹാരം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി പഴയ നിയമങ്ങള്‍ മാറ്റി. ഇതിലൂടെ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് മാത്രമല്ല കൃഷിയിടത്ത് പണിയെടുക്കുന്നവര്‍ക്കും കൂടി ഇന്‍ഷുറന്‍സും പെന്‍ഷനും ഏര്‍പ്പെടുത്തി. ചെറുകിടകര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ നിക്ഷേപിച്ചു.
കര്‍ഷകര്‍ക്ക് അവരുടെ പ്രയത്നത്തിന്
അര്‍ഹമായ പ്രതിഫലവും ഉത്പന്നങ്ങള്‍ക്ക് ആവശ്യമായ വിലയും ലഭിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചു. ഗ്രാമീണ വിപണന സംവിധാനങ്ങള്‍ ശക്തമാക്കി. മിനിമം താങ്ങുവില വര്‍ധിപ്പിച്ചു. ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും വാങ്ങുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടാക്കി. ഞങ്ങളുടെ സര്‍ക്കാര്‍ കാര്‍ഷിക വിഭവങ്ങളുടെ സംഭരണത്തില്‍ കഴിഞ്ഞ പല ദശകങ്ങളിലേയും റെക്കോര്‍ഡുകളെ മറികടന്നിട്ടുണ്ട്. ആയിരത്തില്‍ അധികം വില്പനകേന്ദ്രങ്ങളെ ‘ഇ നാം’ (ഋഹലരൃേീിശര ചമശേീിമഹ അഴൃശരൗഹൗേൃമഹ ങമൃസല)േ സംവിധാനത്തിലൂടെ യോജിപ്പിച്ച് കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ രാജ്യത്ത് എവിടെയും വില്‍ക്കുന്നതിനുള്ള അവസരം ഉണ്ടാക്കി. കാര്‍ഷിക ചന്തകളുടെ ആധുനികവത്കരണത്തിനായി കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കി.
ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ കൃഷി ബഡ്ജറ്റ് മുന്‍കാലങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ധിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും അരലക്ഷം കോടി രൂപയില്‍ അധികം കൃഷിക്കായി ചെലവാക്കുന്നുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക ഭൗതിക സാഹചര്യ വികസന പദ്ധതികളുടെ ഭാഗമായി ഗ്രാമങ്ങളില്‍ കൃഷിയിടത്തിനടുത്തായി ഉത്പന്ന സംഭരണ കേന്ദ്രങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇവയെല്ലാം വേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ചെറുകിട കര്‍ഷകരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി പതിനായിരം എജഛട (എമൃാലൃ ജൃീറൗരലൃ ഛൃഴമിശ്വമശേീി ടരവലാല) പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള പദ്ധതികളും നടപ്പില്‍ വരുത്തുന്നു. ഇതിലും ഏഴായിരം കോടി രൂപ ചെലവാക്കുന്നുണ്ട്. ചെറുകിട ജലസേചന പദ്ധതികള്‍ക്കുള്ള വിഹിതം രണ്ടിരട്ടി വര്‍ധിപ്പിച്ച് പതിനായിരം കോടിയാക്കി ഉയര്‍ത്തി. കാര്‍ഷിക വായ്പകളും ഇരട്ടിയാക്കി. ഈ വര്‍ഷം അത് പതിനാറ് ലക്ഷം കോടി രൂപയാകും. മത്സ്യക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ നേട്ടം ലഭ്യമാകാന്‍ തുടങ്ങിയിട്ടുണ്ട്. അതായത് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ഉന്നമനത്തിനായി സാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. ഇനിയും അത്തരം നടപടികള്‍ തുടര്‍ച്ചയായി സ്വീകരിക്കുക തന്നെ ചെയ്യും.
കര്‍ഷകരുടെ ഉന്നമനത്തിന് മൂന്ന് നിയമങ്ങള്‍
കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബൃഹത്തായ പദ്ധതികളുടെ ഭാഗമായി ഈ രാജ്യത്ത് മൂന്നു കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയിരുന്നു. ഈ നിയമങ്ങളുടെ ഉദ്ദേശ്യം കര്‍ഷകര്‍ക്ക്, പ്രത്യേകിച്ചും ചെറുകിടക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വില കിട്ടണം, അവ വിറ്റഴിക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ വേണം. കര്‍ഷകരും കൃഷി വിദഗ്ധരും കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞരും കര്‍ഷക സംഘടനകളും തുടര്‍ച്ചയായി ഉന്നയിച്ചു വന്നതാണ് ഈ ആവശ്യം. മുന്‍പ് പല സര്‍ക്കാരുകളും ഈ വിഷയത്തില്‍ ആലോചനകള്‍ നടത്തിയിട്ടുണ്ട്. ഇത്തവണയും പാര്‍ലമെന്റില്‍ ഇത് അവതരിപ്പിച്ചു. ചര്‍ച്ച നടത്തി. വിശകലനം ചെയ്തു. നിയമം കൊണ്ടുവന്നു. രാജ്യത്തിന്റെ എല്ലാ കോണിലും ഉള്ള കോടിക്കണക്കിനു കര്‍ഷകരും അനേകം കര്‍ഷക സംഘടനകളും ഈ നിയമത്തെ സ്വാഗതം ചെയ്തു, പിന്തുണ നല്കി. ഞാന്‍ ഇന്ന് അവരോടെല്ലാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവര്‍ക്കെല്ലാം ഞാന്‍ നന്ദി അറിയിക്കുന്നു.
ഞങ്ങളുടെ സര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്ക് വേണ്ടി, രാജ്യത്തിനു വേണ്ടി, ഗ്രാമങ്ങളിലെ ദരിദ്രരുടെ ഉജ്ജ്വലമായ ഭാവിക്ക് വേണ്ടി, കര്‍ഷകരുടെ, പ്രത്യേകിച്ചും ചെറുകിടക്കാരുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി നല്ല ഉദ്ദേശ്യത്തോടെ ആണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇത്രയും പവിത്രമായ കാര്യം ഞങ്ങള്‍ പരമാവധി പരിശ്രമിച്ചിട്ടും കുറച്ച് കര്‍ഷകരെ മനസ്സിലാക്കിക്കാന്‍ സാധിച്ചില്ല. കര്‍ഷകരിലെ ഒരു വിഭാഗം മാത്രമാണ് ഇതിനെ എതിര്‍ത്തിരുന്നത്. എന്നാല്‍ അവരും ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടവര്‍ തന്നെ ആയിരുന്നു. കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്മാരും കാര്‍ഷിക വിദഗ്ധരും വികസനം ആഗ്രഹിക്കുന്ന കര്‍ഷകരും എല്ലാം അവരെ കാര്‍ഷിക നിയമ ഭേദഗതിയുടെ മഹത്വം മനസ്സിലാക്കിക്കുന്നതിനു കഠിനമായി പരിശ്രമിച്ചു. ഞങ്ങള്‍ വിനയാന്വിതരായി തുറന്ന മനസ്സോടെ അവരെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. വ്യക്തിപരമായും പൊതുവായും അനേകവഴികളിലൂടെ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കര്‍ഷകരുടെ വാക്കുകള്‍ കേള്‍ക്കുന്നതിനും അവരുടെ ആശങ്കകള്‍ പരിഗണിക്കുന്നതിനും കിട്ടിയ ഒരു അവസരവും ഞങ്ങള്‍ പാഴാക്കിയില്ല.
ശ്രമിച്ചു, പക്ഷേ..
നിയമത്തിലെ ചില വ്യവസ്ഥകളോട് അവര്‍ക്ക് ഉണ്ടായിരുന്ന എതിര്‍പ്പ് പരിഗണിച്ച് ആ വ്യവസ്ഥകള്‍ തിരുത്തുന്നതിനും സര്‍ക്കാര്‍ തയ്യാറായി. ഈ നിയമം നടപ്പില്‍ വരുത്തുന്നത് രണ്ട് വര്‍ഷത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവും നടത്തി. ഇതിനിടയില്‍ ഈ വിഷയം സുപ്രീം കോടതിയുടെ മുന്നിലും എത്തി. ഈ കാര്യങ്ങള്‍ എല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ ഉണ്ട്. അതുകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. ദീപത്തിന്റെ പ്രകാശം പോലെ സത്യമായ വസ്തുതകള്‍ കുറച്ച് കര്‍ഷക സഹോദരങ്ങളെ മനസ്സിലാക്കിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കാതെ പോയത് ഞങ്ങളുടെ തന്നെ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചയുടെ ഫലമായിട്ടാവണം എന്ന് പൂര്‍ണ്ണ മനസ്സോടെയും ആത്മാര്‍ത്ഥമായ ഹൃദയത്തോടെയും പറഞ്ഞുകൊണ്ട് ഞാന്‍ ഈ ദേശവാസികളോട് ക്ഷമ ചോദിക്കുന്നു.
ഇന്ന് ഗുരുനാനാക്ക് ദേവന്റെ പവിത്രമായ ഈ ജന്മദിനത്തില് ആരേയും കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ന് ഈ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്ന് നിങ്ങളെ അറിയിക്കാന്‍, ഈ രാജ്യത്തെ അറിയിക്കാന്‍ ആണ് ഞാന്‍ എത്തിയത്. ഈ മാസം അവസാനം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
സുഹൃത്തുക്കളെ, സമരം ചെയ്യുന്ന മുഴുവന്‍ കര്‍ഷക സഹോദരങ്ങളോടും ഇന്ന് എനിക്ക് അപേക്ഷിക്കാനുള്ളത് ഗുരു നാനാക്കിന്റെ പവിത്രമായ ഈ ദിവസത്തില്‍ നിങ്ങള്‍ വീടുകളിലേക്ക് മടങ്ങിപ്പോകണം, നിങ്ങളുടെ കൃഷിയിടങ്ങളിലേയ്ക്ക് മടങ്ങിപ്പോകണം, നിങ്ങളുടെ കുടുംബാംഗങ്ങളുടെ അടുത്തേയ്ക്ക് മടങ്ങിപ്പോകണം. വരൂ നമുക്ക് ഒരുമിച്ച് ഒരു പുതിയ തുടക്കം കുറിക്കാം. പുതിയ തീരുമാനങ്ങളോടെ മുന്നോട്ട് പോകാം.
ഇനിയും ഇതേ പാതയില്‍
സുഹൃത്തുക്കളെ, ഇന്നു തന്നെ സര്‍ക്കാര്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന തീരുമാനവും എടുത്തിട്ടുണ്ട്. രാജ്യത്തെ കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ മാറിവരുന്ന ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് വിള രീതിയില്‍ ശാസ്ത്രീയമായ മാറ്റം വരുത്തുന്നതിനും, മിനിമം താങ്ങു വില കൂടുതല്‍ ഗുണപ്രദവും പ്രയോജനപ്രദവും ആക്കുന്നതിനും ഉള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളിലും ഭാവിയിലെ ആവശ്യങ്ങളെ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുന്നതിന് ഒരു കമ്മറ്റി രൂപീകരിക്കും. ഈ കമ്മറ്റിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, കര്‍ഷകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, കാര്‍ഷിക-സാമ്പത്തിക വിദഗ്ധര്‍ എന്നിവരുണ്ടാകും.
സര്‍ക്കാര്‍ കര്‍ഷകരുടെ ഉന്നമനത്തിനായാണ് പ്രവര്‍ത്തിച്ചത്, ഇനി മുന്നോട്ടും പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഞാന്‍ ഗുരു ഗോവിന്ദ് സിങ്ങിന്റെ വാക്യങ്ങളോടെ വാക്കുകള്‍ ചുരുക്കുന്നു.
”ഹേ ദേവി എനിക്ക് ശുഭകാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകേണ്ട അവസ്ഥ ഉണ്ടാകില്ലെന്ന വരം തന്നാലും” ചെയ്തതെല്ലാം കര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടിയാണ്. ചെയ്യുന്നതെല്ലാം നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ്. നിങ്ങള്‍ എല്ലാവരുടെയും അനുഗ്രഹത്താല്‍ മുന്‍പും എന്റെ പ്രയത്നങ്ങളില്‍ ഒരു കുറവും വരുത്തിയിട്ടില്ല. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്, രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഇനിയും കൂടുതല്‍ ശക്തമായി പ്രയത്നിക്കും എന്ന് ഞാന്‍ ഉറപ്പ് നല്കുന്നു.
വളരെയധികം നന്ദി. നമസ്കാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: