കൊച്ചി : ഉപരോധ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ നടന് ജോജു ജോര്‍ജിനെതിരെ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ്. അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അടക്കമുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജു പങ്കെടുത്തിരുന്നോയെന്ന് അന്വേഷിക്കണമെന്നാണ് പുതിയ ആവശ്യം. വിഷയത്തില്‍ നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധ സമരത്തില്‍ നടന് ജോജു ജോര്‍ജ് വന്നു കയറിയത് യാദൃശ്ചികമായല്ല. അന്ന് വെളുപ്പിനുണ്ടായ സംഭവങ്ങളെ മറയ്ക്കുന്നതിന് വേണ്ടിയാണ് ജോജു പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് അറിയാനായത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മുന്‍ മിസ് കേരള പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ ആരൊക്കായാണ് പങ്കെടുത്തത് എന്നത് സംബന്ധിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല. കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോ അവരുടെ മക്കളൊ ഒക്കെയുണ്ടാകാം. അല്ലെങ്കില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടവര്‍ ഉണ്ടാകും. കേസ് തേച്ചുമായ്ച്ചു കളയാന്‍ പോലീസിനു വലിയ സമ്മര്‍ദ്ദമുണ്ട്.
കോണ്‍ഗ്രസ് പരിപാടി അലങ്കോലപ്പെടുത്താന്‍ വന്ന ജോജു അന്നു കാണിച്ചതെല്ലാം സാധാരണ ഒരു മനുഷ്യന് കാണിക്കുന്നതു പോലെയുള്ള കാര്യങ്ങളല്ലായിരുന്നു. റോഡ് തടയുമ്പോള്‍ ജനത്തിന്റെ പ്രതിഷേധം മനസിലാക്കാം. പക്ഷെ അദ്ദേഹം വേറൊരു തരത്തിലുള്ള ആളെ പോലെയാണ് പെരുമാറിയത്. സംഭവ സമയം ഇയാളുടെ തൊട്ടു പിന്നാലെയുണ്ടായിരുന്ന ഒരാള്‍ ഈ ദൃശ്യങ്ങള്‍ ഫേയ്സ്സ്ബുക്കില്‍ ഇട്ടിരുന്നു. ആസൂത്രിതമായ സംഭവം പോലെയായിരുന്നു ജോജു വന്നിറങ്ങിയതും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതും. എ.കെ. സാജന് എന്നു പറയുന്ന ആള് മറ്റൊരു വാഹനത്തിലാണ് വന്നത്. ജോജുവിന്റെ വാഹനത്തിലായിരുന്നില്ല. എന്നാല്‍ സംഭവത്തിനു ശേഷം ജോജുവിന്റെ വണ്ടിയിലാണ് കയറിയത്. ഇതെല്ലാം വച്ചു നോക്കുമ്പോള്‍ ചില പ്രശ്നങ്ങളുണ്ട്.
ലഹരി വിരുന്നില്‍ ജോജു ഉണ്ടായിരുന്നോ മറ്റാരെങ്കിലുമാണോ പങ്കെടുത്തത് എന്നെല്ലാം അന്വേഷിക്കുന്നു. ജോജു വന്നു എന്നു പറയുന്ന ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതലുള്ള സിസിടിവി കാമറകള്‍ പരിശോധിക്കുന്നുണ്ട്. സമരത്തിനിടെ ജോജുവുണ്ടാക്കിയ ബഹളം ആര്‍ക്കു വേണ്ടിയാണെന്നത് പുറത്തു വരണം.
സിനിമാ മേഖലയില്‍ നിന്ന് ക്രെഡിബിലിറ്റി ഉള്ള ഒരാളും ജോജുവിന്റേത് ശരിയായ നടപടിയായിരുന്നു എന്നു പറഞ്ഞിട്ടില്ല. സിനിമാ സംഘടനയായ ‘അമ്മ’യോ സിനിമയിലുള്ള മറ്റാരെങ്കിലുമോ അന്നത്തെ ജോജുവിന്റെ നടപടിയെ അനുകൂലിച്ചു പറഞ്ഞിട്ടില്ല. ബി.ഉണ്ണികൃഷ്ണനാണ് ഇതില്‍ വന്ന് എന്തെങ്കിലും പറഞ്ഞത്. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ടശേഷം മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നല്‍കും. ഇക്കാര്യത്തില്‍ പാര്‍ട്ടി സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: