തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കവാള്‍ വീശി മുന്‍മന്ത്രിയും സിപിഎം നേതാവുമായി ജി സുധാകരനെ പാര്‍ട്ടി അരിഞ്ഞ് വീഴ്ത്തി. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായി തുടങ്ങിയ കുറ്റം ആരോപിച്ചാണ് ജി സുധാകരനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ അദേഹം തയാറായില്ല.
പാര്‍ട്ടി യോഗം കഴിഞ്ഞ് എകെജി സെന്ററില്‍ നിന്ന് പുറത്ത് വന്നപ്പോഴും തുടര്‍ന്ന് ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും സുധാകരന് പ്രതികരിക്കാന്‍ തയ്യാറായില്ല. തനിക്ക് ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കുവെന്നാണ് അദേഹം മാധ്യമങ്ങളോട് പറഞ്ഞത്. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം ജി. സുധാകരന് നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷമാണ് ജി. സുധാകരന് ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.
അമ്പലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചരണം നടത്തുന്നതില്‍ ജി.സുധാകരനെ വീഴ്ച്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദേഹത്തെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്.
പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ.തോമസ് എന്നിവര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിഷേധ സമീപനമാണ് സുധാകരന് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണ സമിതി റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ വെച്ചിട്ടുണ്ട്.
അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ സുധാകരന് പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. സ്ഥാനാര്‍ഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോച്ചില്ല, മൗനം നടിക്കുകയാണ് ഉണ്ടായതെന്നും സുധാകരനെ വിമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ എംഎല്‍എ എച്ച്. സലാമിനേയും വിമര്‍ശിക്കുന്നുണ്ട്. സലാം തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചില്ല. ഒരുവിഭാഗക്കാരനാണെന്ന ആരോപണത്തെ മറികടക്കാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കിയതിന് ശേഷം അമ്പലപ്പുഴ വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റിയോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും സുധാകരന് പങ്കെടുത്തിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുധാകരന് തനിക്കു സഹകരണമൊന്നും നല്‍കിയില്ലെന്ന് സലാം ആരോപിച്ചത്. എസ്ഡിപിഐക്കാരനായി തന്നെ ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കൂട്ടുനിന്നെന്നും ആദ്യഘട്ടത്തില്‍ പ്രചാരണത്തിനെത്തിയില്ലെന്നും സലാം കുറ്റപ്പെടുത്തി. യോഗത്തില്‍ സുധാകരനെതിരെയുള്ള ആരോപണം ശക്തമായതോടെയാണ് ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: