എരുമേലി: ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയതോടെ തീര്‍ഥാടന ക്രമീകരണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി.
തീര്‍ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ ഒന്നാം ഘട്ടമെന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് ലേലമാണ് കണക്കാക്കുന്നത്. 56 വിഭാഗങ്ങളുടെ ഓപ്പണ്‍ ലേലം എട്ടിന് തിരുവനന്തപുരത്ത് നടക്കും. കഴിഞ്ഞ ദിവസം ഇ-ടെണ്ടര്‍ വച്ചിരുന്നെങ്കിലും ലേലക്കാര്‍ സഹകരിച്ചിരുന്നില്ല. പാര്‍ക്കിങ്, കൊപ്ര, ശൗചാലയം, സ്റ്റുഡിയോ അടക്കം ലേലത്തിലാണ് ഒരു കോടിയിലധികം രൂപയുടെ വരുമാനമാണ് മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്നത്.
എന്നാല്‍ തീര്‍ഥാടകരുടെ പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാണ്. ഇത്തവണ ഇതുവഴിയുള്ള യാത്രയ്ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത് പ്രതിഷേധത്തിന് വഴിതെളിക്കും. ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്ധയുണ്ടാകുന്ന സാഹചര്യത്തിലാണ് ലേലത്തിലും വര്‍ധനയുണ്ടാകുന്നത്. തീര്‍ഥാടകരുടെ എണ്ണം സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാരാണ് സ്വീകരിക്കുന്നത്.
പോലീസിന്റെ വെര്ച്ച്വവല് ക്യൂ സംവിധാനത്തില്‍ ഇപ്പോള്‍ തന്നെ മുഴുവന്‍ ബുക്കിങും കഴിഞ്ഞു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ദിവസവും നടക്കുന്ന പേട്ടതുളളല്, തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനും കുളിക്കാനുമുള്ള സൗകര്യം തുടങ്ങി എല്ലാത്തിലും അന്തിമതീരുമാനം ഇനിയും വന്നിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ ലേലം നടന്നാല്‍ പിന്നീടുള്ള ഒരുക്കങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. താത്കാലിക അന്നദാന ഷെഡിന്റെ നിര്‍മാണം തുടങ്ങി. ജീവനക്കാരെ നിയമിക്കല്‍, ശുചീകരണം, പ്രസാദ വിതരണം അടക്കം നിരവധി കാര്യങ്ങളാണ് ഒരുക്കാനുള്ളത്.
ഇതിനിടെ കിഫ്ബിയുടെ സഹായത്തോടെ 14 കോടി രൂപ ചെലവില്‍ വിവിധ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി. അന്നദാനം മണ്ഡപം, വിരിസ്ഥലം, പാചകപ്പുര, മുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.
എരുമേലിയെ സംബന്ധിച്ച് പേട്ടതുള്ളി വരുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിക്കാനും, ഭക്ഷണം പാകം ചെയ്യാനുമുള്ള സൗകര്യം എന്നിവ കൂടുതലായി ഒരുക്കേണ്ടി വരും. എരുമേലിയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുന്‍കാലങ്ങളില്‍ അവലോകന യോഗം എരുമേലിയില്‍ നടക്കാറുണ്ടെങ്കിലും ഇത്തവണ ഇതുവരെ നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: