ന്യൂദല്‍ഹി: ഇസ്രയേല്‍ സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണങ്ങളില്‍ വിദഗ്ധ സമിതി അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. രാജ്യ സുരക്ഷയുടെ പേരില്‍ ഭരണഘടനാ തത്വങ്ങള്‍ തകര്‍ക്കപ്പെടരുതെന്നും രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വകാര്യത കാത്തു സൂക്ഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സമിതി അന്വേഷണത്തിന് തയാറാണെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ആര്.വി. രവീന്ദ്രന്, മുന്‍ ഐപിഎസ് ഓഫിസര്‍ അലോക് ജോഷി, സാങ്കേതിക വിദഗ്ധന്‍ ഡോ. സുദീപ് ഒബ്റോയ് എന്നിവരാണ് സമിതി അംഗങ്ങള്‍. ഇവരെ കൂടാതെ, സാങ്കേതിക സഹായങ്ങള്‍ക്കായി ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ. നവീന്‍ കുമാര്‍ ചൗധരി, കേരളത്തിലെ അമൃതപുരി അമൃത വിശ്വ വിദ്യാപീഠം സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രൊഫസര്‍ ഡോ. പി. പ്രഭാകരന്, മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അശ്വിന് അനില്‍ ഗുമാസ്തെ എന്നിവരടങ്ങുന്ന മൂന്നംഗം സംഘത്തേയും കോടതി നിയോഗിച്ചു. എട്ട് ആഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കേസ് പരിഗണിച്ച സെപ്റ്റംബര്‍ 23നു തന്നെ കോടതി ഉറപ്പു നല്‍കിയിരുന്നു. ദേശസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ പൊതുചര്‍ച്ചയോ കോടതി ഇടപെടലോ ആവശ്യമില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. പരാതികളെക്കുറിച്ചു പരിശോധിക്കാന്‍ സമിതിയെ വയ്ക്കാമെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, എഡിറ്റേഴ്സ് ഗില്‍ഡ്, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തുടങ്ങിയവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: