ഹിന്ദുസമൂഹം ഇത്രകാലം നേരിട്ടുകൊണ്ടിരുന്ന അനേകം ചോദ്യങ്ങള്‍ക്കുള്ള സമഗ്രമായ ഉത്തരമാണ് കേരള ധര്‍മ്മാചാര്യ സഭ. ആചാരാനുഷ്ഠാനങ്ങളുടെ വൈവിധ്യം, ക്ഷേത്രസങ്കല്പങ്ങളിലെ വ്യത്യസ്തകള്‍, സാമൂഹ്യജീവിതത്തില്‍ അനേകം കാലമായി തുടരുന്ന വിവിധതരത്തിലുള്ള ഭിന്നതകള്‍, ഒരൊറ്റ സമാജം എന്നരീതിയില്‍ ഒത്തുചേരുന്നതിനുള്ള തടസ്സങ്ങള്‍ തുടങ്ങി ഏറെ വിഷയങ്ങള്‍ ഹിന്ദുസമൂഹത്തെ ചുറ്റിപ്പറ്റിയുണ്ട്. ഇത്തരം വിഷയങ്ങളെ വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനിച്ചും സമാജത്തെയാകെ ഭിന്നിപ്പിച്ച് ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ അകത്തും പുറത്തും സജീവമാണ്. ഈ സാഹചര്യത്തിലാണ് നീണ്ടകാലത്തെ കൂടിയാലോചനങ്ങള്‍ക്കും അടിത്തട്ടുവരെയുള്ള ഒത്തുചേരലുകള്‍ക്കും ശേഷം കേരളത്തിലെ ഹൈന്ദവആചാര്യന്മാര്‍ ഒരു ധര്‍മ്മാചാര്യസഭയ്ക്ക് രൂപം നല്‍കിയത്.
ഇത് ആചാരാനുഷ്ഠാനങ്ങളെ ഏകീകരിക്കുന്നതിനുള്ള പരിശ്രമമല്ല. മറിച്ച്, ഏത് തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ പുലര്‍ത്തുന്നവരായാലും ഒരൊറ്റ സമാജമെന്ന നിലയില്‍ ഒന്നിക്കേണ്ടിടത്തെല്ലാം ഒന്നിക്കുന്നതിനുള്ള വഴി തുറക്കലാണ്. ജാതിവിവേചനങ്ങളും സാമ്പത്തിക അസമത്വങ്ങളും ദുര്‍ബലാക്കിയ ഒരു ഹിന്ദുസമൂഹം കാലങ്ങള്‍ക്ക് മുമ്പ് കേരളത്തിലുണ്ടായിരുന്നു. ശ്രീനാരായണഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും മഹാത്മാ അയ്യങ്കാളിയെയും പണ്ഡിറ്റ് കറുപ്പനെയും പോലുള്ള നിരവധി സാമൂഹ്യപരിഷ്കര്‍ത്താക്കളുടെയും ആത്മീയാചാര്യന്മാരുടെയും നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് ആ സാഹചര്യത്തിന് മാറ്റം വന്നത്. ഒരുമിച്ച് ജീവിക്കാനുള്ള, ഒരുമിച്ച് ആരാധിക്കാനുള്ള, ഒരേ നിലയില്‍ പുരോഗമിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അത്തരം നവോത്ഥാനപരിശ്രമങ്ങള്‍കൊണ്ട് ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൈവന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പ്രായോഗികമായി അത് ഇനിയും പൂര്‍ണതയിലെത്തേണ്ടതായുണ്ട്. അവശത അനുഭവിക്കുന്നവരും ഒറ്റപ്പെടുത്തപ്പെടുന്നവരും ജാതിയുടെയും സമ്പത്തിന്റെയും തൊഴിലിന്റെയും പേരില്‍ അവഗണന നേരിടുന്നവരും ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. ആചാര്യന്മാര് തെളിച്ച വഴി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കേരളം പരാജയപ്പെട്ടതാണ് അതിന് കാരണം.
നവോത്ഥാനനായകരുടെ പരിശ്രമങ്ങള്‍ മുതലെടുത്ത് രാഷ്ട്രീയാധികാരം നുണഞ്ഞവരെ നയിച്ചത് നിരീശ്വരവാദവും നിഷേധാത്മകതയുമായിരുന്നു എന്നത് മറ്റൊരു കാരണമാണ്. ജനാധിപത്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം ക്ഷേത്രങ്ങളും ആശ്രമങ്ങളും അടക്കമുള്ള എല്ലാ ഹിന്ദുധര്‍മ്മസ്ഥാപനങ്ങളും തുടര്‍ച്ചയായി അപമാനിക്കപ്പെടുകയും പലപ്പോഴും കയ്യേറ്റം ചെയ്യപ്പെടുകയുമുണ്ടായി.
പാരമ്പര്യത്തിനും സംസ്കാരത്തിനും നേരെ മാത്രമല്ല കാവ്, കുളങ്ങള്‍ തുടങ്ങിയ പ്രകൃത്യുപാസനകള്‍ക്കുവരെ അക്രമം നേരിടേണ്ടിവന്നു. ക്ഷേത്രപുനരുദ്ധാരണ പരിശ്രമങ്ങള്‍ അപമാനിക്കപ്പെട്ടു. കെ. കേളപ്പനെയും മന്നത്ത് പത്മനാഭനെയും പോലുള്ള സര്‍വാദരണീയരെ, ഹിന്ദുസമൂഹത്തി
നും സംസ്കൃതിക്കും വേണ്ടി സംസാരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് നിരന്തരം അവഹേളിച്ചു. ഹിന്ദുവിന്റെ ആദ്യത്തെയും അവസാനത്തെയും അഭയകേന്ദ്രവും അഭിമാനകേന്ദ്രവുമായ ക്ഷേത്രങ്ങള്‍ കൈയേറുകയും ക്ഷേത്രസ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടായി. ടിപ്പുവിന്റെയും ബ്രിട്ടീഷുകാരുടെയുമൊക്കെ അധിനിവേശകാലത്ത് സംഭവിച്ചതുപോലെ ക്ഷേത്രവിശ്വാസികള്‍ തൊഴുന്നതിനും വഴിപാട് നേരുന്നതി
നും സര്‍ക്കാരിന് ഫീസ് കെട്ടേണ്ട ദുരവസ്ഥ സംജാതമായി. അന്നദാനത്തിന് സെസ് അടയ്ക്കണമെന്ന പുതിയ തിട്ടൂരം അവസാനത്തെ ഉദാഹരണമാണ്. സര്‍ക്കാരുകള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള ഉപാധിയായി മഹാക്ഷേതങ്ങള്‍ മാറി. ഭക്തര്‍ വിയര്‍പ്പൊഴുക്കിയും ജീവിതം കാണിക്കയായി സമര്‍പ്പിച്ചും പടുത്തുയര്‍ത്തിയ ക്ഷേത്രങ്ങള്‍ അധികാരത്തിന്റെ ധാര്ഷ്ട്യത്തില് പിടിച്ചെടുത്തു. ക്ഷേത്രാചാരങ്ങള്‍ എങ്ങനെ നടത്തണം, അനുഷ്ഠാനവിധി എന്ത് തുടങ്ങിയ വിഷയങ്ങളില്‍ പോലും ആരോടും ചോദിക്കാതെ എന്തും ചെയ്തുകളയാമെന്ന അധികാരത്തിന്റെ ധിക്കാരം കേരളത്തില്‍ നടപ്പാക്കി.
ഹിന്ദുവിന് ചോദിക്കാനാരുമില്ലെന്നും ഇത്തരം നിര്‍ണായകമായ വിഷയങ്ങളില്‍ ആധികാരികമായ നിലപാട് പ്രഖ്യാപിക്കാന്‍ ഒരു സംവിധാനമില്ലെന്നുമുള്ള ധാരണയിലാണ് കാലങ്ങളായി ഈ അതിക്രമങ്ങള്‍ക്ക് ഇത്തരക്കാര്‍ മുതിരുന്നത്. അത് ഇനി അനുവദിക്കാന്‍ ആവില്ലെന്ന ആചാര്യന്മാരുടെ സുചിന്തിതവും ധീരവുമായ നിലപാട് പ്രഖ്യാപനമാണ് കേരള ധര്‍മ്മാചാര്യ സഭയായി മാറുന്നത്. യഥാര്‍ത്ഥ നവോത്ഥാനത്തിലേക്ക് ഹിന്ദുവിനെ നയിക്കുകയും എല്ലാ ഭേദഭാവനകളെയും മറികടന്ന് സശക്തവും സംഘടിതവുമായ ഒരു ഹിന്ദുസമാജത്തിന് വഴികാട്ടുകയും ചെയ്യുക എന്ന നവോത്ഥാനദൗത്യത്തിന്റെ നിര്‍വഹണമാണ് ആചാര്യസഭയിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. ധര്‍മ്മത്തിന്റെ പ്രഖ്യാപനമാണത്. വെല്ലുവിളികളെ തിരിച്ചറിഞ്ഞ് മറികടക്കാനും വെല്ലുവിളിക്കാന്‍ ആര്‍ക്കും തോന്നാത്തവിധം സമാജത്തെ ആന്തരികമായും ബാഹ്യമായും സംഘടിതമാക്കാനുമുള്ള ധര്‍മ്മാചാര്യന്മാരുടെ ഈ നീക്കം കാലത്തിന്റെ ഇച്ഛയും കാലഘട്ടത്തിന്റെ അനിവാര്യതയുമാണെന്ന് ചരിത്രം വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: