സ്ത്രീസുരക്ഷയെപ്പറ്റി നിരന്തരം പ്രസംഗിക്കുന്ന സിപിഎമ്മും ഇടതു സര്‍ക്കാരും എംജി സര്‍വ്വകലാശാല, അനുപമ വിഷയങ്ങളില്‍ കടുത്ത പ്രതിരോധത്തിലാണ്. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കളും പാര്‍ട്ടി നേതാക്കളും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് മറ്റാര്‍ക്കോ ദത്തു നല്‍കിയെന്ന പരാതി പാര്‍ട്ടിയെ തെല്ലൊന്നുമല്ല കുഴക്കിയത്.
വിവാദം കത്തുകയും അനുപമ നിരാഹാരം തുടങ്ങുകയും ചെയ്തതോടെ പാര്‍ട്ടിയും സര്‍ക്കാരും വെട്ടിലായി. കോട്ടയത്ത് എംജി സര്‍വ്വകലാശാലയില്‍ എഐഎസ്എഫ് നേതാവിനെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാക്കള്‍ കേസില്‍ കുടുങ്ങിയതോടെ മറുകേസ് നല്കി വിഷയം ഒത്തു തീര്‍ക്കാനുള്ള ശ്രമത്തിലാണ്. ഇതാണോ സ്ത്രീ സുരക്ഷയിലെ സിപിഎം മോഡലെന്ന ചോദ്യങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
അനുപമയുടെ നിരാഹാരം; അനുനയിപ്പിച്ച് സിപിഎം
തിരുവനന്തപുരം: ”എന്റെ കുഞ്ഞെവിടെ?, കേരളമേ ലജ്ജിക്കൂ” എന്നെഴുതിയ പോസ്റ്ററുമായി എസ്എഫ്ഐ നേതാവ് അനുപമ എസ്. ചന്ദ്രന് സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു പകല്‍ നിരാഹാരമിരുന്നു. അനുപമയും കുഞ്ഞിന്റെ അച്ഛന് അജിത്ത് കുമാറുമാണ് സമരം നടത്തിയത്. സമരത്തിന് ജനപിന്തുണ കിട്ടുമെന്നു വന്നതോടെ സിപിഎം അനുനയശ്രമം തുടങ്ങി. മന്ത്രി വീണാ ജോര്‍ജ് അടക്കം അനുപമയെ നിരവധി തവണ വിളിച്ചു. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് കോടതിയോട് ആവശ്യപ്പെടാന്‍ ഗവണ്മെന്റ് പ്ലീഡര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. തുടര്‍ന്ന് അനുപമ സമരം നിര്‍ത്തി.
പിന്തുണയ്ക്കേണ്ട സമയത്ത് പാര്‍ട്ടിയും പോലീസും ഒന്നും ചെയ്യാതെ നോക്കിനിന്നെന്ന് അനുപമ പറഞ്ഞു. സഹായം തേടിയപ്പോള്‍ പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ടവര്‍ കൈയൊഴിഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ മൊഴിയെടുക്കാനോ പോലീസ് തയ്യാറായില്ല. സര്‍ക്കാരും ശിശുക്ഷേമ സമിതിയും തനിക്ക് നീതി ഉറപ്പാക്കിയില്ലെന്നും അനുപമ കുറ്റപ്പെടുത്തി.
സമരം ആരംഭിക്കുന്നതിന് മുമ്പ് മന്ത്രി വീണാ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് നിയമപരമായ എല്ലാ സഹായവും ഉറപ്പ് നല്കി. ഇതിന് പിന്നാലെ അനുപമ അനിശ്ചിതകാല നിരാഹാരം വൈകിട്ട് അഞ്ചു വരെ മാത്രമായി ഒതുക്കി. ദത്തെടുക്കല്‍ നടപടികള്‍ നടക്കുന്ന കുടുംബകോടതിയിലെ കേസില്‍ കക്ഷിചേരാനാകുമെങ്കില് ആ രീതിയിലും മുന്നോട്ടുപോകുമെന്ന് അവര്‍ പറഞ്ഞു. നിയമസഹായം നല്‍കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവിയും അറിയിച്ചിട്ടുണ്ട്.
എഐഎസ്എഫ് നേതാവിന് മാനഭംഗ ഭീഷണി: നാണംകെട്ട് എസ്എഫ്ഐ
കോട്ടയം: എഐഎസ്എഫ് നേതാവിനോട് മാനഭംഗ ഭീഷണി മുഴക്കിയത് വിവാദമായതോടെ നാണംകെട്ട എസ്എഫ്ഐ മാനംകാക്കാന്‍ ബദല്കേസുമായി രംഗത്ത്. വനിതാ നേതാവിനെതിരായ അതിക്രമങ്ങളുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് എസ്എഫ്ഐ.
സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതോടെയാണ് സമാനമായ പരാതിയുമായി എസ്എഫ്ഐ രംഗത്തെത്തിയത്. തങ്ങളുടെ ഒരു പ്രവര്‍ത്തകയെ കടന്നു പിടിച്ചു, മറ്റൊരു പ്രവര്‍ത്തകയെ ജാതീയമായി അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഏഴ് എഐഎസ്എഫുകാര്ക്കെതിരേ എസ്എഫ്ഐ ഉന്നയിച്ചിരിക്കുന്നത്.
കാമ്പസില്‍ സംഘര്‍ഷം നടന്നതിന് പിന്നാലെ എഐഎസ്എഫ് നേതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ, സെക്രട്ടറി അമല്‍, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അരുണ്‍, പ്രജിത്ത് കെ. ബാബു എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കെതിരേ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. ഈ കേസിന്റെ അന്വേഷണം കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തുടങ്ങിയതിന് പിന്നാലെയാണ് എസ്എഫ്ഐ പരാതിയുമായി എത്തിയത്. പോലീസ് ഈ പരാതിയും സ്വീകരിച്ച് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: