കാബൂള്‍: താലിബാന് സര്‍ക്കാര്‍ ഭരണമേറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പുറംരാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.
ആഗസ്ത് 15നാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറഞ്ഞത്. അന്നാണ് താലിബാന് അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂള്‍ പിടിച്ചത്. അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഗനി നാടുവിട്ടോടിപ്പോവുകയും ചെയ്തു. അതോടെ പത്രക്കാര്‍ക്ക് നേരെയുള്ള താലിബാന്റെ നരനായാട്ട് വര്‍ധിച്ചു. ഒന്നുകില്‍ വെടിവെച്ചുകൊല്ലുക, അല്ലെങ്കില്‍ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ഏല്‍പിക്കുക. ഇതിനായി ആത്മഹത്യ സ്ക്വാഡില്‍പ്പെട്ടവരെ വരെ ഉപയോഗിക്കും. പത്രപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ (ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവ) പിടിച്ചുവാങ്ങും; ആഴ്ചകളോളം ജയിലില്‍ ഇടും – ഇതൊക്കെയാണ് താലിബാന് രീതികള്‍ താലിബാന് മാത്രമല്ല, ഇസ്ലാമിക് സ്റ്റേറ്റും മറ്റ് തീവ്രവാദി സംഘടനകളും അഫ്ഗാനിസ്ഥാനില്‍ പത്രപ്രവര്‍ത്തകരെ വേട്ടയാടുക പതിവാക്കിയിരിക്കുന്നു. മിക്ക യൂട്യൂബ് കേന്ദ്രമാക്കിയുള്ള പത്രമോഫീസുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. സ്ത്രീകളായ പത്രപ്രവര്‍ത്തകര്‍ ആ ജോലിയോടെ എന്നെന്നേക്കുമായി വിടപറഞ്ഞ് അഫ്ഗാന് വിട്ടു.
ഏറ്റവുമൊടുവില്‍ എത്തിലാത്ത റോസ് എന്ന പത്രത്തിലെ ഫൊട്ടോഗ്രാഫര്‍ക്കും പത്രപ്രവര്‍ത്തകനും നേരിടേണ്ടി വന്നത് കൊടിയ താലിബാന് പീഢനമാണ്. കാബൂളില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭം പകര്‍ത്താന്‍ എത്തിയതാണ് ഫൊട്ടോഗ്രാഫര്‍ നെമത്തുള്ള നഖ്ദിയും താകി ദര്യാബിയും. രണ്ടുപേരെയും താലിബാന് പിടിച്ചുകൊണ്ടുപോയി. പിന്നീട് അടച്ചിട്ട മുറിയില്‍ ക്രൂരമായ ശാരീരികപീഡനം. അതും ദിവസങ്ങളോളം നീളുന്ന പീഢനം. ഒടുവില്‍ ഇരുവരെയും താലിബാന് വിട്ടയച്ചു.
മരണത്തെ തൃണവല്‍ഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന 20നും 30നും ഇടയില്‍ പ്രായമുള്ള പത്രപ്രവര്‍ത്തകരുടെ ഒരു സംഘം മാത്രം അപ്പോഴും സത്യം തേടി പണിയെടുത്തുകൊണ്ടേയിരുന്നു. ഇതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് ടോളോ ന്യൂസ്. പക്ഷെ ഇവരും ഇപ്പോള്‍ അഫ്ഗാന് വിടുകയാണ്. ഇപ്പോഴത്തെ അഫ്ഗാനിലെ കാലാവസ്ഥ മ്യാന്മറിലെ പട്ടാളഭരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കമ്മിറ്റി ടു പ്രൊടെക്ട് ജേണലിസ്റ്റ്സ് ഏഷ്യാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്ലര് പറയുന്നു.
താലിബാന്റെ പീഢനം മാത്രമല്ല, പത്രമോഫീസുകള് പൂട്ടാന്‍ കാരണം. താലിബാന് ഭരണം പിടിച്ചെടുത്തതോടെ വിദേശ സര്‍ക്കാരുകളും സംഭാവനകള്‍ നല്കുന്ന സംഘടനകളുടെ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹയം വെട്ടിച്ചിരുക്കിയതും ഒരു കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: