മാലിദ്വീപ്: സാഫ് ഫുട്ബോളില്‍ ഇന്ത്യയുടെ എട്ടാം കിരീടത്തിന് പിന്നില്‍ യുവനിരയുടെ മിന്നുന്ന പ്രകടനമാണെന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. മാലിയിലെ ദേശീയ സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ എട്ടാം സാഫ് കിരീടം സ്വന്തമാക്കിയത്.
ഫൈനലില്‍ സുനില്‍ ഛേത്രി ഒരു ഗോള്‍ നേടി. ഇതോടെ ഛേത്രി സജീവ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിക്കൊപ്പം (80) എത്തി. സുരേഷ് സിങ് വാങ്ജം, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ മൊത്തം അഞ്ചു ഗോളുകള്‍ നേടി സുനില്‍ ഛേത്രി ഇന്ത്യയുടെ കിരീട വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹം യുവതാരങ്ങള്‍ക്ക് നല്കി.
ടീമിലെ യുവതാരങ്ങളെല്ലാം മികച്ചതാണ്. അവരുടെ കഠിനാദ്ധ്വാനമാണ് ഇന്ത്യക്ക് എട്ടാം സാഫ് ഫുട്ബോള്‍ കിരീടം സമ്മാനിച്ചതെന്ന് സുനില്‍ ഛേത്രി പറഞ്ഞു. ടൂര്‍ണമെന്റിനായി ഫൈനല്‍വരെ ഇരുപത് ദിവസം ഞങ്ങള്‍ മാലിദ്വീപില്‍ തങ്ങി. എല്ലാ ദിവസവും തീവ്ര പരിശീലനം നടത്തി. ആദ്യ രണ്ട് മത്സരങ്ങളില്‍ മികവ് കാട്ടാനായില്ല. എന്നാല്‍ പിന്നീടുള്ള കളികളില്‍ ശക്തമായി തിരിച്ചുവന്നു. കിരീടവും സ്വന്തമാക്കി.
കളിക്കാരനെന്ന നിലയില്‍ ഛേത്രിയുടെ മൂന്നാം സാഫ് കിരീടമാണിത്. 2011, 2015 വര്‍ഷങ്ങളില്‍ ഛേത്രി ഇന്ത്യന്‍ ടീമിനൊപ്പം സാഫ് കിരീടം നേടിയിരുന്നു. ടൂര്‍ണമെന്റിലാകെ ഇന്ത്യ എട്ട് ഗോളുകളാണ് നേടിയത്. ഇതില്‍ അഞ്ചും ഛേത്രിയുടെ വകയായിരുന്നു.
ഇന്ത്യക്ക് സാഫ് കിരീടം നേടിക്കൊടുക്കുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് ഇഗോര്‍ സ്റ്റിമാച്ച്. വിദേശ പരിശീലകരായ ജിന്‍ പെസെക്ക് (1993) , സ്റ്റീഫന്‍ കോണ്സ്റ്റാന്റെയിന് (2015) എന്നിവരുടെ ശിക്ഷണത്തില്‍ ഇന്ത്യ സാഫ് കിരീടം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: