ബോസ്റ്റണ്‍: പണ്ഡിതന്മാരായ വ്യക്തികള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വ്യക്തിഗതമായ താല്പര്യങ്ങളുടെ പേരില്‍ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ ജയിലിലാക്കപ്പെടുന്നത് കഷ്ടമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ബിജെപി സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്ന നോബല്‍ ജേതാവായ സാമ്പത്തികവിദഗ്ധന്‍ അമര്‍ത്യസെന്നിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു നിര്‍മ്മല സീതാരാമന്റെ ഈ പ്രതികരണം. ഇതോടൊപ്പം മോദി സര്‍ക്കാര്‍ ബുദ്ധിജീവികളെ പീഢിപ്പിക്കുന്നുവെന്ന അബദ്ധധാരണയെക്കൂടി തിരുത്തുകയായിരുന്നു നിര്‍മ്മല.
ബോസ്റ്റണില്‍ മൊസ്സാവര്‍-റഹ്മാനി സെന്റര്‍ ഫോര്‍ ബിസിനസ് ഹവാര്‍ഡ് കെന്നഡി സ്കൂളില്‍ സംഘടിപ്പിച്ച ആശയവിനിമയത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്. തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട അമര്‍ത്യസെന്‍ (ഇപ്പോള്‍ ഹാര്‍വാഡില്‍ പ്രൊഫസറാണ് അമര്‍ത്യസെന്‍) ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ അനിഷ്ടം ബിജെപി സര്‍ക്കാരിനോട് പ്രകടിപ്പിക്കുന്നുണ്ടല്ലോ എന്ന ഹാര്‍വാഡ് പ്രൊഫസര്‍ കൂടിയായ ലോറന്‍സ് സമ്മേഴ്സിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിര്‍മ്മല.
അമര്‍ത്യസെന്നിനെ താനും ബഹുമാനിക്കുന്നുവെന്ന മുഖവുരയോടെയാണ് നിര്‍മ്മല സീതാരാമന് തന്റെ മറുപടി ആരംഭിച്ചത്. ‘പക്ഷെ പണ്ഡിതരായ വ്യക്തികള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ പ്രതികരിക്കുന്നത് കഷ്ടമാണ്. ഇതിന്റെ പേരില്‍ പണ്ഡിതര്‍ തന്നെ ജയിലിലാക്കപ്പെടുന്നതും സങ്കടകരമാണ്. നിഷ്പക്ഷമായി, തങ്ങളുടെ മുന്നിലുള്ള അടിസ്ഥാന വിവരങ്ങളുടെയും വസ്തുതതകളുടെയും അടിസ്ഥാനത്തില്‍ സംസാരിക്കുന്നതിന് പകരം അവര്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ സംസാരിക്കുന്നത് തികച്ചും കഷ്ടമാണ്,’- നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
‘ഒരാള്‍ക്ക് ഒരു വ്യകതിഗതമായ കാഴ്ചപ്പാടുള്ളതും, വസ്തുതകളുടെ അടിസ്ഥാനത്തില്‍ കാഴ്ചപ്പാട് പറയുന്നതും വ്യത്യസ്തമാണ്. അഭിപ്രായങ്ങള്‍ നമ്മുടെ മുന്‍വിധികളായി മാറിയാല്‍, അതിനെ എതിര്‍ക്കാതിരിക്കാന്‍ കഴിയില്ല,’ – നിര്‍മ്മല വിശദീകരിച്ചു.
‘ചിലപ്പോള്‍ ഇത് ഉറക്കം നടിക്കുന്നവനെ വിളിച്ചുണര്ത്തുന്നതുപോലെയാണിത്. നിങ്ങള്‍ ശരിക്കും ഉറങ്ങുകയാണെങ്കില്‍ തോളില്‍ തട്ടി ‘ഉണരൂ’ എന്ന് പറഞ്ഞാല്‍ മതി. പക്ഷെ നിങ്ങള്‍ ഉറക്കം നടിക്കുകയാണെങ്കില്‍, അങ്ങിനെ ചെയ്താല്‍ നിങ്ങള്‍ ഉണരില്ല. നിങ്ങളെ ഉണര്‍ത്തുകയാണെന്ന് ഞാന്‍ തെറ്റിദ്ധരിക്കുകയും ചെയ്യും,’ നിര്‍മ്മല തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബുദ്ധിജീവികളെ ജയിലിടക്കുകയാണ് മോദി സര്‍ക്കാരെന്ന പൊതുധാരണയെ തിരുത്താന്‍ ശ്രമിക്കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ നിര്‍മ്മല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: