കോഴിക്കോട്: അക്കിത്തം കവിതകളുടെ ശ്രവണസുഖവും ആ കവിതകള്‍ക്ക് ചിത്രകാരന്റെ ഭാവനയേകിയ വര്‍ണശോഭയില്‍ വിരിഞ്ഞ മനോഹരചിത്രങ്ങളും തപസ്യയുടെ അക്കിത്തം പുരസ്കാര സമര്‍പ്പണച്ചടങ്ങിന് മിഴിവേറ്റി. കാവ്യചിത്രാഞ്ജലി എന്ന പേരില്‍ നടന്ന പരിപാടിയാണ് അക്കിത്തത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ വേദിയില്‍ ശ്രദ്ധേയമായത്. മഹാകവി അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, നിത്യമേഘം, സ്പര്‍ശമണികള്‍ എന്നീ കവിതകള്‍ ശ്രുതിമധുരമായി ആലപിച്ചത് ചിത്രാ ജയന്ത്, സുവര്‍ണ മുല്ലപ്പള്ളി, ശിവഗംഗ, ഇന്ദുജ എന്നിവരാണ്. പ്രശസ്ത ചിത്രകാരന് മദനനാണ് ഈ കവിതാലാപനത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ ചിത്രമെഴുതിയത്. കൃഷ്ണന് പാതിരിശ്ശേരി, സതീഷ് പാലോറ, ഹാരൂണ്‍, ദേവരാജന്‍ എന്നിവരും ചിത്രങ്ങള്‍ വരച്ചു.
മഹാകവി അക്കിത്തമെന്ന മഹാവൃക്ഷത്തിന്റെ തണലില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ചിത്രീകരിക്കുകയാണ് മദനനും സംഘവും ചെയ്തത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ തുടക്കത്തിലുള്ള കണ്ണുനീര്‍ത്തുള്ളിയും ഹൃദയത്തിലുലാവുന്ന നിത്യപൗര്ണമിയും സൗരമണ്ഡലവുമൊക്കെ പ്രത്യക്ഷമാകുന്നതാണ് മറ്റൊരു ചിത്രം. ഈ ചിത്രത്തിലും അക്കിത്തം കവിതകളിലും കഥാപാത്രങ്ങളും പശ്ചാത്തലവും കാവ്യസന്ദര്ഭങ്ങളുമെല്ലാം വരച്ചുചേര്‍ത്തിട്ടുണ്ട്.
തപസ്യക്ക് കൈമാറിയ ചിത്രങ്ങള്‍ കേസരി ഭവനു വേണ്ടി കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു ഏറ്റുവാങ്ങി. ചിത്രകാരന്മാര്ക്കും കാവ്യാലാപനം നടത്തിയ ഗായികമാര്‍ക്കും തപസ്യക്കു വേണ്ടി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: