കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ 2020-21 അക്കാദമിക വർഷം മുതൽ ഇതുവരെയും സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 2021 നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കുന്നതാണ്. നിലവിലെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ് ഈ മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പൊതു നിർദ്ദേശങ്ങൾ
1. രക്ഷകർത്താക്കളുടെ സമ്മതേത്താടെയാവണം കുട്ടികൾ സ്കൂളുകളിൽ എത്തിച്ചേരേണ്ടത്.
2. കുട്ടികൾ ക്ലാസ്സുകളിലും ക്യാമ്പസിനകത്തും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.
3. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഒരു ബഞ്ചിൽ പരമാവധി രണ്ട് കുട്ടികളാവാം.
4. ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി കുട്ടികൾ ഹാരജാകാവുന്നതാണ്.
5. സ്കൂളുകളുടെ സൗകര്യാർത്ഥം രാവിലെ 9 മുതല് 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള് നടത്താവുന്നതാണ്.
6. ആദ്യ രണ്ടാഴ്ച ക്ലാസ്സുകൾ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കുന്നതാണ്.
7. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് ക്യാമ്പസിൽ വരുന്ന രീതിയിൽ ക്ലാസ്സുകൾ ക്രമീകരിക്കേണ്ടതാണ്.
8. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ക്രമീകരണ ചുമതല സ്കൂൾ മേധാവിക്കായിരിക്കും.
9. ഭൗതിക സാഹചര്യ സാധ്യതയെ അടിസ്ഥാനമാക്കി കൊവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വേണം സ്കൂളിൽ എത്തിച്ചേരേണ്ട വിദ്യാർത്ഥികളുടെ എണ്ണം നിശ്ചയിക്കേണ്ടത്.
10. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർത്ഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ട് ദിവസം) സ്കൂളിൽ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും സ്കൂളിലെത്തേണ്ടത്. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർത്ഥി സ്ഥിരമായി അതേ ബാച്ചിൽ തന്നെ തുടരേണ്ടതാണ്.
11. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതം.
12. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല.
13. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്കൂളിൽ ഹാജരാകേണ്ടതില്ല. രോഗലക്ഷണം ഉള്ള കുട്ടികൾ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കൊവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പർക്കം ഉള്ള/സംശയിക്കുന്ന കുട്ടികൾ/ജീവനക്കാർ, സമ്പർക്കവിലക്കിൽ ഇരിക്കുന്ന കുട്ടികൾ/ജീവനക്കാർ, കൊവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ എന്നിവർ സ്കൂളിൽ ഹാജരാകേണ്ടതില്ല.
14. കൊവിഡ് ബാധിതർ വീട്ടിലുണ്ടെങ്കിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായും പാലിക്കേണ്ടതാണ്.
15. നല്ല വായുസഞ്ചാരമുള്ള മുറികൾ/ഹാളുകൾ മാത്രമേ അദ്ധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ.
16. സാധ്യമാകുന്ന ഘട്ടങ്ങളിൽ തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
17. കുട്ടികളെ സ്കൂളിൽ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
18. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സ്കൂളുകളുടെ സാഹചര്യംകൂടി കണക്കിലെടുത്ത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം. കൊവിഡ് പ്രോട്ടോക്കോള് പാലിച്ച് ഇത് നടപ്പിലാക്കേണ്ടതാണ്.
19. ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസ്സിൽ എത്തിച്ചേരേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് സമ്പ്രദായം, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അവലോകനം നടത്തി വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്.
20. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഘട്ടത്തിൽ വരേണ്ടതില്ല എന്ന് നിർദേശമുണ്ടെങ്കിലും കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികൾ മാത്രമുള്ള സ്പെഷ്യൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഹോസ്റ്റലുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദ്ദേശം പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
21. സ്കൂൾ തുറക്കുന്നതിന് മുൻപുതന്നെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്സിൻ എടുത്തിരിക്കേണ്ടതാണ്.
22. കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സ്കൂൾബസ് ഡ്രൈവർമാർ, മറ്റ് താത്ക്കാലിക ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കേണ്ടതാണ്.
23. കൊവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിൽ ഡിഡിഎംഎ/ജില്ലാ ഭരണകൂടം/ആരോഗ്യവകുപ്പ് എന്നിവരുടെ നിർദ്ദേശാനുസരണം സ്കൂൾമേധാവികൾ ക്ലാസുകൾ ക്രമീകരിക്കേണ്ടതാണ്.
24. സ്കൂൾസംബന്ധമായ എല്ലാ യോഗങ്ങൾ തുടങ്ങുമ്പോഴും ക്ലാസുകൾ തുടങ്ങുമ്പോഴും കൊവിഡ് അനുയോജ്യ പെരുമാറ്റം ഓർമ്മപ്പെടുത്തുകയും കൊവിഡ് ജാഗ്രതാനിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
25. അക്കാദമികപ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗ്ഗരേഖ തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്.
26. സ്കൂള്തിലത്തിൽ ഒരു ഹെല്പ്പ് ലൈൻ ഏർപ്പെടുത്തേണ്ടതാണ്.
സ്കൂളുകൾ സജ്ജമാക്കൽ
1) ഭൗതിക പരിസരം
1. സ്കൂളുകൾ കഴിഞ്ഞ കുറെയേറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ആയതിനാൽ ഒക്ടോബർ 25 നകം എല്ലാ വിദ്യാലയങ്ങളിലും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികൾ കഴിയാവുന്നതും പെയ്ന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കുന്നത് ഉചിതമായിരിക്കും.
2. ദീർഘകാലം അടഞ്ഞുകിടന്നതിനാൽ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തണം. സ്കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫർണിച്ചർ, ഉപകരണങ്ങൾ, സ്കൂൾബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ ഇടങ്ങളും അണുനശീകരണത്തിന് വിധേയമാക്കണം. വാട്ടർ ടാങ്ക്, അടുക്കള, കാന്റീൻ, ശുചിമുറി, വാഷ്ബെയ്സിൻ, ലാബ്,ലൈബ്രറി എന്നിവ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കേണ്ടതാണ്.
3. ദീർഘനാളായി സ്കൂളുകൾ അടഞ്ഞുകിടന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണ്.
4. നിലവിൽ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളിൽ കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാത്ത രീതിയിൽ നിർമ്മാണ വസ്തുക്കൾ സൂക്ഷിക്കേണ്ടതാണ്. കുട്ടികളും നിർമ്മാണത്തൊഴിലാളികളും തമ്മിൽ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്.
5. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും അണുവിമുക്തമാക്കേണ്ടതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.
6. സ്കൂളുകളിൽ ദീർഘകാല ഇടവേളയ്ക്കുശേഷം എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ക്ലാസും, സ്കൂൾ കാമ്പസ്സും പരിസരവും മനോഹരമായി അലങ്കരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഇത് സഹായകരമാകും.
7. സ്കൂൾ പരിസരങ്ങളിലും ക്ലാസ്സുകളിലും കൊവിഡ് അനുയോജ്യ പെരുമാറ്റരീതികൾ (Covid Appropriate Behaviour) വിവരിക്കുന്ന ബോർഡുകൾ/പോസ്റ്ററുകൾ സ്ഥാപിക്കേണ്ടതാണ്. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികെള ഓർമ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, സൂചനാബോർഡുകൾ എന്നിവ പ്രവേശന കവാടം, ക്ലാസ്സ് റൂമുകൾ,ലൈബ്രറികൾ,കൈകൾ വൃത്തിയാക്കുന്ന ഇടങ്ങൾ, വാഷ്റൂമിന് പുറത്ത്, സ്കൂൾ ബസ് തുടങ്ങിയ ഇടങ്ങൡ പതിക്കാൻപ്രത്യേകം ശ്രദ്ധിക്കണം.
8. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം,കൈകൾ കഴുകുന്ന സ്ഥലം, വാഷ്റൂം തുടങ്ങിയ ഇടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തലുകൾ വരുത്തേണ്ടതാണ്.
2) സ്റ്റാഫ് കൗൺസിൽ യോഗം
1. സ്കൂൾ തുറക്കുന്നതിനുളള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽയോഗം എല്ലാ ജീവനക്കാരെയും പങ്കെടുപ്പിച്ച് ചേരേണ്ടതാണ്. സ്കൂളിനെ ഒരു യൂണിറ്റായി പരിഗണിച്ച് അദ്ധ്യാപകരും അനദ്ധ്യാപകരും ഈ യോഗത്തിൽ പങ്കെടുക്കണം. സ്കൂൾ തുറക്കുന്നതിനുള്ള പ്രവർത്തനപദ്ധതി പ്രസ്തുത യോഗത്തിൽ തയ്യാറാക്കേണ്ടതാണ്.
2. ഓരോ ക്ലാസ്ടീച്ചറും അവരവരുടെ ക്ലാസിലെ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കേണ്ടതാണ്. കുട്ടിയുടെ താമസസ്ഥലം, സ്കൂളിലേക്കുള്ള ദൂരം, താമസിക്കുന്ന തദ്ദേശഭരണ സ്ഥാപനം, വാർഡ്, വീട്ടിലെ അംഗങ്ങൾ, അവരുടെ പ്രായം, ആർക്കെങ്കിലും രോഗങ്ങൾ ഉണ്ടോ എന്നത്, എല്ലാവരും വാക്സിൻ എടുത്തിട്ടുണ്ടോ, ഡോസുകളുടെ എണ്ണം, എത്ര ദിവസം മുമ്പാണ് വാക്സിൻ എടുത്തത്, സ്കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.
3) രക്ഷിതാക്കളുടെ യോഗം
1. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പി.ടി.എ/എസ്.എം.സി എക്സിക്യൂട്ടീവ് യോഗങ്ങൾ ചേരേണ്ടതാണ്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധിയുടെ പങ്കാളിത്തം യോഗത്തിൽ ഉറപ്പാക്കണം.
2. ക്ലാസ് പി.ടി.എ. യോഗങ്ങൾ ഫലപ്രദമായി സംഘടിപ്പിക്കേണ്ടതാണ്. ഓൺലൈനിലും പി.ടി.എ. ചേരാവുന്നതാണ്.
3. കുട്ടികൾ സ്കൂളിൽ പാലിക്കേണ്ട കൊവിഡ് അനുബന്ധ പെരുമാറ്റരീതികൾ മുൻകൂട്ടി തയ്യാറാക്കി രക്ഷിതാക്കൾക്ക് നൽകേണ്ടതാണ്. അതുവഴി വീട്ടിൽനിന്നുതന്നെ കുട്ടികൾക്ക് ഇതു സംബന്ധിച്ച നിർദ്ദേശം രക്ഷിതാക്കൾക്ക് നൽകാൻ കഴിയും.
4. കുട്ടികളുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം.
4) വിവിധതലങ്ങളിലെ ഏകോപന യോഗങ്ങൾ
1. ജില്ലാതലത്തിൽ ജില്ലാ കളക്ടറുടെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങൾ നടത്തി സ്കൂൾ തുറക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.
2. വിദ്യാഭ്യാസജില്ല/ഉപജില്ല/പഞ്ചായത്ത്തലങ്ങളിലും ആവശ്യമായ യോഗങ്ങൾ ചേർന്ന് സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തേതാണ്.
3. സ്കൂളും പരിസരവും വൃത്തിയാക്കി കുട്ടികളെ സ്വീകരിക്കുന്നതിനു സജ്ജമാക്കുന്നതിനായി ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, യുവജനസംഘടനകൾ, പൂർവവിദ്യാർത്ഥി സംഘടനകൾ, തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രതിനിധികൾ, മറ്റ് അഭ്യുദയകാംക്ഷികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ യോഗം സ്കൂൾതലത്തിൽ ചേരേണ്ടതാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം യോഗങ്ങൾ നടത്തേണ്ടത്. ഈ യോഗത്തിൽ സ്കൂൾതല പ്രവർത്തനപദ്ധതി വിശദീകരിക്കുകയും എല്ലാവരുടെയും പങ്കാളിത്തത്തോടെ സ്കൂൾ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്.
5) ശുചിത്വം/അണുനശീകരണം
1. കുട്ടികൾ ഇടപഴകുന്ന എല്ലായിടങ്ങളും അണുവിമുക്തമാക്കേണ്ടതാണ്.
2. ഉചിതമായ സ്ഥലങ്ങളിൽ സോപ്പും വെള്ളവും ലഭ്യമാക്കേണ്ടതാണ്.
3. മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയുടെ കരുതൽ ശേഖരം സ്കൂളുകളിൽ ഉണ്ടായിരിക്കേണ്ടതാണ്.
4. സ്കൂൾ കവാടത്തിൽ തെർമൽ സ്കാനിംഗിനുളള സൗകര്യം ഒരുക്കണം. കവാടത്തിൽ തിരക്ക് ഉണ്ടാകാത്ത വിധത്തിൽ മതിയായ എണ്ണം ഉപകരണങ്ങളും ജീവനക്കാരും ഉണ്ടാകണം.
5. ഓരോ ദിവസവും ക്ലാസ്മുറികൾ അണുവിമുക്തമാക്കേണ്ടതാണ്.
6. ശുചിമുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേതാണ്.
7. ടോയ്ലെറ്റുകൾ, ശുചിമുറികൾ, ലാബുകൾ എന്നിവിടങ്ങളിൽ എക്സ്ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
8. കുട്ടികൾ കുടിവെള്ളം വീടുകളിൽ നിന്നും കൊണ്ടു വരേണ്ടതാണ്. സ്കൂളിലെ പൊതുവായ കുടിവെള്ള സൗകര്യം ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ പേപ്പർ കപ്പുകൾ ക്രമീകരിക്കേണ്ടതാണ്.
9. സ്റ്റാഫ് റൂമിലും ലഭ്യമായ മറ്റ് മുറികളിലും/ഹാളുകളിലും അദ്ധ്യാപകർക്ക് മതിയായ അകലത്തിൽ സീറ്റുകൾ നിശ്ചയിക്കേണ്ടതാണ്.
6) ക്ലാസുകളുടെ ക്രമീകരണം
1. നവംബർ ഒന്ന് മുതൽ 1 മുതൽ 7 വരെ ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും അതിനെ തുടർന്ന് നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കേണ്ടതാണ്.
2. ശാരീരിക അകലം പാലിക്കാൻ ശുപാർശ ചെയ്യുന്ന ബയോബബിൾ സിസ്റ്റം ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതാണ്. ബയോബബിൾ എന്നത് ഒരു ക്ലാസിൽ പഠിക്കുന്ന 6 മുതൽ 10 വരെയുള്ള കുട്ടികളുടെ കൂട്ടമാണ്. ഇവർ മാത്രമേ പരസ്പരം അടുത്ത് ഇടപെടാൻ പാടുള്ളൂ. ഇവർ ഒരു പ്രദേശത്തു നിന്നു തന്നെ വരുന്നവരാണെങ്കിൽ അവരുടെ യാത്രയടക്കം ഒരുമിച്ച് ആസൂത്രണം ചെയ്യാം. അതായത് ഒരു ക്ലാസ്സിൽ രണ്ടോ മൂന്നോ ബയോബബിളുകൾ ഉണ്ടാകാം. ബയോബബിളിൽ കുട്ടികളുടെ എണ്ണം എത്രകണ്ട് പരിമിതപ്പെടുത്താമോ അത്രകണ്ട് നല്ലതാണ്. ഒരു ബയോബബിളിലെ കുട്ടികൾ മറ്റൊരു ബയോബബിളിലെ കുട്ടികളുമായി ഒരു കാരണവശാലും അടുത്തിടപെടാൻ പാടുള്ളതല്ല. പരിമിതി ഏറെയുണ്ടെങ്കിലും രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗമായി ബയോബബിളിനെ പ്രയോജനപ്പെടുത്താം.
3. പ്രൈമറിതലത്തിൽ അദ്ധ്യാപകർ കഴിയുന്നത്ര ബയോബബിളിന്റെ ഭാഗമാകേണ്ടതാണ്.
4. ക്ലാസ്സുകൾക്ക് നൽകുന്ന ഇന്റർവെൽ, സ്കൂൾ ആരംഭിക്കുന്ന സമയം, സ്കൂൾ വിടുന്ന സമയം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ടോയ്ലറ്റുകൾ, സ്കൂൾ ഗേറ്റുകൾ എന്നിവിടങ്ങളിലെ കൂട്ടം ചേരൽ ഒഴിവാക്കാക്കേണ്ടതാണ്.
7) ക്ലാസ്സുകളിലെയും പരിസരങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ
1. ക്ലാസ്സ് റൂമിലും സ്കൂളിന്റെ പരിസരങ്ങളിലും കുട്ടികളോ ജീവനക്കാരോ യാതൊരു കാരണവശാലും കൂട്ടംകൂടരുത്.
2. പ്രവൃത്തിദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സ്കൂളിൽ ഹാജരാകേണ്ടതും പ്രധാനാദ്ധ്യാപകന്റെ നിർദ്ദേശാനുസരണം സുരക്ഷാക്രമീകരണ ജോലികളിൽ ഏർപ്പെടേണ്ടതുമാണ്.
3. കൂട്ടംചേരൽ അനുവദനീയമല്ലാത്തതിനാൽ അടുത്തിടപഴകേണ്ട കായികവിനോദങ്ങൾ, സ്കൂൾ അസംബ്ലി, ഒരുമിച്ചിരുന്നുളള ഭക്ഷണം കഴിക്കൽ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്.
4. പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെളളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാൻ പാടുളളതല്ല.
5. സ്കൂൾക്യാമ്പസിനുള്ളിൽ എല്ലാവരും മുഴുവൻ സമയവും മാസ്ക് ധരിക്കേണ്ടതാണ്.
6. പ്രാക്ടിക്കൽ ക്ലാസ്സുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.
7. ഒന്നിലധികം പേർ ഉപയോഗിക്കാൻ സാധ്യതയുളള ഉപകരണങ്ങൾ ഓരോ കുട്ടിയുടെ ഉപയോഗത്തിനുശേഷവും അണുവിമുക്തമാക്കേണ്ടതാണ്.
8. ക്ലാസ് റൂമുകൾ, ഹാളുകൾ എന്നിവ പൂർണ്ണമായി തുറന്നിടേണ്ടതും വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
8) കുട്ടികളുടെ ഗതാഗത സൗകര്യങ്ങൾ
1. പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്ന കുട്ടികൾ ഇരട്ട മാസ്കുകൾ ധരിക്കേണ്ടതും യാത്രയിൽ സാനിറ്റൈസർ കരുതേണ്ടതും, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കേണ്ടതുമാണ്.
2. സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് പുറത്തിറക്കിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
9) ഓഫ്ലൈൻ/ഓൺലൈൻ ക്ലാസുകൾ
1. സ്കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുളള ഡിജിറ്റൽ പഠനരീതി തുടരാവുന്നതാണ്.
2. സ്കൂളിൽ അതാത് ദിവസങ്ങളിൽ വരാത്തവർക്കു വേണ്ടിയുളള പഠനപിന്തുണ പ്രവർത്തനങ്ങൾ വിവിധ രീതികളിൽ അദ്ധ്യാപകർ തുടരേണ്ടതാണ്.
10) ടൈംടേബിൾ
1. ക്ലാസുകൾ കൃത്യമായ ടൈംടേബിളിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ടതാണ്.
2. ടൈംടേബിൾ മുൻകൂട്ടി തന്നെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കേണ്ടതാണ്.
11) അക്കാദമിക് കലണ്ടർ, പാഠഭാഗങ്ങൾ
1. സ്കൂളുകൾ തുറക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഒരു അക്കാദമിക കലണ്ടർ തയ്യാറാക്കേണ്ടതുണ്ട്.
2. കരിക്കുലം ലക്ഷ്യങ്ങൾ മുൻനിർത്തി ഓഫ് ലൈൻ/ഓൺലൈൻ സമ്മിശ്രരീതി, കുട്ടികൾക്ക് ലഭ്യമാകുന്ന ക്ലാസ്റൂം ദിനങ്ങൾ, ഡിജിറ്റൽ പിന്തുണ, സ്വയംപഠനം എന്നിവയുടെ അടിസ്ഥാനത്തിൽ അക്കാദമിക കാര്യങ്ങൾ എന്നിവ വിശദമാക്കുന്ന മാർഗ്ഗരേഖ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കേണ്ടതാണ്.
സ്കൂളിലെ ആരോഗ്യ പരിശോധനകൾ
1. സ്കൂളുകൾ തുറന്നയുടൻ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള അടിസ്ഥാന ആരോഗ്യ പരിശോധനകൾ ആരോഗ്യവകുപ്പുമായി ചേർന്നു നടത്തേണ്ടതാണ്.
2. രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് അവർക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതാണ്.
3. രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സ്കൂളുകളിൽ സൂക്ഷിക്കണം.
4. രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.
5. രോഗലക്ഷണങ്ങളുള്ള ഏതെങ്കിലും കുട്ടികൾ കൊവിഡ് പോസിറ്റീവ് ആണെങ്കിൽ ആ കുട്ടികളുൾപ്പെടുന്ന ബയോബബിളിലെ മറ്റു കുട്ടികളെയും മാറ്റി നിർത്തി ഇക്കാര്യം പ്രാദേശിക ആരോഗ്യവകുപ്പ് അധികാരികളെ അറിയിക്കേണ്ടതാണ്.
6. സ്കൂളിൽ വച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതോ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതോ ആയ ജീവനക്കാർ/കുട്ടികൾ, കൊവിഡ് 19 പരിശോധ നിർബന്ധമായും നടത്തേണ്ടതാണ്.
7. രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക FAQ (Frequently Asked Questions) ആരോഗ്യവകുപ്പ് തയ്യാറാക്കി നൽകുന്നതാണ്.
8. ഓരോ സ്കൂളും പ്രദേശത്തുള്ള ആരോഗ്യകേന്ദ്രം/ആശുപത്രിയുമായി സഹകരണം ഉറപ്പാക്കി ആവശ്യാനുസരണം ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടതാണ്.
9. രക്ഷകർത്താക്കൾ, അദ്ധ്യാപകർ, സ്കൂളുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവർക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നൽകുന്നതാണ്.
10. ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ ‘ദിശ’ ഹെൽപ്പ് ലൈനിലൂടെ മറുപടി ലഭ്യമാക്കുന്നതാണ്.
1) സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി (School Health Monitoring Committee)
1. കാലാകാലങ്ങളിൽ സർക്കാർ ശുപാർശ ചെയ്യുന്ന ആരോഗ്യ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും, നിരീക്ഷിക്കുന്നതിനും എല്ലാ സ്കൂളുകളിലും താഴെപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി (SHMC) രൂപീകരിക്കേണ്ടതാണ്.
i പ്രിൻസിപ്പൽ/ എച്ച് എം. (ചെയർമാൻ)
ii തദ്ദേശ സ്വയംഭരണ വാർഡ് മെമ്പർ/കൗൺസിലർ
iii പി.ടി.എ. പ്രസിഡന്റ്
iv എസ്.എം.സി. ചെയർമാൻ
v സ്കൂൾ ഡോക്ടർ/നഴ്സ് (ഉണ്ടെങ്കിൽ)
vi JPHN (ഉണ്ടെങ്കിൽ)
vii പ്രാഥമിക ആരോഗ്യേക്രന്ദത്തിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടർ/ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
viii സ്കൂൾ കൗൺസിലർ (ഉണ്ടെങ്കിൽ)
ix ആശാവർക്കർ
x എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ. എന്നിവിടങ്ങളിൽ നിന്നും സീനിയറായിട്ടുള്ള ഓരോ അദ്ധ്യാപക പ്രതിനിധി. ഇതിലൊരാളെ നോഡൽ ടീച്ചറായി നിയോഗിക്കേണ്ടതാണ്.
xi കുട്ടികളുടെപ്രതിനിധി.
xii ഓഫീസ് സൂ്രപണ്ട്/ഹെഡ്ക്ലാർക്ക്
xiii സെക്യൂരിറ്റി ഓഫീസർ
സമിതിയുടെ മീറ്റിംഗ് ആഴ്ചയിൽ ഒരിക്കൽ ചേരേണ്ടതാണ്.
ചുമതലകൾ
1. കൊവിഡ് തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ,പ്രോട്ടോക്കോൾ എന്നിവ പാലിക്കുന്നതിനായി സ്കൂൾതലത്തിൽ ഒരു പ്ലാൻ തയ്യാറാക്കുക. കുട്ടികളുടെയും, സ്കൂളിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് ഓരോ ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം അദ്ധ്യാപകരുടെ ലഭ്യത, സ്ഥല ലഭ്യത,ഡൈനിംഗ് സ്ഥലം, ഗതാഗത സൗകര്യങ്ങൾ, സുരക്ഷാകാര്യങ്ങൾ എന്നിവ വിലയിരുത്തണം.
2. രോഗലക്ഷണമുള്ള കുട്ടികെള നിരീക്ഷിക്കുന്നതിനായി ഒരു sick room തയ്യാറാക്കണം. പ്രാഥമിക സുരക്ഷാക്കിറ്റ് ലഭ്യമാക്കണം.
3. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക,കൈകൾ ശുചിയാക്കി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും,കൊവിഡ് മാനദണ്ഡങ്ങളും, മാർഗ്ഗ നിർദ്ദേശങ്ങളും നടപ്പിലാക്കുകയും ചെയ്യണം.
4. കുട്ടികൾക്കും മറ്റു സ്കൂൾ ജീവനക്കാർക്കും പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണം.
5. പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകരുമായി നിരന്തര ബന്ധം പുലർത്തുകയും ദിവേസനയുള്ള റിപ്പോർട്ട് നൽകുകയും ചെയ്യണം.
6. രോഗലക്ഷണങ്ങൾ ഉണ്ടാകുന്ന കുട്ടിയുടെ/ജീവനക്കാരുെട വിവരങ്ങൾ (പേര്, രക്ഷകർത്താവിന്റെപേര്, ആൺ/പെൺ, അ്രഡസ്സ്,ഫോൺ നമ്പർ) തുടങ്ങിയ വിവരങ്ങൾ ദിവേസന മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണം.
7. ആവശ്യത്തിനുള്ള വെള്ളം,സോപ്പ്, സാനിറ്റൈസർ എന്നിവയുടെ ക്രമീകരണം ഉറപ്പുവരുത്തേണ്ടതാണ്.
2) അടിയന്തര സാഹചര്യങ്ങളെ നേരിടാനുളള തയ്യാറെടുപ്പ്
1. കുട്ടികൾക്കോ ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ സമീപത്തുളള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടുക.
2. ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ സമ്പർക്ക പട്ടിക കൃത്യമായി തയ്യാറാക്കാനുളള ക്രമീകരണം ചെയ്യുക.
3. അടിയന്തര സാഹചര്യത്തിൽ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പരുകൾ ഓഫീസിൽ പ്രദർശിപ്പിക്കുക.
3) മറ്റുളളവർക്കുളള നിയന്ത്രണം
1. കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തണം. വാക്സിനേഷൻ എടുത്തവരും ഗുരുതരമായ രോഗങ്ങൾ ഇല്ലാത്തവരുമായ പി.ടി.എ. ഭാരവാഹികൾക്ക് മാത്രമേ നിയന്ത്രണ വിധേയമായി പ്രവേശനം അനുവദിക്കാവൂ.
.തദ്ദേശ സ്വയംഭരണ തലം
1. സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്കൂളധികൃതരുടെ ഒരു യോഗം വിളിക്കുന്നത് അഭികാമ്യമാണ്.
2. സ്കൂൾതലങ്ങളിൽ ആവശ്യമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുള്ള സഹായസഹകരണങ്ങൾ നൽകുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു പങ്കുവഹിക്കാനാവുന്നതാണ്.
3. ശരിയായ മാലിന്യസംസ്കരണത്തിന് സ്കൂളുകൾക്ക് പിന്തുണ നൽകേണ്ടതാണ്.
ബോധവൽക്കരണം
ആരോഗ്യ സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച് സ്കൂൾ തുറക്കുന്നതിനു മുമ്പു തന്നെ അദ്ധ്യാപകർ, ഇതര ജീവനക്കാർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ ബോധവത്കരണപ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ
1. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപേയാഗം,സോപ്പും വെള്ളവും ഉപേയാഗിച്ച് കൈ കഴുകൽ, ശാരീരിക അകലം പാലിക്കൽ എന്നിവ നിരന്തര ശ്രദ്ധയിൽ ഉണ്ടാവണം.
2. വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും അസുഖം ബാധിക്കുവാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാവാം. ആയതിനാൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
3. ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കണം.
4. സ്കൂളിൽവരേണ്ടദിവസം, സമയം എന്നിവ പ്രധാന അദ്ധ്യാപകൻ/ക്ലാസ്സ് ടീച്ചർ നിങ്ങെള അറിയിക്കുന്നതാണ്. അതനുസരിച്ചു മാത്രം സ്കൂളിൽ വരണം.
5. വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകസമൃദ്ധമായ ഭക്ഷണം എന്നീ ശീലങ്ങളിൽ വിട്ടുവീഴ്ച അരുത്.
6. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഭയെപ്പടാതെ രക്ഷിതാക്കെളേയാ അദ്ധ്യാപകെരേയാ ഉടൻ അറിയിക്കണം.
7. നിങ്ങൾക്കുണ്ടാകുന്ന ഏതു തരം ആശങ്കകളും ആകുലതകളും അദ്ധ്യാപകരുമായി പങ്കുവയ്ക്കാൻ മടിക്കരുത്. അലട്ടുന്ന പ്രയാസങ്ങൾ എന്തുതെന്ന ആയാലും അദ്ധ്യാപകേരാട് തുറന്നുപറയുക.
8. ഒരു കാര്യത്തിലും ഭീതിയുടെ ആവശ്യമില്ല. എന്നാൽ കരുതൽ വേണം.
മോണിറ്ററിംഗ്
1. വിദ്യാഭ്യാസ ഓഫീസർമാർ കൃത്യമായ ഇടവേളകളിൽ സ്കൂളുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണ്.
2. സ്കൂൾതല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദിവസവും പി.ടി.എ പ്രസിഡന്റ് അധ്യക്ഷനും പ്രിൻസിപ്പാൾ/പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക കൺവീനറുമായ ഒരു സമിതി വിലയിരുത്തേണ്ടതാണ്.
3. ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നത് പ്രസ്തുത കമ്മിറ്റിയുടെ ചുമതല ആയിരിക്കും.
4. പ്രതിദിന റിപ്പോർട്ടുകൾ മേൽ പറഞ്ഞ കമ്മിറ്റിക്ക് വേണ്ടി കൺവീനർ തയ്യാറാക്കി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്കും ആരോഗ്യവകുപ്പിനും നൽകേണ്ടതും, ജില്ലാതലത്തിൽ സമാഹരിക്കപ്പെടുന്ന പ്രതിവാര റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർക്കും സമർപ്പിക്കേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: