മുംബൈ : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ഷാരുഖ് ഖാന്റെ മകന് ആര്യനെ കൂടാതെ മറ്റൊരു നടന് കൂടി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) കസ്റ്റഡിയില്‍. അര്‍ബാസ് സേത്ത് മര്‍ച്ചന്റാണ് ആര്യനൊപ്പം പിടിയിലായിരിക്കുന്നത്. ഇരുവരേയും കൂടാതെ ആറ് പേര് കൂടി അന്വേഷണ സംഘത്തിന്റെ പിടിയിലുണ്ട്. ഇവരുടെ പേര് വിവരങ്ങളും എന്‍സിബി പുറത്തുവിട്ടിട്ടുണ്ട്.
മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിങ്, മോഹക് ജസ്വാള്, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവര്‍. ഇവരെ എന്‍സിബി ചോദ്യം ചെയ്ത് വരികയാണെന്ന് എന്‍സിബി മുംബൈ ഡയറക്ടര്‍ സമീര്‍ വാംഖഡെ അറിയിച്ചു.
ഇന്റലിജന്‍സില്‍ നിന്നു ലഭിച്ച ചില സൂചനകള്‍ പ്രകാരമാണ് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ തെരച്ചില്‍ നടത്തിയത്. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. ലഹരി മരുന്ന് വില്‍പ്പനയില്‍ ബോളീവുഡ് ബന്ധമുണ്ടെന്ന് നേരത്തെ സംശയങ്ങള്‍ പുറത്തുവന്നിരുന്നതാണ്.
അതേസമയം കപ്പലിസ് സംഗീത പരിപാടിയുടെ പേരില്‍ വന്‍ പാര്‍ട്ടിയാണ് നടത്താന്‍ നിശ്ചയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെ ‘ക്രേ ആര്‍ക്ക്’ എന്ന പേരില്‍ ഫാഷന്‍ ടിവി ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. പൂള് പാര്‍ട്ടിയും, മൊറോക്കന്‍ ഡിജെയും ഉള്‍പ്പടെ വന്‍പാര്‍ട്ടിയാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ ബ്രോഷറുകളും പുറത്തുവന്നിട്ടുണ്ട്. ചില യാത്രക്കാരുടെ ലഗേജുകളില്‍നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോര്‍ഡെലിയ ക്രൂയിസ് സിഇഒ അറിയിച്ചു. ഇവരെ ഉടന്‍തന്നെ കപ്പലില്‍നിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ സഞ്ചാരം അല്പം വൈകിയെന്നും സിഇഒ പറഞ്ഞു.
സംഭവത്തില്‍ മൂന്ന് യുവതികളെ എന്‍സിബി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്ന് പേരും ദല്‍ഹി സ്വദേശികളായ പ്രമുഖ വ്യവസായിയുടെ മക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരുടെ വേഷത്തിലെത്തിയാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി.
എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ എന്‍സിബി. സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഫോണിലെ സന്ദേശങ്ങളും കോള്‍വിവരങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: