ബെംഗളുരു: ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മഠാധിപതിയായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനിരുദ്ധ് സരളത്ഥായ. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര നടത്തിപ്പ് അവകാശമുള്ള അഷ്ട മഠങ്ങളിലൊന്നായ ഷിരൂര്‍ മഠത്തിന്റെ അധിപനായി 16 വയസുകാരന് നിയോഗിച്ച തീരുമാനത്തെ ബസവരാജ് ബൊമൈ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. 16 വയസുകാരന് മഠാധിപതി ആയതില്‍ നിയമ തടസങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അമിക്കസ് ക്യുറിയും സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പമായിരുന്നു. 18 വയസില്‍ താഴെ ഉള്ളവരെ മഠാധിപതി ആക്കുന്നതുകൊണ്ട് ദോഷകരമായി യാതൊന്നുമില്ലെന്ന് കോടതിയെ സഹായിക്കാനായി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ.എസ്. എസ് നാഗാനന്ദ് വ്യക്തമാക്കി.
മഠങ്ങളില്‍ പിന്തുടര്ച്ചക്കാരെ വാഴിക്കുന്ന രീതി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഭരണഘടനാപരമായ വിലക്കില്ലെന്നും സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. . ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര നടത്തിപ്പ് അവകാശമുള്ള അഷ്ട മഠങ്ങളിലൊന്നാണ് ഷിരൂര്‍. പേജാവര്‍ മഠം, പുത്തിഗെ മഠം, പലിമരു മഠം, അഡമരു മഠം, സോധെ മഠം, കണിയൂര്‍ മഠം, കൃഷ്ണപുര മഠം എന്നിവയാണ് മറ്റു മഠങ്ങള്‍.
ഷിരൂര്‍ മഠം അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത് ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ്. ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തീരുമാനിച്ചത് ഷിരൂര്‍ മഠം കേസില്‍ ഏഴംഗ ബെഞ്ച് പുറപ്പടുവിച്ച ചില ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്.
മതങ്ങളിലെ അനുപേക്ഷിണീയമായ ആചാരങ്ങളില്‍ നിയമം അഹിതകരമായി ഇടപെടാന്‍ പാടില്ല എന്നാണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് 1954-ല്‍ ഷിരൂര്‍ മഠം കേസില്‍ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗം എന്ന നിലയില്‍ ഒരു വിഭാഗത്തെ അംഗീകരിക്കുന്നതിനുള്ള നിയമപരമായ തത്വങ്ങളും ഷിരൂര്‍ മഠം കേസില്‍ വിശദീകരിച്ചിട്ടുണ്ട്. ഇൗ വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: