പത്തനാപുരം: കൊവിഡ് സന്നദ്ധ പ്രവര്‍ത്തകനെന്ന വ്യാജേന തലവൂര്‍ ഗ്രാമപഞ്ചായത്തിന്റെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് സിപിഎം നേതാവ്. മേലേപ്പുര ബ്രാഞ്ച് കമ്മറ്റിയംഗം ഡി. ബിജുമോനാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും പഞ്ചായത്ത് സെക്രട്ടറിയുടെ കയ്യൊപ്പും പഞ്ചായത്തിന്റെ സീലും ഉപയോഗിച്ച് സന്നദ്ധ പ്രവര്‍ത്തകനെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഇടതുമുന്നണിയിലെ ഭരണസമിതി അംഗങ്ങളുടെ അറിവോടെയാണ് ഐഡി കാര്‍ഡ് നിര്‍മിച്ചതെന്ന ആരോപണം ശക്തമാണ്. കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും തന്നെ തലവൂര്‍ പഞ്ചായത്ത് ഇത്തരം ഒരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടില്ല എന്നിരിക്കെയാണ് ഭരണത്തിന്റെ മറപറ്റിയുള്ള സിപിഎം നേതാവിന്റെ വ്യാജകാര്‍ഡ് നിര്‍മ്മാണം. മാസങ്ങളോളം കാര്‍ഡുമായി ചുറ്റിങ്ങറങ്ങുന്ന ബിജുമോന് തിരിച്ചറിയല്‍ രേഖ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചട്ടുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അനധികൃത കാര്‍ഡ്
സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും പഞ്ചായത്ത് സെക്രട്ടറിയുടെ കയ്യൊപ്പും പഞ്ചായത്തിന്റെ സീലും ഉപയോഗിച്ച് അനധിക്യതമായാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചത്. ഗ്രാമപഞ്ചായത്തിന്റെ അറിവോടെയല്ലിത്. ഇത്തരം കാര്‍ഡ് കൊവിഡ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് നല്‍കിയട്ടില്ല. നിയമനടപടിയുമായി മുന്നോട്ട് പോകും.
രശ്മി, സെക്രട്ടറി (തലവൂര്‍ ഗ്രാമപഞ്ചായത്ത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: