സൂപ്പർതാരങ്ങൾ അഭിനയത്തിന് പുറമേ ഗാനരംഗത്തും ഒരു പരീക്ഷണം നടത്താറുള്ളത് ഏവർക്കും വലിയ കൗതുകം ഉളവാക്കുന്ന ഒരു കാര്യമാണ്. ഇതിനോടകം നിരവധി സിനിമകളിൽ ഗാനം ആലപിച്ചിട്ടുള്ള മോഹൻലാൽ പുതിയ മലയാള ചിത്രത്തിൽ വീണ്ടും ഒരു ഗാനം ആലപിക്കാൻ ഒരുങ്ങുകയാണ്. യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ ഷെയിൻ നിഗം നായകനായി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഗാനം ആലപിക്കുന്നത്.
ഷെയിൻ നിഗത്തിന് ഒപ്പം വിനയ് ഫോർട്ടും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാമത് ബിൽബോർഡ് കോട്ടയം നസീർ പുറത്തിറക്കി. ബർമൂഡയുടെ ഡിസൈനർ ശ്രീജേഷ് കെ ദാമോദറിനെ പരിചയപ്പെടുത്തിയാണ് രണ്ടാമത്തെ പോസ്റ്റർ ഇറക്കിയിരിക്കുന്നത്.
![](https://janmabhumi.in/wp-content/uploads/archive/2021/09/25/barmuda2.jpg)
നിലവിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായതിനു ശേഷം ഈ മാസം അവസാനം കൊച്ചിയിലെത്തുന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരാധകർ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ഗാനം ചിട്ടപ്പെടുത്തുന്നത് പ്രശസ്ത സംഗീത സംവിധായകൻ രമേശ് നാരായണനാണ്. വരികൾ എഴുതുന്നത് വിനായക് ശശികുമാർ.
ഷെയിൻ നിഗം ചിത്രത്തിലും ഗായകനായി എത്തുന്നതോടെ മോഹൻലാൽ തന്റെ കരിയറിൽ ഏകദേശം അമ്പതോളം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു എന്ന വിശേഷണത്തിന് അർഹനാവുകയും ചെയ്യും. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണകുമാർ പിങ്കിയുടെതാണ് കഥ, അഴകപ്പൻ, ഷെല്ലി കാലിസ്റ്റ് എന്നിവർ ക്യാമറയും കൈകാര്യം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: