ചണ്ഡീഗഢ്:നവ്ജോത് സിംഗ് സിദ്ദുവിനെതിരെ പരസ്യമായി ആഞ്ഞടിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. നവ്ജോത് സിംഗ് അപകടകാരിയാണെന്ന ആരോപണം അമരീന്ദർ സിംഗ് ആവര്‍ത്തിച്ചു. സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കാൻ തയാറാണെന്നും സിദ്ദുവിനെതിരെ തെരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ഇത്രയ്ക്കും അപകടകാരിയായ മനുഷ്യനില്‍ നിന്നും എന്തുവിലകൊടുത്തും രാജ്യത്തെ രക്ഷിയ്ക്കുമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
സിദ്ദു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ പഞ്ചാബിൽ കോൺഗ്രസ് രണ്ടക്കം കാണില്ലെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു. വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു ജയിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ അമരീന്ദർ സിംഗ് രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്നും ആരോപിച്ചു. സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് ഉറപ്പാക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി.
രാജിവെയ്ക്കുന്നതിനും മൂന്നാഴ്ച മുന്‍പ് സോണിയാഗാന്ധിയ്ക്ക് രാജിക്കത്ത് നല്‍കിയതാണ്. അപ്പോള്‍ അവര്‍ സ്ഥാനത്ത് തുടരാനാണ് ആവശ്യപ്പെട്ടത്. ഒരു വിജയത്തിന് ശേഷം സ്ഥാനങ്ങളൊഴിയാമെന്ന് കരുതി. അല്ലാതെ ഒരു തോല്‍വിക്ക് ശേഷം പോകാന്‍ എനിക്കിഷ്ടമല്ല. -അമരീന്ദര്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്നത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടം എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു. മൂന്ന് തവണ ഈ എംഎല്‍എമാര്‍ ഹൈക്കമാന്റിനെക്കണ്ട് അമരീന്ദര്‍സിംഗിനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സോണിയാഗാന്ധി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചത്. തന്റെ രാജി യോഗത്തില്‍ ആവശ്യപ്പെടുമെന്ന് മുന്‍കൂട്ടിയറിഞ്ഞ അമരീന്ദര്‍ സിംഗ് ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് രാജിവെയ്ക്കുകയായിരുന്നു. അമരീന്ദറും സിദ്ദുവും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. അമരീന്ദറിന്റെ എതിര്‍പ്പിനെ മറികടന്നാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷനാക്കിയത്.
രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസിനെ അമരീന്ദര്സിംഗാണ് 2016ല്‍ പഞ്ചാബില്‍ അധികാരത്തിലെത്തിച്ചത്. ജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പുള്ള ഈ അമരീന്ദര്‍ സിംഗിനെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇപ്പോള്‍ കൈവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: