ന്യൂദൽഹി: ടോക്യോ ഒളിമ്പിക്സില്‍ ജാവ്ലിന് ത്രോയില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്ര തന്റെ ജാവലിന്‍ പ്രധാനമന്ത്രി മോദിക്ക് സംഭാവന ചെയ്തിരുന്നു. ഈ ജാവ്ലിന് സ്വന്തമാക്കാന്‍ ഒട്ടേറെപ്പേര്‍ ഇ-ലേലത്തില്‍ വന്‍തുക വാഗ്ദാനം ചെയ്തെത്തിയതോടെ പ്രധാനമന്ത്രിയുടെ കയ്യിലുണ്ടായിരുന്ന വസ്തുക്കളുടെ ഇ-ലേലം കൂടുതല്‍ ജനപ്രിയമാവുകയാണ്. ഒരു കോടിയില്‍ നിന്നായിരുന്നു നീരജ് ചോപ്രയുടെ ജാവലിന്റെ ലേലം തുടങ്ങിയത്. ഇപ്പോള്‍ തുക അഞ്ച് കോടിയില്‍ എത്തിനില്‍ക്കുകയാണ്.
ഗംഗാ ശുചീകരണത്തിനായി തനിക്ക് ലഭിച്ച പുരസ്കാരങ്ങളും പ്രശംസാപത്രങ്ങളും ലേലം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതിന്റെ ഭാഗമായാണ് നീരജ് ചോപ്രയുടെ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടിക്കൊടുത്ത ജാവലിനും ലേലത്തിനെടുത്തത്. ഒളിമ്പിക്സില്‍ ഓട് മെഡല്‍ നേടിയ സിന്ധു തന്റെ റാക്കറ്റും റാക്കറ്റ് ബാഗും പ്രധാനമന്ത്രിയ്ക്ക് കയ്യൊപ്പിട്ട് നല്‍കിയിട്ടുണ്ട്. ഇതും ലേലത്തിലുണ്ട്. 80 ലക്ഷമാണ് ഇതിന്റെ അടിസ്ഥാന് ലേല വില. ഒളിമ്പിക്സ്-പാരാലിമ്പിക്സ് താരങ്ങളുടെ സ്പോർട്സ് ഉപകരണങ്ങളും ലേലം ചെയ്യുന്ന വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. കൃഷ്ണ നഗറിന്റെയും എസ് എൽ യതിരാജിന്റെയും ബാഡ്മിന്റൺ റാക്കറ്റുകൾ, ലവ് ലിനയുടെ ഗ്ലൗസ് എന്നിവയും ലേലത്തിലെ ആകർഷക ഘടകങ്ങളാണ്. ടോക്യോ ഒളിമ്പിക്സില്‍ ഓട്ടുമെഡല്‍ നേടിയ ബോക്സിംഗ് താരം ലവ് ലിനയുടെ ഗ്ലൗസുകളാണ് ലേലം ചെയ്യുന്നത്. ഇതിന്റെ വില ഇപ്പോഴേ 1.92 കോടിയിലെത്തിക്കഴിഞ്ഞു.
ലേലത്തിൽ നിന്നും ലഭിക്കുന്ന തുക ഗംഗാ ശുചീകരണ പദ്ധതിയായ ‘നമാമി ഗംഗ‘ക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗംഗാനദിയെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ഉള്ള ബൃഹത് പദ്ധതിയാണ് നമാമി ഗംഗ. സാംസ്കാരിക മന്ത്രാലയമാണ് ഇ-ലേലം നടത്തുന്നത്.
തനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും ലേലത്തില്‍ സാധാരണക്കാരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ‘ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും മെമന്റോകളും ലേലം ചെയ്തുകൊണ്ടിരിക്കുകയാണ്. ഒളിമ്പിക്സ് നായകര്‍ സമ്മാനിച്ച പ്രത്യേക മെമന്റോകളും ഇക്കൂട്ടത്തിലുണ്ട്. ഈ ലേലത്തില്‍ പങ്കെടുക്കൂ. ഇതില്‍ നിന്നുള്ള പണം നമമി ഗംഗാ പദ്ധതിക്ക് പോകും,’ പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനമായ സപ്തംബര്‍ 18ന് ആരംഭിച്ച ലേലം ഒക്ടോബര്‍ ഏഴിന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: