അനില്‍ ആറന്മുള
ഹ്യൂസ്റ്റണ്‍: വിദേശത്തു ആദ്യമായി രൂപീകരിക്കപ്പെടുന്ന ശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റിനു സെപ്റ്റംബര്‍ 19-ന് ഞായറാഴ്ച രാവിലെ 8.30 ന് (CST) ഭദ്ര ദീപം തെളിയുന്നു.
ലോകമെമ്പാടുമുള്ള സത്യാനന്ദ സരസ്വതി ശിഷ്യരുടെയും വിഭാഗീയതകള്‍ക്കപ്പുറത്തു സനാതനധര്‍മബോധം ഉള്ളില്‍ നിറയുന്ന ആയിരങ്ങളുടെയും അനേകകാലത്തെ സ്വപ്നസാഷാത്കാര മുഹൂര്‍ത്തതിനാണ് ഹ്യൂസ്റ്റണ്‍ സാക്ഷിയാകുന്നത്. ആത്മീയ ചൈതന്യ നിറവില്‍ നടക്കുന്ന ഈ ചടങ്ങ് സന്യാസി ശ്രേഷ്ഠന് കുളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉത്ഘാടനം നിര്‍വഹിക്കും. തദവസരത്തില്‍ സന്യാസി വര്യന്മാരായ സ്വാമി ശാന്താനന്ദ (ചിന്മയ മിഷന്), സ്വാമി സച്ചിതാനന്ദ (ശിവഗിരിമഠം), ശ്രീശക്തി ശാന്തനാനന്ദ മഹര്‍ഷി, സ്വാമി ബഹ്മപാദാനന്ദ, സ്വാമി കൃഷ്ണാനന്ദ സരസ്വതി (ശ്രി രാമദാസ മിഷന്) എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സന്യാസിമാര്‍ക്കൊപ്പം സാംസ്കാരിക നേതാക്കന്മാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹൈന്ദവ സംഘടനാ പ്രതിനിധികളും ഓണ്‍ലൈന്‍ വഴി നടക്കുന്ന ഈ സൂം മീറ്റിംഗില്‍ സന്നിഹിതരാകും.
ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ വിഭാഗീയ ചിന്തകളില്ലാതെ ഒരുമിപ്പിക്കുക എന്നത് സ്വാമി സത്യാനന്ദ സരസ്വതിയുടെ സ്വപ്നമായിരുന്നു . എല്ലാരാജ്യങ്ങളില്‍നിന്നും പ്രതിനിധികളെ ചേര്‍ത്ത് ലോക ഹിന്ദു പാര്‍ലമെന്റ് എന്ന ആശയം രാഷ്ട്രീയത്തിനപ്പുറം ആത്മീയമായി പ്രാവര്‍ത്തികമാക്കാന്‍ സ്വാമി എക്കാലത്തും പരിശ്രമിച്ചിരുന്നു. അതിന്റെ ആദ്യത്തെ നാഴികക്കല്ല് പിന്നിടുകയാണ് ഈ ട്രസ്റ്റിന്റെ ഉത്ഘാടനത്തിലൂടെ കൈവരിക്കുന്നത് എന്ന് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജി കെ പിള്ള പറഞ്ഞു. ഒപ്പം അമേരിക്കയിലെ ഹിന്ദുക്കളെയും വിഭാഗ ചിന്തകള്‍ക്കതീതമായി ഒന്നിപ്പിക്കുക എന്ന ദൗത്യം കൂടി സഫലമാക്കുകയാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വക്കുന്നതെന്നും പിള്ള പറഞ്ഞു.
ഇന്ത്യയിലെ വിവിധ സിറ്റികളെ കൂടാതെ കാനഡ, സ്വിറ്റസര്‍ലന്‍ഡ്, ഖത്തര്‍, ദുബായ്, കുവൈറ്റ്, സിംഗപ്പൂര്‍, പെര്‍ത് , ഡെന്മാര്ക്ക്, യൂ കെ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടാവും. അമേരിക്കയിലെ വിവിധ സിറ്റികളില്‍ നിന്നും ഗ്രൂപ്പ് ആയി പ്രവര്‍ത്തകരും വിശ്വാസികളും മീറ്റിംഗില്‍ ഭാഗഭാക്കാകും.
ഹ്യൂസ്റ്റനില്‍ ഉയരുന്ന ശ്രീ രാമദാസ ആശ്രമത്തിന്റെയും ഹനുമാന് ക്ഷേത്രത്തിന്റെയും ചുമതല ഈ ട്രസ്റ്റിനാണ്. അമേരിക്കയില്‍ ഉടനീളമുള്ള ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തിലായിരിക്കും ആശ്രമത്തിന്റെ പണികള്‍ നടക്കുക. ഹ്യൂസ്റ്റണ്‍ സിറ്റിക്കടുത്തു പിയര്‍ലാന്‍ഡില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അവിടടെയായിരിക്കും ആശ്രമം ഉയരുക. താമസിയാതെ ഭൂമി പൂജയോടുകൂടി പണികള്‍ സമാരംഭിക്കുമെന്നു ജി കെ പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: