കോട്ടയം : പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാര്‍ക്കോട്ടിക് ജിഹാദെന്ന പരാമര്‍ശത്തില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദികളെന്ന് മന്ത്രി വി.എന്‍. വാസവന്. ബിഷപ്പുമായി വിവാദ വിഷയങ്ങള്‍ സംസാരിച്ചിട്ടില്ല. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും പാലം നിര്‍മാണത്തെ കുറിച്ചുമാണ് താന്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാലായിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിശേഷം മാധ്യമങ്ങളോട് പാരതികരിക്കുകയായിരുന്നു വാസവന്.
കഴിഞ്ഞ ദിവസം ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിഷപ്പിനെ കാണാനായി എത്തിയിരുന്നു. അതിനു പിന്നാലെയാണ് വി.എന്‍. വാസവന് ഇന്ന് പാലായിലെത്തിയത്. പാലാ ബിഷപ്പിനെ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചതിന് പിന്നില്‍ ദുരുദ്ദേശവും രാഷ്ട്രീയ കാരണങ്ങളും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം നഷ്ടപ്പെട്ടതിനാല്‍ അവര്‍ക്ക് എന്തും പറയാം. കോണ്‍ഗ്രസ് ഒരു തകര്‍ന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണ് നടത്തിയത്. സഭയോടുള്ള ആദരവും ബഹുമാനവും നിലനിര്‍ത്തിയുള്ള പതിവ് സന്ദര്‍ശനമായിരുന്നു ഇത്. താന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പിതാവാണ് ജോസഫ് കല്ലറങ്ങാട്ട്. വലിയ പാണ്ഡിത്യമുള്ള ആളാണ്. അദ്ദേഹത്തിന്റെ പ്രസംഗം താന്‍ ശ്രദ്ധാപൂര്‍വം കേട്ടിരിക്കാറുണ്ട്. ബൈബിള്‍, ഖുര്‍ആന്‍, ഭഗവത് ഗീത എന്നീ ഗ്രന്ഥങ്ങളെ കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ്. ഔദ്യോഗിക ജോലിക്ക് ശേഷം രാത്രിയില്‍ വായനക്കായി ബിഷപ്പ് സമയം ചെലവഴിക്കാറുണ്ടെന്നും വാസവന് പറഞ്ഞു.
പാലാ ബിഷപ്പിനൊപ്പം ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടുണ്ട്. മന്ത്രിയായ ശേഷം ബിഷപ്പിനെ കാണാന്‍ സാധിച്ചിരുന്നില്ല. സഭയുമായും ബിഷപ്പുമാരുമായും നല്ല ബന്ധമാണുള്ളത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സഭയോ സര്‍ക്കാരോ ശ്രമിക്കുന്നില്ല. വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നത് വര്‍ഗീയവാദികളും തീവ്രവാദികളുമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ തീവ്രവാദത്തെ സര്‍ക്കാര്‍ അംഗീകരിക്കില്ല. കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പറഞ്ഞു. തീര്‍ത്തും വ്യക്തിപരമായ സന്ദര്‍ശനമാണ് നടത്തിയത്. സര്‍ക്കാര്‍ പ്രതിനിധിയായിട്ടല്ല എത്തിയത്. നാര്‍കോടിക്സ് ജിഹാദ് വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച ചെയ്തിട്ടില്ല. ബിഷപ്പ് ഒരു പരാതിയും തന്നോട് പറഞ്ഞില്ല. പാലാ ബിഷപ്പ് ഏറെ പാണ്ഡിത്യമുളള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം നര്‍കോട്ടിക്സ് ജിഹാദ് വിഷയത്തില്‍ ഒരു സമവായ ചര്‍ച്ചയുടെ സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകും. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളത്. തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നത്. ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. അസമാധാനത്തിന്റെ അന്തരീക്ഷമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: