ഈശ്വരനും പൂജാരിയും വിശ്വാസിയും ഒന്നായിത്തീരുന്ന അപൂര്‍വ്വ സ്ഥലമുണ്ട് അഗസ്ത്യമലയുടെ അടിവാരത്ത്. ജൈനസംസ്ക്കാരത്തിന്റെ വേരുകള്‍ പതിഞ്ഞയിടം. വഴുക്കന്‍പാറ. മഴക്കാലത്ത് പാറയുടെ മുകളിലൂടെ മലവെള്ളം കുത്തിയൊലിക്കും. ആ ദിവസങ്ങളില്‍ പാറപ്പുറത്ത് നില്‍ക്കാനോ നടക്കാനോ കഴിയില്ല. കാലൊന്നു വഴുതിയാല്‍ താഴെ അഗാധ ഗര്‍ത്തത്തില്‍ പതിക്കും. ഈ വഴുക്കലില്‍ നിന്നാണ് വഴുക്കന്‍പാറ എന്ന് പേര് ലഭിച്ചതെന്ന് വര്‍ത്തമാനം.
ചരിത്രമുറങ്ങുന്ന ഒരു ക്ഷേത്രമുണ്ടവിടെ. തിരുവനന്തപുരത്ത് അഗസ്ത്യമലയുടെ അടിവാരത്തെ ബോണക്കാട്ടേക്കുള്ള റോഡിലാണ് ഈ ക്ഷേത്രം. വര്‍ഷങ്ങളായി ആ വനവാസികളുടെ ആരാധനാകേന്ദ്രമാണിവിടം. കാട്ടുമൃഗങ്ങളുടെ ശല്യംകാരണം ദൈവത്തെ കുടിയിരുത്താന്‍ കഴിയാതെയായപ്പോള്‍ പ്രതിഷ്ഠയ്ക്ക് സ്ഥലം തേടിയലഞ്ഞ വനവാസികള്‍ ഒടുവില്‍ വഴുക്കന്‍പാറയിലെത്തി തങ്ങളുടെ ദൈവത്തെ കുടിയിരുത്തി. ചരിഞ്ഞുകിടക്കുന്ന, വഴുക്കുന്ന പാറയില്‍ കാട്ടുമൃഗങ്ങള്‍ കയറില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. ജൈനപ്രതിഷ്ഠയാണ് ഗോത്രസമൂഹം ഇവിടെ നടത്തിയത്. അഗസ്ത്യമലയുടെ അടിവാരത്ത് ജൈനമതക്കാരുടെ ഒട്ടേറെ പ്രതിഷ്ഠകള്‍ വേറെയുമുണ്ട്. പഴയ തിരുവിതാംകൂറിലും ഇപ്പോള്‍ കന്യാകുമാരി ജില്ലയിലും ഉള്‍പ്പെട്ടിരിക്കുന്ന ചിതറാല്‍ ജൈനസംന്യാസിമാരുടെ സങ്കേതമായിരുന്നു. തമിഴ്നാട് വഴി കേരളത്തിലേയ്ക്ക് ജൈനമതം വ്യാപിച്ചു. അന്നത്തെ ആയ് രാജവംശം ഇതില്‍ ആകൃഷ്ടരായി ഇവിടെ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതായി രേഖകള്‍ പറയുന്നു. അത്തരത്തിലാണ് ഇവിടേയും ജൈന സംസ്കൃതിയെത്തിയത്.
സംന്യാസിമാരുടെ പോക്കുവരവില്‍ തങ്ങുന്ന സ്ഥലങ്ങളില്‍ പ്രധാനമായിരുന്നു അവര്‍ പൊതാളകമല എന്നു വിളിച്ചിരുന്ന അഗസ്ത്യമല. ഇതു സംബന്ധിച്ച് അന്ന് ഇവിടം സന്ദര്‍ശിച്ച ടോളമി ജൈനമതത്തിന്റെ സാമീപ്യത്തെകുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പിന്നെ ബുദ്ധമതം വന്നതോടെ ജൈനമതം വേരറ്റു. ജൈന സംസ്ക്കാരത്തിന്റെ ഈ വേരുകളെ കുറിച്ച് പഠിക്കാന്‍ പിന്നിട് ഒരു ചരിത്രാന്വേഷിയും ഇവിടെ എത്തിയുമില്ല.
കൊല്ലത്തിലൊരിക്കലേ ഇവിടെ പൂജയും പൂജാരിയുമുള്ളൂ. ആഘോഷദിവസം ഭക്തര്‍ ഒരുമിച്ചുകൂടും. അന്ന് സ്ത്രീകള്‍ പൊങ്കാല സമര്‍പ്പിക്കും. ഭക്തര്‍ തന്നെ പൂജാരിയാകുന്ന അപൂര്‍വ്വ വിശ്വാസമാണിവിടത്തെ മറ്റൊരു പ്രത്യേകത. ഒരുകാലത്ത് അഗസ്ത്യകൂട തീര്‍ഥാടകരുടെ ഇടത്താവളമായിരുന്നു വഴുക്കന്‍പാറ ക്ഷേത്രം. യാത്രാസൗകര്യം കുറവായിരുന്ന കാലത്ത് തീര്‍ഥാടകര്‍ക്ക് വളരെ ആശ്വാസമായിരുന്നു ഈ ക്ഷേത്രവും വിശാലമായ പാറയും. തെക്കുഭാഗത്തായി അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുമുണ്ട്. ഈശ്വരനും പൂജാരിയും വിശ്വാസിയും ഒന്നായിത്തീരുന്ന വഴുക്കന്‍പാറ വനവാസികളുടെ കരുതലിന്റെ ഉത്തമോദാഹരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: