കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാരിന് നിയന്ത്രണത്തിന്റെ തോട്ടിക്കോലുമായി പാര്‍ട്ടി. സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാര്‍ പ്രവര്‍ത്തനം സംബന്ധിച്ച് നടത്തിയ വിശദ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. 90 ദിവസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി, പരാജയങ്ങള്‍ തിരിച്ചറിഞ്ഞ വാര്‍ത്ത ‘ജന്മഭൂമി’ ആഗസ്ത് 24ന് പ്രസിദ്ധീകരിച്ചിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിനെ കയറൂരി വിടാന്‍ പാര്‍ട്ടി തയ്യാറല്ലെന്ന സന്ദേശമാണ് പുതിയ തീരുമാനത്തിലൂടെ വരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ സ്വര്‍ണക്കടത്തും ഡോളര്കടത്തുമുള്പ്പെട്ട അഴിമതികളില്‍ മുങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി, സര്‍ക്കാര്‍ തീരുമാനവും നടപ്പാക്കലും പാര്‍ട്ടി നിരീക്ഷിക്കും. നയ നിലപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം നിശ്ചയിക്കുന്ന സമ്പ്രദായം നിര്‍ത്തും. ഇതിനായി വിശദ പദ്ധതിയും പാഠവും തയ്യാറാക്കിയിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണന്, പാര്‍ട്ടി സെക്രട്ടറി ചുമതല വഹിക്കുന്ന എ. വിജയരാഘവന്, പിബി അംഗങ്ങളായ എസ്. രാമചന്ദ്രന് പിള്ള, എം.എ. ബേബി എന്നിവരാണ് സര്‍ക്കാരിനെ നിരീക്ഷിക്കുക. സര്‍ക്കാരിനെ നേര്‍വഴി നടത്തുകയാണ് ഈ പാര്‍ട്ടി സംവിധാനത്തിന്റെ ദൗത്യം. മന്ത്രിമാരെ വിലയിരുത്തും, നടപടികള്‍ നിരീക്ഷിക്കും, ജനഹിതം അറിയിക്കും, ആവശ്യമെങ്കില്‍ തിരുത്തിക്കും എന്നാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
എന്നാല്‍, പിണറായി വിജയനെ തിരുത്താനോ നിയന്ത്രിക്കാനോ കെല്പ്പുള്ളതല്ല ഈ നാലംഗ സമിതി. അഞ്ചു വര്‍ഷം സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ പാര്‍ട്ടിക്ക് അറിയാമായിരുന്ന അപകടങ്ങളും അഴിമതികളും നടന്നിട്ട് വിലക്കാതിരുന്നത് പാര്‍ട്ടിയുടെ ബോധപൂര്‍വമായ പ്രവര്‍ത്തനമാണെന്ന് സമ്മതിക്കുന്നതാണ് ഈ തീരുമാനമെന്ന് പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.
എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസും അതിനു മുമ്പ് ജില്ലാ സമ്മേളനങ്ങളും നടക്കുമ്പോള്‍ സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും രണ്ടാം ഭരണത്തിലെ വനംകൊള്ളയും ചര്‍ച്ചയാകാതിരിക്കാനുള്ള പിണറായിയുടെ തന്നെ അടവാണ് നിരീക്ഷണക്കമ്മിറ്റിയെന്നും ചിലര്‍ വിശദീകരിക്കുന്നു. പൂര്‍ണമായും പിണറായിയുടെ നിയന്ത്രണത്തിലുള്ള കോടിയേരിയും വിജയരാഘവനും പിണറായിക്ക് വഴി സുഗമമാക്കുകയാണെന്നാണ് അവരുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: