തൊടുപുഴ: നഗരത്തില്‍ തിരക്കുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും മോഷണം വ്യാപകമാകുന്നു. കാരിക്കോട് ജില്ലാ ആശുപത്രി, ചാഴിക്കാട്ട് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് വയോധികമാരുടെ 7.5 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാലകള്‍ നഷ്ടപ്പെട്ടു. രണ്ടിടത്തും മോഷണം നടത്തിയത് തമിഴ് സംസാരിക്കുന്ന സ്ത്രീകളാണെന്നും ഒരേ സംഘമെന്നും പോലീസ്.
രാവിലെ പത്തിനാണ് ആദ്യകേസ്, ജില്ലാ ആശുപത്രിയിലെത്തിയ മുള്ളരിങ്ങാട് സ്വദേശിനിയുടെ മൂന്ന് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. പിന്നാലെ 11 മണിയോടെയാണ് ചാഴിക്കാട്ട് ആശുപത്രിയില്‍ മോഷണം നടക്കുന്നത്. ഇവിടെ നിന്നും 70കാരിയുടെ 4.5 പവനോളം വരുന്ന മാലയാണ് കവര്‍ന്നത്. ആശുപത്രി അധികൃതരുടെയടക്കം പരാതിയെ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചാഴിക്കാട്ട് നിന്ന് മോഷണ ശേഷം സ്ഥലംവിട്ടുവെന്ന് സംശയിക്കുന്ന സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുറത്തെ ഓട്ടോറിക്ഷയില്‍ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്.
വിഷയത്തില്‍ കരിങ്കുന്നം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസ് ശേഖരിച്ചു. അഞ്ച് പേരാണ് ഓട്ടോറിക്ഷയില്‍ കയറിയതെന്നും ഇവരെ നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇന്ത്യന്‍ ബേക്കറിയുടെ മുന്നില്‍ ഇറക്കിവിട്ടതായും ഇയാള്‍ മൊഴി നല്കി. ഇവിടെയും പോലീസ് എത്തി സിസിടിവികള്‍ പരിശോധിച്ചു. ഇവര്‍ മൂവാറ്റുപുഴ ബസില്‍ കയറി പോയതായും പിന്നീട് വാഴക്കുളത്ത് ഇറങ്ങിയതായും സ്ഥിരീകരണമുണ്ട്.
അതേ സമയം രണ്ടിടത്തും മോഷണം നടത്തിയത് ഒരേ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണെന്നാണ് പോലീസ് നല്കുന്ന വിവരം. മരുന്ന് കൊടുക്കുന്ന സ്ഥലം പോലുള്ള തിരക്കുള്ളയിടങ്ങളില്‍ കൂട്ടമായെത്തി തിരക്കുണ്ടാക്കി മാല പറിക്കുന്നതാണ് ഇവരുടെ രീതി. വയോധികര്‍ കാര്യമറിയുമ്പോഴേക്കും സംഘം കടന്നും കളയും.
തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍, പ്രിന്‍സിപ്പല്‍ എസ്ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്. മുമ്പും ഇത്തരത്തില്‍ തിരക്കുള്ള സമയങ്ങളില്‍ ബസുകള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് തമിഴ്നാട് സംഘങ്ങള്‍ മോഷണത്തിനെത്തിയിരുന്നു. എന്നാല്‍ കൊവിഡ് എത്തിയതോടെ ഇത്തരം പ്രശ്നങ്ങള്‍ കുറഞ്ഞിരുന്നു. അതേ സമയം ബസില്‍ തിരക്ക് കുറഞ്ഞതിനാല്‍ ഇത്തരം സംഘങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് ചുവട് മാറുകയാണെന്നാണ് ഇത് നല്കുന്ന സൂചന.
ഓണക്കാലത്തിന്റെ ഭാഗമായി നഗരത്തില്‍ തിരക്കേറി വരുന്നതിനാല്‍ പൊതുജനങ്ങള്‍ തങ്ങളുടെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കരുതലോടെ സൂക്ഷിക്കണമെന്ന് തൊടുപുഴ എസ്ഐ ബൈജു പി. ബാബു ജന്മഭൂമിയോട് പറഞ്ഞു. പ്രായമുള്ള ആളുകളെയാണ് ഇത്തരക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. മാര്‍ക്കറ്റ്, വാക്സിന് കേന്ദ്രങ്ങള്‍, തുണിക്കടകള്‍, ആശുപത്രികള്‍ തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളില്‍ എത്തുമ്പോള്‍ വിലപ്പിടിപ്പുള്ള ആഭരങ്ങള്‍ ധരിക്കുന്നത് കഴിവതും ഒഴുവാക്കണമെന്നും ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: