കൊല്ലം: കൊവിഡ് കാലത്ത് ദുരിതം അനുഭവിച്ചവര്‍ക്ക് കരുണയുടെ കരങ്ങളുമായി രവിപിള്ള (ആര്‍പി) ഫൗണ്ടേഷന്. 17 കോടി രൂപയുടെ സഹായപദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. ആദ്യം 15 കോടി രൂപയാണ് പ്രഖ്യാപിച്ചത്, എന്നാല്‍ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ രണ്ടു കോടി രൂപ കൂടി അധികമായി നല്കാന് തീരുമാനിച്ചതായി ആര് പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഡോ. ബി. രവിപിള്ള ജന്മഭൂമിയോട് പറഞ്ഞു.
17 കോടിയില്‍ അഞ്ചു കോടിരൂപ പ്രവാസികള്‍ക്കു വേണ്ടിയുള്ളതാണ്. നോര്‍ക്ക റൂട്ട്സ് വഴിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. പ്രവാസികളുടെ മക്കളുടെ കല്യാണത്തിനാണ് ഇതു കൂടുതലും ചെലവാക്കുക. ബാക്കി 12 കോടി, എംഎല്‍എമാരുടെയും എംപിമാരുടെയും ശുപാര്‍ശയോടെ വന്ന അപേക്ഷകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫൗണ്ടേഷന് നേരിട്ട് നല്‍കും-രവിപിള്ള പറഞ്ഞു. രണ്ടര ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 40000 പേര്‍ക്ക് ഇപ്പോള്‍ സഹായം നല്‍കും. 15000 പേര്‍ക്ക് ആഗസ്റ്റു മാസവും സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളോടെ ബാക്കിയുള്ളവര്‍ക്കും സഹായം എത്തിക്കും.
ഉദ്ഘാടന ചടങ്ങില്‍ നോര്‍ക്ക വഴിയുള്ള രണ്ടുപേര്‍ക്കും ആര്‍പി ഫൗണ്ടേഷന് വഴിയുള്ള മൂന്നുപേര്‍ക്കും സഹായം വിതരണം ചെയ്യും. 200 പേരടങ്ങുന്ന സംഘം അപേക്ഷകള്‍ പരിശോധിച്ചാണ് അര്‍ഹരെ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുള്ള സഹായം, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സഹായം, പെണ്‍കുട്ടികളുടെ വിവാഹം, ചികിത്സാ ആവശ്യങ്ങള്‍, സാമ്പത്തിക പരാധീനതയുള്ള വിധവകകള്ക്കുള്ള സഹായവുമാണ് ആര്‍പി ഗ്രൂപ്പ് നല്‍കുന്നത്.
ജീവനക്കാരെ കൈവിടാതെ ആര്‍പി ഗ്രൂപ്പ്
കൊവിഡ് മഹാമാരിക്കാലത്ത് ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍, ജീവനക്കാരെ കൂടുതല്‍ കരുതലോടെ ചേര്‍ത്തു പിടിക്കുകയാണ് ആര്‍പി ഗ്രൂപ്പ് ചെയ്തത്. ഒന്‍പതു രാജ്യങ്ങളിലായുള്ള ആര്‍പി ഗ്രൂപ്പിന്റെ ബിസിനസ് ശൃംഖലയില്‍ ഒരുലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ബിസിനസ് മേഖലകളല്ലാം നിശ്ചലമായെങ്കിലും കഴിഞ്ഞ 18 മാസവും ആര്‍പി ഗ്രൂപ്പ് ജീവനക്കാര്‍ക്ക് ശമ്പളം അടക്കം എല്ലാ ആനുകൂല്യങ്ങളും നല്കി. ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിലും ആര്‍പി ഗ്രൂപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
വിദ്യാഭ്യാസ മേഖലയിലേക്ക് സഹായം
കൊവിഡ് കാലത്ത് വിദ്യാഭ്യാസം ഡിജിറ്റല്‍ മേഖലയിലേക്ക് മാറി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അന്യമായ നിരവധി പേരുണ്ട്. അത്തരക്കാരെ കണ്ടെത്തി സഹായം എത്തിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് രവിപിള്ള പറഞ്ഞു. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. സര്‍ക്കാര്‍ കൈമാറുന്ന പട്ടിക അനുസരിച്ചുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: