തൃശൂര്‍: ദിവസങ്ങള്‍ നീണ്ട സസ്പെന്‍സിന് വിരാമമിട്ട് കോടികളുടെ തിരിമറി നടന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ടി.ആര്. സുനില്‍കുമാര്‍ കീഴടങ്ങി. തൃശൂര്‍ പേരാമംഗലത്ത് വെച്ചാണ് സുനിലിനെ പിടികൂടിയത്.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലാണ് കരുവന്നൂര്‍ സഹകരണബാങ്കിന്റെ മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ കീഴടങ്ങിയത്. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ ആറ് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നേരത്തെ അയ്യന്തോളില്‍ ഒളിവില്ക്കഴി്ഞ്ഞിരുന്ന ആറ് പ്രതികളേയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ടായിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് ഈ ആറ് പ്രതികളെയും ഒളിച്ചുതാമസിച്ച ഫ്ലാറ്റില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ പിന്നീട് ക്രൈംബ്രാഞ്ച് തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. ആറ് പ്രതികളും ക്രൈംബ്രാഞ്ചിന്റെ രഹസ്യകസ്റ്റഡിയിലുണ്ടെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
പ്രതികള്‍ മുങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ വ്യാപകമായി വിമര്‍ശനവും സംശയവും ഉയര്‍ന്നിരുന്നു. ഇതിനിടെ ജനങ്ങള്‍ തന്നെ പ്രതികളുടെ ചിത്രങ്ങള്‍ വെച്ച് പ്രതീകാത്മകമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജനങ്ങളുടെയും പ്രതിപക്ഷരാഷ്ട്രീയപാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും സമ്മര്‍ദ്ദം ഏറിയപ്പോള്‍ നിവൃത്തിയില്ലാതെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ടി.ആര്, സുനില്‍കുമാര്‍, കരുവന്നൂര്‍ ബ്രാഞ്ച് മുന്മാനേജര് എം.കെ. ബിജു കരിം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ്, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കിരണ്‍, ബാങ്കിന്റെ കമ്മീഷന് ഏജന്റായി പ്രവര്‍ത്തിച്ച എ..കെ. ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ മുന്‍ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇഡിയും ഇടപെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: