തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്കെതിരേ തുറന്നടിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തൊഴില്‍ മേഖലയില്‍ പട്ടിണിയാണെന്ന രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശൈലജ, കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന സഹായം അപര്യാപ്തമാണെന്നും ജനങ്ങളുടെ സ്ഥിതി ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി. ഇന്നലെ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് ശൈലജ സര്‍ക്കാരിനെ വെട്ടിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടുന്ന അമര്‍ഷമാണ് ശൈലജയിലൂടെ പുറത്തുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശൈലജയെ, പിണറായി രണ്ടാം സര്‍ക്കാരില്‍ നിന്ന് വെട്ടിയിരുന്നു. തന്നെക്കാള്‍ പ്രതിച്ഛായ ശൈലജ കൈവരിച്ചതായിരുന്നു കാരണം.
ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ സഹായം അപര്യാപ്തമാണെന്നും പറഞ്ഞായിരുന്നു ശൈലജ വിമര്‍ശനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതുപോരെന്നാണ് നാട്ടിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. ചെറുകിട, പരമ്പരാഗത, അസംഘടിത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ പട്ടിണിയിലാണ്. കിറ്റുകളൊക്കെയുള്ളതുകൊണ്ട് അക്ഷരാര്‍ഥത്തില്‍ പട്ടിണിയില്‍ അല്ലെങ്കിലും ബാങ്ക് വായ്പാ തിരിച്ചടവും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
വാദ്യമേള തൊഴിലാളികള്‍, തെയ്യം കലാകാരന്മാര് തുടങ്ങി സൈക്കിള്‍ വാടകയ്ക്ക് നല്കുന്ന ഷോപ്പുകളിലെ തൊഴിലാളികള്‍ വരെ പട്ടിണിയിലാണ്. ഇവര്‍ക്കൊന്നും വരുമാനമില്ലാതായി. ഈ മേഖലകളിലേക്ക് സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണം. ഇവര്‍ക്ക് താത്ക്കാലികാശ്വാസമായി ക്ഷേമനിധിയില്‍ നിന്നു നല്കിയ 1000 രൂപ മതിയാകില്ല. കൈത്തറിയിലെ തൊഴില്‍ പുനഃസ്ഥാപിക്കണം, തൊഴില്‍ കുടിശ്ശിക നല്‍കണം. 30 ശതമാനം റിബേറ്റ് എന്നത് 10 ശതമാനം കൂടി ഉയര്‍ത്തണം. പ്രത്യേക പാക്കേജ് വേണം. പലിശരഹിത വായ്പ വേണമെന്നും ശൈലജ പറഞ്ഞു.
സിപിഎമ്മിനുള്ളിലെ ഗ്രൂപ്പ് ശക്തമാകുന്നതിന്റെ തെളിവാണ് ശൈലജയുടെ പ്രതികരണമെന്നാണ് സൂചന. കൊവിഡിന്റെ തുടക്കം മുതല്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനം തന്നെയാണ് ഇപ്പോള്‍ ശൈലജയും ഉന്നയിക്കുന്നത്. ശൈലജയുടെ പ്രതിച്ഛായയില്‍ പ്രകോപിതനായ മുഖ്യമന്ത്രി ഒന്നാം തരംഗത്തിന്റെ തുടക്കത്തില്‍ തന്നെ കൊവിഡ് പ്രതിരോധത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകാനുള്ള സാധ്യതാ പട്ടികയില്‍ ശൈലജ ഉണ്ടായിരുന്നു. എന്നാല്‍, സിപിഎമ്മിനുള്ളിലെ ചേരിപ്പോരില്‍ ശൈലജയെ മന്ത്രിയാക്കിയില്ല. പകരം പാര്‍ട്ടി വിപ്പായി ഒതുക്കി. പഴയ മന്ത്രി
മാരെയെല്ലാം ഒഴിവാക്കിയെങ്കിലും മുഖ്യമന്ത്രി തുടര്‍ന്നു. പിണറായിയുടെ ഏകാധിപത്യത്തില്‍ തോമസ് ഐസക്, ജി. സുധാകരന് അടക്കമുള്ള നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇവരുടെ കൂടി നീക്കമാണ് ശൈലജയുടെ വിമര്‍ശനത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: