ശാസ്താംകോട്ട: ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്ന പോരുവഴി അമ്പലത്തും ഭാഗം സഹ. ബാങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തി. ഇവര്‍ ബാങ്കിലേക്ക് തള്ളിക്കയറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബാങ്കിന്റെ ഇടയ്ക്കാട് ശാഖയിലും സമാന സ്ഥിതിയായിരുന്നു.
ഇന്നലെ മാത്രം ഒന്നരക്കോടിയോളം രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. കൂടുതല്‍ പേര് നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയെങ്കിലും വരും ദിവസങ്ങളില്‍ നിക്ഷേപത്തുക തിരികെ നല്കാമെന്നുള്ള ബാങ്ക് അധികൃതരുടെ മറുപടി സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. പണവുമായി മാത്രമേ മടങ്ങൂ എന്ന് ചിലര്‍ വാശി പിടിച്ചതോടെ വാക്കേറ്റവും ഒടുവില്‍ കൈയാങ്കളിയുമായി.
വിവരം അറിഞ്ഞെത്തിയ ചില സിപിഎം നേതാക്കള്‍ അനുനയ ചര്‍ച്ച നടത്തിയാണ് പ്രതിഷേധക്കാരെ മടക്കി അയച്ചത്. സ്ഥിരനിക്ഷേപം നടത്തിയവരുടെയും സ്വര്‍ണം പണയം വച്ചവരുടെയും വീടുകളില്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ അടക്കമുള്ള സിപിഎം നേതാക്കളെത്തി പണത്തിനും സ്വര്‍ണത്തിനും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഭൂരിഭാഗം പേരും തയ്യാറായിട്ടില്ല. സിപിഎം ഒത്തുതീര്‍പ്പു ശ്രമം പാളിയതിന്റെ തെളിവായിരുന്നു ഇന്നലെ ബാങ്കിലുണ്ടായ സംഭവങ്ങള്‍.
അതേസമയം, ബാങ്കിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നും വ്യാജ രേഖയുണ്ടാക്കി ലക്ഷങ്ങള്‍ കൈക്കലാക്കിയതായി സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നു.
ബാങ്കിലെ സീനിയര്‍ ക്ലര്‍ക്ക് സജിത്ത് കുമാര്‍, അക്കൗണ്ടന്റ് അനൂപ് മുരളീധരന് എന്നിവരാണ് നിലവില്‍ സസ്പെന്ഷനിലുള്ളത്. കഴിഞ്ഞ ദിവസം ബാങ്കില്‍ നടന്ന തെളിവെടുപ്പിനിടെ സാമ്പത്തിക ക്രമക്കേടില്‍ ബാങ്ക് ഭരണസമിതി അംഗങ്ങളായുള്ള സിപിഎം നേതാക്കള്‍ക്കും പങ്കുള്ളതായി പരാതി നല്‍കിയിരുന്നു. വെട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പ് സെക്ഷന്‍ 65 പ്രകാരമുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
സഹകരണ വകുപ്പ് അന്വേഷണത്തിന് സമാന്തരമായി ബാങ്ക് ഭരണസമിതി ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സിപിഎം നേതാവായ അഡ്വ.സൈജു കോശിക്കാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: