ആലപ്പുഴ: സിപിഎം ഭരിക്കുന്ന ആലപ്പുഴ കൈനകരി സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. സഹകരണ സംഘം സെക്രട്ടറിയും ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് തട്ടിയത് കര്‍ഷകരുടെ പണം. തട്ടിപ്പ് ഓഡിറ്റില്‍ കണ്ടെത്തിയെങ്കിലും സഹകരണ വകുപ്പ് നടപടികളെടുത്തില്ല. പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കിലെ പകല്‍ക്കൊള്ള സംബന്ധിച്ച് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചെങ്കിലും അനങ്ങാപ്പാറ നയമാണ് നേതൃത്വം സ്വീകരിച്ചതെന്നാണ് ആക്ഷേപം.
2010 മുതല്‍ 13 വരെയുള്ള നാലു വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്തപ്പോള്‍ ബാങ്കില്‍ 28,78,891 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. വളം, കീടനാശിനി, നീറ്റുകക്ക എന്നിവയുടെ സര്‍ക്കാര്‍ സബ്സിഡിയായി 69,38,962 രൂപയാണ് കൃഷി വകുപ്പില്‍ നിന്ന് കര്‍ഷകര്‍ക്ക് നല്കാന് അനുവദിച്ചത്. ഇതില്‍ 6,03,000 രൂപ കക്ക വാങ്ങിയതിന് സബ്സിഡിയാണ് നല്‍കിയത്. എന്നാല്‍, ബാങ്കില്‍ കക്ക വാങ്ങുകയോ വിതരണം ചെയ്യുകയോ ചെയ്തതിന്റെ രേഖകളില്ല. ഇതിന്റെ മറവില്‍ 14,52,506 രൂപ ബാങ്കിലെ ചില ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റി പിന്‍വലിച്ചു.
58,800 രൂപ ബാങ്കിന്റെ തന്നെ തനത് അക്കൗണ്ടിലേക്ക് മാറ്റി പിന്‍വലിച്ചതായും ഓഡിറ്റില്‍ കണ്ടെത്തി. 2012-13 കാലയളവില്‍ കൈനകരി ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ചേര്‍ന്ന് കുടുംബശ്രീക്കാര്‍ക്ക് ജൈവവള വിതരണം ചെയ്തതായി പറയുന്നു. പ്രദേശത്തെ ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം വഴി ജൈവവളം വിതരണം ചെയ്ത വകയില്‍ 2,27,500 രൂപ സേവന കേന്ദ്രത്തില്‍ നല്‍കിയതായാണ് പറയുന്നത്. എന്നാല്‍ ഈ തുകയെ സംബന്ധിച്ചുള്ള വരവോ രേഖപ്പെടുത്തലുകളോ ബാങ്കിന്റെ നാള്വഴിയിലോ ക്യാഷ് ബുക്കിലോ ഇല്ല. ഈ തുകയും അപഹരിച്ചതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അഗ്രോ സെയില്‍സ് സ്ഥാപനത്തില്‍ നിന്ന് കീടനാശിനി വാങ്ങിയ വകയില്‍ 44,050 രൂപ തട്ടിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു ചാക്ക് വളം വില്ക്കുമ്പോള് അഞ്ചു രൂപ ചുമട്ടുതൊഴിലാളികള്‍ക്ക് എന്ന പേരില്‍ ഉപഭോക്താവില്‍ നിന്ന് ബാങ്ക് ഈടാക്കി. ഇത്തരത്തില്‍ സമാഹരിച്ച 63,258 തൊഴിലാളികള്‍ക്ക് നല്‍കാതെ അതും മുക്കി. വളം, കീടനാശിനി, കക്ക എന്നിവ വിറ്റതിന്റെ മറവില്‍ സംഘം സെക്രട്ടറിയായിരുന്ന സുധിമോന്‍ തട്ടിപ്പ് നടത്തിയതായി ഓഡിറ്റില്‍ സൂചിപ്പിക്കുന്നു. സിപിഎം തകഴി ഏരിയ കമ്മിറ്റി അംഗവും, കര്‍ഷക സംഘം ആലപ്പുഴ ജില്ല ജോ. സെക്രട്ടറിയുമാണ് തട്ടിപ്പിന് നേതൃത്വം നല്കിയ സുധിമോന്‍.
അതേസമയം, ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തട്ടിപ്പുകള്‍ കൃത്യമായി രേഖപ്പെടുത്തിയെങ്കിലും നടപടി എടുക്കാന്‍ സഹകരണ വകുപ്പ് തയ്യാറായില്ല. സിപിഎം കൈനകരി ലോക്കല്‍ കമ്മിറ്റി നേതൃത്വം നല്കുന്ന ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് ജില്ല സെക്രട്ടറിക്ക് നിരവധി തവണ പരാതി ലഭിച്ചെങ്കിലും നേതൃത്വം മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: