ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങും മുന്‍പ് മുതിര്‍ന്ന നേതാവ് ജി. സുധാകരനുമായി അടുപ്പം പുലര്‍ത്തുന്നവരെ വെട്ടിനിരത്താന്‍ സിപിഎമ്മിലെ പ്രബല വിഭാഗം നീക്കം തുടങ്ങി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം കെ. രാഘവന് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചകളുടെ പേരില്‍ മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ആസൂത്രിത നീക്കം തുടങ്ങിക്കഴിഞ്ഞു.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല പ്രസാദിനായിരുന്നു. അടുത്ത മാസത്തോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനാണ് സാധ്യത. അതിന് മുന്‍പ് തന്നെ ജില്ലയിലെ സുധാകര പക്ഷത്തിന്റെ ചിറക് അരിയുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടിയില്‍ പുതുതായി രൂപം കൊണ്ട ചേരി നീങ്ങുന്നത്.
ഞായറാഴ്ച നടന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ ആകെ 40 അംഗ ങ്ങളില്‍ 35 പേരും ജി. സുധാകരനെതിരായ സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനരേഖ അംഗീകരിച്ചത് പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ മാറിയതിന്റെ തെളിവാണ്. മുന്‍പ് വിഎസ് പക്ഷത്തെ വെട്ടിനിരത്തിയതിന് സമാനമാണ് ഇപ്പോള്‍ സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും എതിരായ നീക്കങ്ങള്‍. സിപിഎം നിയന്ത്രണത്തിലുള്ള പടനിലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഫണ്ട് തിരിമറി ആരോപണത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവന് ഉള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി നീക്കം. സംഭവത്തില്‍ ഇവര്‍ക്ക് വീഴ്ച സംഭവിച്ചതായി പാര്‍ട്ടി അന്വേഷണക്കമ്മീഷന് കണ്ടെത്തി. 1.63 കോടിയുടെ വിനിയോഗവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. സ്കൂള്‍ മാനേജരായിരുന്ന മനോഹരന്, ഏരിയ കമ്മിറ്റി അംഗം രഘു എന്നിവരാണ് മറ്റ് രണ്ട് നേതാക്കള്‍.
ആരോപണ വിധേയരില്‍ നിന്ന് ഉടന്‍ വിശദീകരണം തേടും. ഇതിനുശേഷം തുടര്‍നടപടി തീരുമാനിക്കും. 2008 മുതല്‍ സ്കൂളില്‍ നടന്ന നിയമനങ്ങള്‍, അഡ്മിഷന് എന്നിവ വഴി ലഭിച്ച തുക വിനിയോഗത്തിലാണ് ക്രമക്കേട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാന്, എ. മഹേന്ദ്രന് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന് അംഗങ്ങള്‍.
എന്നാല്‍ കെ. രാഘവനെതിരെയുള്ള കമ്മീഷന് റിപ്പോര്‍ട്ട് ചില നേതാക്കളുടെ പുതിയ നീക്കമാണെന്ന് ഒരു വിഭാഗം പറയുന്നു. 2008 മുതല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിപ്പോര്‍ട്ടുമായി വന്നതിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം. പാര്‍ട്ടി ലൈന്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ടല്ല കമ്മിഷന്റേതെന്നും വിമര്‍ശനമുയര്‍ന്നു. സുധാകരനുമായി അടുപ്പം പുലര്‍ത്തുന്നതിന്റെ പേരില്‍ ക്രൂശിക്കാനുള്ള ചിലരുടെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും ആക്ഷേപം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: