ഡോ.എസ്.എസ്. കൈമള്‍
ടോക്കിയോ ഒളിമ്പിക്സിനുള്ള ദേശീയ ടീമിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിനങ്ങളില്‍ മെഡല്‍ സാധ്യതയുള്ള വാഗ്ദാനമാണ് 22 കാരനായ ലോങ്ജമ്പര്‍ മുരളീ ശ്രീശങ്കര്‍. ഈ വര്‍ഷം മാര്‍ച്ചില്‍ പാട്യാലയില്‍ നടന്ന ഫെഡറേഷന് കപ്പ് മത്സരത്തില്‍ 8.26 മീറ്റര്‍ താണ്ടിയ ഈ പാലക്കാട്ടുകാരന്, ലോക റാങ്ക് ലിസ്റ്റില്‍ 12-ാം സ്ഥാനത്താണ് (2021 ജൂലൈ എട്ട് വരെയുള്ള കണക്കനുസരിച്ചാണീ പട്ടിക). ഇതേ ദൂരം പിന്നിട്ട (8.26) വേറെ രണ്ടുപേര്‍ 10, 11 റാങ്കുകളിലുണ്ട്. സത്യത്തില്‍, കാറ്റിന്റെ വേഗം കൂടി കണക്കാക്കിയാല്‍ ശങ്കര്‍ 10-ാം റാങ്കില്‍ വരേണ്ടതാണ്. സെക്കന്‍ഡില്‍ 0.3 മീറ്റര്‍ ആയിരുന്നു കാറ്റിന്റെ വേഗത. മറ്റുള്ളവരുടേത് ഇതിലും കൂടുതലാകയാല്‍ ശങ്കറിനാണ് പട്ടികയില്‍ ഉയര്‍ന്ന സ്ഥാനം കിട്ടേണ്ടിയിരുന്നത്. ഏതായാലും 8.40 മീറ്ററോ അതില്‍ കൂടുതലോ ക്ലിയര്‍ ചെയ്യുന്നവര്‍ക്കായിരിക്കും ടോക്കിയോയില്‍ മെഡല്‍ ലഭിക്കുക. ശ്രീശങ്കറില്‍ പ്രതീക്ഷ വയ്ക്കാം. നമ്മുടെ ശ്രദ്ധയും കരുതലും പ്രാര്‍ത്ഥനയും ശങ്കറിനു വേണ്ടി ഉണ്ടായിരിക്കട്ടെ.
ചില സാങ്കേതിക വസ്തുതകള്‍ പങ്കുവയ്ക്കട്ടെ
1) പാട്യാലയിലെ മത്സരത്തില്‍ ശ്രീശങ്കറിന്റെ എല്ലാ ചാട്ടങ്ങളും എട്ട് മീറ്ററിനു മീതെയായിരുന്നു.
2) ഒരു ശ്രമം പോലും ഫൗളായില്ല.
3) ആറാമത്തെ-അവസാന ശ്രമം-ചാട്ടം ഒഴിവാക്കിയത്, മനഃശാസ്ത്ര അപഗ്രഥനത്തിനു വിധേയമാക്കിയാല്‍, ശങ്കറിന് വലിയ ശുഭസൂചനയാണത്. ചില ഉപാധികള്‍ കൂടി സ്വീകരിച്ചാല്‍ ശങ്കറിന് ഒരു 35 മുതല്‍ 45 സെന്റീമീറ്റര്‍ കൂടി അധികം പിന്നിടാന്‍ കഴിയേണ്ടതാണ്. ആ തലത്തിലേക്ക് മാനസികമായ തയ്യാറെടുപ്പും റിഹേഴ്സലും അത്യാവശ്യവുമാണ്.
പാട്യാലയില്‍ ഒരു ഫൗളും വരാതെ ചാടിയ അഞ്ചിലും എട്ട് മീറ്ററിനു മീതെ കടക്കാന്‍ കഴിഞ്ഞ സ്വാനുഭവം നല്കുന്ന അതേ ആത്മവിശ്വാസമായിരിക്കണം ശങ്കറിന്റെയും മുഴുവന്‍ ഭാരതത്തിന്റേയും ചാലകശക്തിയും, ഊര്‍ജസ്രോതസ്സും. അതിപ്രധാനം മാനസിക തയ്യാറെടുപ്പാണ്. സദാചിന്തയെന്ന തപഃശ്ചര്യയിലൂടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയും. ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റുകളില്‍പോലും, ”ഒളിമ്പിക്സ് മെഡല്‍ കിട്ടിയേ അടങ്ങൂ”എന്നു മനസ്സില്‍ ശാഠ്യം പിടിച്ച ഒരാളെ എനിക്ക് പരിചയമില്ല. ഇതു പറയുമ്പോള്‍, മില്‍ഖാ സിങ്ങും ജി.എസ്. രണ്‍ന്ധാവയും, ശ്രീറാം സിങ്ങും പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും ഒക്കെ മനസ്സിലുണ്ട്. ഏകാഗ്രതയെ ആവാഹിക്കാന്‍ കഴിഞ്ഞാലേ വിശ്വവിജയങ്ങള്‍ കൈപ്പിടിയിലാക്കാന്‍ കഴിയൂ. അതായിരിക്കട്ടെ ശ്രീശങ്കറിന്റെ പരിശീലകനും പിതാവുമായ മുരളിയുടെയും അനുഷ്ഠാനം. ഏറ്റവും പ്രധാനപ്പെട്ട വസ്തുത: ശ്രീശങ്കര്‍ ഒന്നാം ശ്രമത്തില്‍ത്തന്നെ യോഗ്യതാ ദൂരം പിന്നിട്ടേ മതിയാകൂ. പിന്നീടുള്ള ചാട്ടങ്ങളിലോരോന്നിലും ‘ഡു ഓര് ഡൈ’ എന്ന ഏറ്റവും ശുഭദായകമായ മത്സരതന്ത്രം പയറ്റാനുള്ള അത്യല്‍ഭുതകരമായ ഉപാധിയാണിത്. ധ്യാന സമാനമായ നിരന്തര ചിന്തയിലൂടെ ഈ മഹാനുഗ്രഹം സാക്ഷാത്കരിക്കാന്‍ കഴിയും. ഏറ്റവും വിശ്വസ്തവും ഹ്രസ്വവുമായ റണ്ണപ്പ് ദൂരവും രീതിയുമേ കടിഞ്ഞൂല്‍ ശ്രമത്തില്‍ വിനിയോഗിക്കാവൂ. അങ്ങനെ ഓരോ മത്സരത്തിലും തന്നെ സാധ്യതാ ദൂരം അഥവാ യോഗ്യതാ ദൂരം പ്രഥമ ശ്രമത്തില്‍ തന്നെ കൈവരിക്കാനുള്ള അദ്ഭുത സിദ്ധി സ്വന്തമാക്കാന്‍ കഴിയണം. തുടര്‍ന്നുള്ള എല്ലാ ശ്രമങ്ങളിലും സാഹസികമായ സമീപനവും പരീക്ഷണങ്ങളും തന്ത്രങ്ങളും ആവിഷ്കരിക്കാനുള്ള അനുകൂല സാഹചര്യം ആര്‍ജിക്കാനുള്ള അടിസ്ഥാന യോഗ്യതയാണ് കടിഞ്ഞൂല്‍ ശ്രമത്തില്‍ത്തന്നെ കലാശ മത്സരപ്പട്ടികയില്‍പ്പെടാനുള്ള അവസരം. ഈ ഉപാധി ദൂരച്ചാട്ടങ്ങളിലെ അത്യുദാത്തവും അത്യുല്‍കൃഷ്ടവുമായ വസ്തുത ഉപാധി.
വാമപ്പു ചെയ്തു കഴിഞ്ഞാല്‍ അവസാനത്തെ ചാട്ടം വരെ ശാരീരികോഷ്മാവ് ഉയര്‍ത്തിക്കൊണ്ടിരിക്കണം. ഒരു പരിധി കഴിഞ്ഞാല്‍ ശാരീരിക താപം പിന്നീട് വര്‍ധിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ആര്‍ജിച്ച താപം നിലനിര്‍ത്തിയെ മതിയാവൂ. പലരും ഇക്കാര്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ അനുഷ്ഠിക്കാന്‍ വിമുഖരാണ്. ഫലം, ഓരോ ചാട്ടവും കൂടുന്നതിനു പകരം, കുറയുകയോ താളം തെറ്റുകയോ പരിക്കുകള്‍ക്കിരയാവുകയോ ചെയ്യും. ഇക്കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിച്ച് അനുഷ്ഠിച്ചാല്‍ ശ്രീശങ്കര്‍ 8.50 മീറ്റര്‍ ചാടിയാല്‍ പോലും അദ്ഭുതപ്പെടേണ്ടതില്ല.
വാല്‍ക്കഷ്ണം: ഇനിയും ഒരു മൂന്നോ നാലോ ഒളിമ്പിക്സുകളില്‍ കൂടി പങ്കെടുക്കാനും ഒന്നിലേറെ മത്സര ഇനങ്ങളില്‍ ഓരേ വേദിയില്‍നിന്നു തന്നെ രണ്ടു മെഡലുകള്‍ പോലും നേടാനും ‘ബാല്യം’ ഉള്ള ശ്രീശങ്കര്‍, ട്രിപ്പിള്‍ജമ്പിലെ ലോക-ഒളിമ്പിക്സ് റെക്കാര്‍ഡുടമയും ജേതാവുമായ ബ്രിട്ടന്റെ ജൊനാഥനെക്കുറിച്ചു പഠിച്ചാല്‍ അതൊരു വലിയ അനുഗ്രഹമായിരിക്കും. 21 വയസ്സിനുശേഷമാണദ്ദേഹം ട്രിപ്പിള്‍ ജമ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. 2000ലെ സിഡ്നി ഒളിമ്പിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ അദ്ദേഹത്തിന് 34 വയസ്സായിരുന്നു. പരുക്കുകള്‍, മുരടിപ്പ് ഇതൊന്നും ജൊനാഥന്റെ കരിയറിനെ ബാധിച്ചില്ല. ഇത്തരം സത്യങ്ങള്‍ പഠിക്കാന്‍ നമ്മുടെ താരങ്ങളും അധികൃതരും പരിശീലകരും തയ്യാറാകണം. ടിന്റു ലൂക്കയും പ്രീജാ ശ്രീധരനും ജിന്സണ് ജോണ്‍സണുമൊക്കെ (അവരുടെ പരിശീലകരും) ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടാല്‍, ഭാരതത്തിലെ മുഴുവന്‍ കായികതാരങ്ങള്‍ക്കും ഗുണപാഠമായിത്തീരും. 2024ലെ പാരീസ് ഒളിമ്പിക്സില്‍ ദൂരച്ചാട്ടങ്ങളില്‍ രണ്ടിലും ശ്രീശങ്കറിന്റെ സാധ്യത ഏറെയാണ്. അത് നാളത്തെക്കാര്യം.
ചില സ്ഥിതിവിവര വസ്തുതകള്‍:
2021 ജൂലൈ എട്ട് വരെയുള്ള റാങ്ക് പട്ടിക:
ലോകത്താകമാനം 8.03 മീറ്ററില്‍ കൂടുതല്‍ ചാടിയവര്‍ 49 പേരാണ്. ഒന്നാം റാങ്കുകാരന് ചാടിയ ദൂരം 8.60 മീറ്റര്‍. ഒന്നു മുതല്‍ താഴേയ്ക്കു 12 വരെയുള്ള റാങ്കുകാരുടെ ചാട്ടം 8.60 മീറ്റര്‍ മുതല്‍ 8.26 മീറ്റര്‍ വരെയാണ്. യഥാക്രമം 8.60/8.47/8.39/8.39/8.39/8.38/8.38/8.36/8.34/8.29/8.28/8.27/ 8.26/8.26/8.26 എന്ന ക്രമത്തിലാണ്.
മൂന്നാം സ്ഥാനക്കാരന്റെ ദൂരം 8.39 മീറ്ററാകയാല്‍ 8.40 മീറ്റര്‍ എങ്കിലും മറികടന്നാല്‍ മെഡല്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: