തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ മലയാളം മഹാനിഘണ്ടു(ലെക്സിക്കന്‍) മേധാവിയെ നിയമിക്കുന്നതിനുള്ള യോഗ്യതാമാനദണ്ഡം സംസ്കൃതം ഡോക്ടറേറ്റ് മതിയെന്ന് തിരുത്തിയ രജിസ്ട്രാര്‍ തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലും ഉണ്ടായിരുന്നതായി കണ്ടെത്തല്‍. കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരമാണ് രജിസ്ട്രാര്‍ യോഗ്യതാമാനദണ്ഡം തിരുത്തിയതെന്നും ആരോപണമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആര്. മോഹനന്റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനാണ് മലയാള മഹാനിഘണ്ടു മേധാവിയായി നിയമനം ലഭിച്ചത്. കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ സംസ്കൃതം അധ്യാപികയായിരുന്നു ഇവര്‍. സര്‍വ്വകലാശാല ഓര്‍ഡിനന്‍സ് അനുസരിച്ച് മലയാളത്തിലെ മഹാനിഘണ്ടു എഡിറ്റര്‍ക്ക് വേണ്ട യോഗ്യത മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ്. ഈ ഓര്‍ഡിനന്‍സ് തിരുത്തി, സംസ്കൃത ഭാഷയില്‍ ഗവേഷണബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന ഉത്തരവിറക്കിയത് അന്നത്തെ രജിസ്ട്രാറായാ ഡോ. സി.ആര്. പ്രസാദാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണ്ണിമാ മോഹന്‍ നിയമനം നല്കിയ ഇന്റര്‍വ്യൂ ബോര്‍ഡിലും രജിസ്ട്രാര്‍ ഡോ. സി.ആര്. പ്രസാദ് അംഗമായിരുന്നു. നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്ന പരസ്യം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചോ എന്ന ചോദ്യത്തിന് സര്‍വ്വകലാശാല കൃത്യമായ ഉത്തരം നല്‍കുന്നില്ല. മാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം.
ഡോ. പൂര്‍ണിമ മോഹന്‍ മാത്രമാണ് ഈ ജോലിക്ക് അപേക്ഷിച്ചിരുന്നതെന്നും സംശയം ബലപ്പെടുത്തുന്നു. അതേ സമയം വിദഗ്ധരുടെ സമിതിയാണ് നിയമനം നടത്തിയതെന്ന് കേരള സര്‍വ്വകലാശാല വിസി ഡോ. മഹാദേവന് വിശദീകരിച്ചു.
ഈ നിയമനത്തെക്കുറിച്ച് നേരത്തെ സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ട്.
ഈ പദവിയില്‍ ഇരുന്നിരുന്ന മലയാളം പ്രൊഫസറെ ചുമതലയില്‍ നിന്നും നീക്കം ചെയ്തതിന് ശേഷമാണ് വിവാദ നിയമനം ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് മലയാളം ലെക്സിക്കന്‍ എഡിറ്റര്‍മാരായി ഇരുന്നിട്ടുള്ളത് മലയാളം പണ്ഡിതന്മാരായ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ.ആര്.ഇ. ബാലകൃഷ്ണന്, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരന്‍നായര്‍ എന്നീ വിശാരദന്മാരാണ്. മറ്റൊരു ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിക്ക് എങ്ങിനെയാണ് മുതിര്‍ന്ന മലയാളം പ്രൊഫസറെ ഒഴിവാക്കിയ ശേഷം ആ പദവിയില്‍ നിയമനം നല്‍കിയതെന്നാണ് സേവ് യൂണിവേഴ്സിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജര്‍ഖാനും ചോദിക്കുന്നത്.
“മലയാളം ലെക്സിക്കന്‍ മേധാവിയുടെ ചുമതല സംസ്കൃത അദ്ധ്യാപികയെ ഏല്‍പ്പിക്കാന്‍ മാത്രം ദാരിദ്ര്യം മലയാളത്തിനു വന്നിരിക്കുമോ? അഥവാ ഏതു തസ്തികയിലും സര്‍ക്കാര്‍ ബന്ധുക്കള്‍ക്ക് യോഗ്യത നോക്കാതെ നിയമനം നല്‍കാമെന്ന് ചട്ടങ്ങള്‍ തിരുത്തിക്കാണുമോ ആവോ! “-ഡോ. ആസാദ് ഒരു പ്രസ്താവനയില്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: